ഇരുചക്രവാഹന റാലിയിൽ ആവേശം വിതറി ഇറോം ശർമിള
text_fieldsപാലക്കാട്: തെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അനുസ്മരിക്കും വിധം സൈക്കിളിൽ ഇറോം ശർമിള പാലക്കാട്ടെ തിരക്കേറിയ കോർട്ട് റോഡിൽ എത്തി. പ്രചാരണ സമയത്ത് ഒറ്റക്കായിരുന്നു സൈക്കിളിൽ യാത്രയെങ്കിൽ ഇത്തവണ അതായിരുന്നില്ല അവസ്ഥ. തെൻറ പോരാട്ടത്തിന് ഐക്യദാർഡ്യം അറിയിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ വിളിക്കുന്ന നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടി സേവിച്ചാണ് മണിപ്പൂരിെൻറ ഉരുക്കുവനിത പാലക്കാട് സുൽത്താൻപേട്ട ജങ്ഷൻ മുതൽ അഞ്ചുവിളക്ക് വരെ സൈക്കളോടിച്ചത്.
രാജ്ഗുരു, ഭഗത് സിങ്, സുഖ്ദേവ് രക്തസാക്ഷി അനുസ്മരണത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇരുചക്രവാഹന റാലിയിലാണ് ഇറോം ശർമിള സൈക്കിളോടിച്ച് എത്തിയത്. സൈക്കിളിൽ ഇറോം ശർമിള കോട്ടമൈതാനത്തേക്ക് എത്തിയതോടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ അവരെ സ്വീകരിച്ചു. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് അനുസ്മരണ വേദിയിലേക്കെത്തിയത്. പാലക്കാട് വിക്ടോറിയ കോളജ് പരിസരത്തുനിന്നായിരുന്നു ഇരുചക്രവാഹന റാലി ആരംഭിച്ചത്. ഇറോം ശർമിളയുടെ സുഹൃത്തായ നജീമാബീബിയും റാലിയിൽ പങ്കെടുത്തു.
അനുസ്മരണ സമ്മേളനം ഇറോം ശർമിള ഉദ്ഘാടനം ചെയ്തു. തനിക്ക് ഇപ്രകാരമൊരു വരവേൽപ്പ് ഒരുക്കിയതിന് നന്ദി പറഞ്ഞാണ് ഇറോം സംസാരിച്ച് തുടങ്ങിയത്. ദീർഘനേരം സംസാരിക്കാനുള്ള പ്രയാസം കാരണം രക്തസാക്ഷി അനുസ്മരണം താൻ ഉദ്ഘാടനം ചെയ്തു എന്ന് പറഞ്ഞ് സംസാരം അവസാനിപ്പിക്കുകയായിരുന്നു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പി.കെ. പോക്കർ മുഖ്യപ്രഭാഷണം നടത്തി. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് ടി.എം. ശശി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.