ഇടപെട്ടത് ആസാദിനെ ഗവർണർ തെറ്റായി ഉദ്ധരിച്ചതിനാൽ –ഇർഫാൻ ഹബീബ്
text_fieldsകണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടന പ്രസംഗത്തിൽ അബുൽകലാം ആസാദിനെ തെറ്റായി ഉദ്ധരിച്ചപ്പോഴാണ് ഇടപെടേണ്ടി വന്നതെന്ന് പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ മുസ്ലിംകൾ ചെളിക്കുണ്ടിലാണ് എന്നാണ് അബുൽകലാം ആസാദിനെ ഉദ്ധരിച്ച് ഗവർണർ പറഞ്ഞത്. ആസാദ് ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ആസാദിനെയല്ല, ഗോദ്സെയെ ഉദ്ധരിച്ച് സംസാരിക്കാമെന്ന് ഗവർണറോട് പറയേണ്ടി വന്നത്. നുണ പ്രചരിപ്പിക്കുന്നതിൽ ഗവർണർ അദ്ദേഹത്തിെൻറ യജമാന്മാരെ നല്ലപോലെ പിന്തുടരുന്നയാളാണ് എന്നാണ് മനസ്സിലാകുന്നത്. ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങിൽ സംഘർഷമുണ്ടാക്കിയത് താനാണെന്ന ഗവർണറുടെ ആരോപണവും ഇർഫാൻ ഹബീബ് തള്ളി. 88കാരനായ തനിക്ക് ആരെയും മർദിക്കാനാവില്ല. എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം.
കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, എനിക്ക് സർക്കാർ നൽകിയ എല്ലാ അംഗീകാരവും തിരിച്ചെടുക്കാം. ഒന്നിനെയും പേടിക്കുന്നില്ല. ഞാൻ ക്രിമിനലായിരിക്കാം. പക്ഷേ, പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാൻ എനിക്കാവില്ല. പൗരത്വ നിയമ ഭേദഗതി ന്യായീകരിക്കാൻ ഖുർആൻ ഉദ്ധരിക്കുന്ന ഗവർണർ, പൗരത്വം സംബന്ധിച്ച് ഖുർആനിൽ ഒന്നും പറയുന്നില്ലെന്ന് മനസ്സിലാക്കണം. പ്രവാചകൻ മുഹമ്മദിെൻറ കാലത്ത് പൗരത്വം നിലവിലുണ്ടായിരുന്നില്ലെന്നും ഇർഫാൻ ഹബീബ് ചൂണ്ടിക്കാട്ടി.
ചരിത്ര കോൺഗ്രസ് സമാപിച്ചു
കണ്ണൂർ: ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ പ്രോട്ടോകോൾ ലംഘനം നടത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണെന്ന് ചരിത്ര കോൺഗ്രസ് എക്സിക്യൂട്ടിവ് കമ്മിറ്റി. ഗവർണർക്കെതിരെ ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് വ്യക്തമാക്കിയ കമ്മിറ്റി, സമ്മേളന പ്രതിനിധികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ പ്രമേയവും പാസാക്കി. കസ്റ്റഡിയിലെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് ൈകമാറരുത്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടി പൊലീസിൽനിന്ന് ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യത്തിൽ പൊലീസിന് പരിശീലനം നൽകണമെന്നും പ്രമേയത്തിൽ പറഞ്ഞു.
ചരിത്രം നാള്‍ക്കുനാള്‍ നവീകരിക്കണമെന്ന സന്ദേശം മുന്നോട്ടുവെച്ച് 80ാമത് ദേശീയ ചരിത്ര കോണ്‍ഗ്രസ് സമാപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച കാമ്പസുകളിലെ പൊലീസ് നടപടി, കശ്മീരിലെ ജനാധിപത്യ നിഷേധം തുടങ്ങിയ വിഷയങ്ങളിലും ചരിത്ര സ്മാരകങ്ങൾ വാണിജ്യവത്കരിക്കുന്നതിനെതിരെയും ചരിത്ര കോൺഗ്രസ് പ്രേമയം പാസാക്കി. മൂന്നു ദിവസത്തെ സമ്മേളനത്തിൽ 1200 ഓളം പ്രബന്ധങ്ങളാണ് ആറ് വ്യത്യസ്ത വിഷയങ്ങളിലായി അവതരിപ്പിച്ചത്. പ്രശസ്ത ചരിത്രകാരന്മാരായ ഇര്ഫാന് ഹബീബ്, അമിയ കുമാര്‍ ബാഗ്ചി, മഹാലക്ഷ്മി രാമകൃഷ്ണന്, ഡോ. കെ.കെ.എന്‍. കുറുപ്പ്, പ്രഫ. രാജന് ഗുരുക്കള്‍, പ്രഫ. രാജന് വെളുത്താട്ട് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രബന്ധാവതരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.