ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശലമേളക്ക് നാളെ തുടക്കം
text_fieldsപയ്യോളി (കോഴിക്കോട്): ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായ ഇരിങ്ങൽ സർഗാലയയിൽ നടക്കുന്ന അന്താരാഷ്ട്ര കരകൗശലമേളക്ക് വ്യാഴാഴ്ച തുടക്കമാവും. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി നിർത്തിവെച്ച മേള 2019 വരെ തുടർച്ചയായി ഒമ്പത് വർഷവും വിജയകരമായി നടത്തിയിരുന്നു. ഇത്തവണ മേളയുടെ വിജയത്തിനായി വിപുലമായ ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. കാനത്തിൽ ജമീല എം.എൽ. എ . അധ്യക്ഷത വഹിക്കും. 10 വിദേശ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിൽ നിന്നുമായി 500ലധികം കരകൗശലവിദഗ്ധരാണ് മേളയിൽ പങ്കെടുക്കുക. 19 ദിവസങ്ങളിലായി രണ്ട് ലക്ഷത്തിലധികം പേർ മേളയിൽ എത്തുമെന്നാണ് പ്രതീക്ഷ. മേള ജനുവരി ഒമ്പതിന് സമാപിക്കും.
ഒരേ സമയം 540 വാഹനങ്ങൾക്ക് വരെ പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയതായും സംഘാടകർ അറിയിച്ചു. കേന്ദ്ര വിനോദ സഞ്ചാര - ടെക്സ്റ്റൈൽസ് - കരകൗശല വകുപ്പിന്റെയും സംസ്ഥാന വിനോദ സഞ്ചാരവകുപ്പിെന്റയും നബാർഡിൻന്റെയും നേതൃത്വത്തിലാണ് കരകൗശലമേള സംഘടിപ്പിക്കുന്നത്.
വാർത്ത സമ്മേളനത്തിൽ പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, കൗൺസിലർ അഷറഫ് കോട്ടക്കൽ, സർഗാലയ സി.ഇ.ഒ പി.പി. ഭാസ്കരൻ, ജനറൽ മാനേജർ ടി.കെ. രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി. സുരേഷ് ബാബു, കോഡിനേറ്റർ കെ.കെ. ശിവദാസൻ എന്നിവർ പങ്കെടുത്തു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.