പെരിയാറിനെ നശിപ്പിക്കുന്നത് അധികാരവും സ്വാധീനവുമുള്ളവർ –ഇറോം ശർമിള
text_fieldsകൊച്ചി: പെരിയാർ നദിയെ നശിപ്പിക്കുന്നതും വിഷമയമാക്കുന്നതും അധികാരവും സ്വാധീനവുമുള്ളവരാണെന്ന് മണിപ്പൂർ സമരനായിക ഇറോം ശർമിള. പെരിയാർ മലിനീകരണത്തിനെതിരെ വിവിധ സംഘടനകൾ നടത്തിയ വിഷജല വിരുദ്ധ പ്രക്ഷോഭത്തിെൻറ സമാപനം മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
റിസോർട്ടുകളും സ്വിമ്മിങ് പൂളുകളും നിർമിക്കാനാണ് നദിയെ നശിപ്പിക്കുന്നത്. മണിപ്പൂരിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. 40 ലക്ഷം ജനങ്ങളാണ് പെരിയാർ മലിനീകരണം കാരണം കഷ്ടതയനുഭവിക്കുന്നത്. കേരളത്തിലെത്തി സമരത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.
‘കുടിവെള്ളം ജന്മാവകാശമാണ്’ എന്ന മുദ്രാവാക്യമുയർത്തി കലക്ടീവ് ഫോർ റൈറ്റ് ടു ലിവ് (കോറൽ) സംഘടനയുടെ നേതൃത്വത്തിൽ 22 മുതലാണ് സമരം ആരംഭിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയും വരാപ്പുഴ അതിരൂപതയും നേതൃത്വം നൽകുന്ന കുടിവെള്ള സംരക്ഷണ സമിതി കൂറ്റൻ റാലിയും സംഘടിപ്പിച്ചു. 30ഓളം സംഘടനകളിലെ അംഗങ്ങൾ അണിനിരന്നു.
വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ റവ. ഡോ. ജോസഫ് കളത്തിപറമ്പിൽ ഇറോംശർമിളക്ക് ഉപഹാരം നൽകി. പെരിയാർ മലിനീകരണത്തെക്കുറിച്ച് ഡോ. മാർട്ടിൻ ഗോപുരത്തിങ്കൽ എഴുതിയ പുസ്തകം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറ ജോസഫ് പ്രകാശനം ചെയ്തു.
ശുദ്ധജലം സമ്പന്നവിഭാഗത്തിന് മാത്രം ലഭ്യമാകുന്ന അവസ്ഥ സംജാതമാകുമെന്നും ഇത് തടയാൻ ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടണമെന്നും സാറ ജോസഫ് പറഞ്ഞു. ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ, സി.എസ്. മുരളി എന്നിവർ സംസാരിച്ചു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ, മുൻ പാളയം ഇമാം യൂസഫ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
നടിയും ഗായികയുമായ രശ്മി സതീഷും ഫ്രാൻസിക്സ് സംഗീത ബാൻഡും പരിപാടി അവതരിപ്പിച്ചു. സമരത്തിെൻറ രണ്ടാം ഘട്ടമായി പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പെരിയാർ വീണ്ടെടുക്കൽ പ്രതിജ്ഞാദിനമായി ആചരിക്കാനും സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.