കടലിൽ നനഞ്ഞ് ഇറോം, ജീവിതത്തിലാദ്യമായി...
text_fields
കോഴിക്കോട്: ആർത്തലക്കുന്ന തിരകളെ നോക്കി കടപ്പുറത്തെ മണലിൽ ഇറോം ശർമിള ഇരുന്നു. തിരകളൊഴിഞ്ഞതുപോലെ ശാന്തമായിരുന്നു മുഖം. ആയുസ്സിലാദ്യമായി കടൽ കാണുകയായിരുന്നു മണിപ്പൂരിെൻറ പോരാട്ട നായിക. പിഞ്ചുകുഞ്ഞിെൻറ നിഷ്കളങ്കതയും നൈർമല്യവും നിറഞ്ഞ കണ്ണുകളിലും മറ്റൊരു കടലിരമ്പി. സുഹൃത്തുക്കളായ നജ്മ ബീബിക്കും ബഷീർ മാടാലക്കുമൊപ്പം ഇന്നലെ രാവിലെ 6.45നാണ് ഇറോം ശർമിള കോഴിക്കോട് കടപ്പുറത്തെത്തിയത്.
മെറൂൺ നിറത്തിലുള്ള പരമ്പരാഗത മണിപ്പൂരി വേഷവും സ്കാർഫും ധരിച്ച് തോളിലൊരു തുണിസഞ്ചിയുമായി വന്ന ഇറോമിനെ തിരിച്ചറിഞ്ഞ് പ്രഭാതസവാരിക്കാർ ചുറ്റുംകൂടി. ആളുകളുടെ എണ്ണം കൂടിയപ്പോൾ പതിയെ എഴുന്നേറ്റ് വടക്കുഭാഗത്തെ കടൽപാലം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. ഇടക്ക് തീരത്ത് കൂട്ടമായി എത്തിയ കൊക്കുകളെ കൗതുകത്തോടെ നോക്കിനിന്നു. മാലിന്യം ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി താഴെ വീണു, നിമിഷാർധത്തിനുള്ളിൽ പുഞ്ചിരിയോടെ കൈകുത്തി എഴുന്നേറ്റു. ഒപ്പമുള്ളവർ അന്ധാളിച്ചുനിൽക്കുന്നതിനിടെ നജ്മ ബീബി മണിപ്പൂരി ഭാഷയിലെന്തോ തമാശ പങ്കുവെച്ചു. പൊട്ടിച്ചിരിയിലേക്കുണർന്ന ഇറോമിെൻറ മുഖത്തപ്പോൾ വീഴ്ചയിലും പതറാത്ത ആത്മവിശ്വാസം.
കടലിൽ വലയെറിയാനെത്തിയ മത്സ്യത്തൊഴിലാളി നാസറിനെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു. അയാൾ മത്സ്യവല ഒരുക്കുന്നതു കണ്ടപ്പോൾ കൗതുകം.
ലോകമറിയുന്ന സമരപോരാളിയെ ഹസ്തദാനം ചെയ്ത് പിരിയുമ്പോൾ നാസറിെൻറ മുഖത്തും അഭിമാനം. ചുറ്റും കൂടിയവർക്കൊപ്പം ഫോട്ടോ എടുക്കാനും അവർ സമയം കണ്ടെത്തി. രണ്ടുമണിക്കൂറുകൊണ്ട് അറബിക്കടലിനെയാകെ ഹൃദയത്തിലാവാഹിച്ച് മടങ്ങുമ്പോൾ 45കാരിയായ ഇറോം കൊച്ചുകുട്ടിയെപ്പോലെ വിളിച്ചുപറഞ്ഞു; ‘‘സീ ഇസ് ദ വണ്ടർഫുൾ ക്രിയേഷൻ ഓഫ് ഗോഡ്!’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.