കമ്പനി ആയുധങ്ങളോട് പടവെട്ടി നാടൻ ഇരുമ്പുപണിക്കാർ
text_fieldsകുറ്റ്യാടി: കാർഷികവൃത്തിക്കും കെട്ടിടനിർമാണത്തിനുമുള്ള ആയുധങ്ങൾ ഏറെയും ഇന്ന് കമ്പനികളിൽ നിർമിക്കുമ്പോൾ തൊഴിലാളികൾക്ക് പ്രിയം കൊല്ലന്റെ ആലകളിൽ നിർമിക്കുന്ന നാടൻ ആയുധങ്ങൾതന്നെ. ചെലവേറുമെങ്കിലും നാടൻ ഉൽപന്നങ്ങൾക്ക് ഗുണമേറെയെന്നാണ് തൊഴിലാളികളുടെ അഭിപ്രായം. കൊല്ലൻ നിർമിക്കുന്ന വാക്കത്തിക്ക് അറുനൂറിലേറെ രൂപ വിലയുള്ളപ്പോൾ കമ്പനിവില 200 രൂപ മാത്രം.
എന്നാൽ, ഇരുമ്പിന്റെ ഗുണനിലവാരം കുറഞ്ഞതിനാൽ മൂർച്ച കുറവ്. എളുപ്പം റിപ്പയർ വേണ്ടിവരുകയും ചെയ്യും. തെങ്ങുകയറ്റക്കാരുടെ നീളമേറിയ വാക്കത്തി ഇന്നും കൊല്ലന്റെ ആലയിൽതന്നെയാണ് നിർമിക്കുന്നത്. കാരിരുമ്പിനോട് പടവെട്ടാൻ പുതുതലമുറ വിമുഖത കാണിക്കുന്നതിനാൽ ഈ പരമ്പരാഗത തൊഴിൽ കുറ്റിയറ്റുപോകുമോ എന്ന് പഴയതലമുറക്ക് ആശങ്ക. തികച്ചും കൃഷിയുമായി ബന്ധപ്പെട്ടതാണ് ഈ തൊഴിൽ. എന്നാൽ, വേണ്ടത്ര മഹത്ത്വമോ പരിഗണനയോ സമൂഹം നൽകുന്നില്ലെന്ന് പാലേരി വടക്കുമ്പാട് പാലയുള്ളചുവട്ടിൽ ചന്ദ്രന് (63) പരിഭവം.
ഇദ്ദേഹത്തിന് താവഴിയായി ലഭിച്ചതാണ് ഈ തൊഴിൽ. അച്ഛനെ സഹായിക്കാൻ അഞ്ചിലെത്തും മുമ്പെ പഠിപ്പുനിർത്തി. എന്നാൽ, ഇദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും വേറെ തൊഴിൽ രംഗത്താണ് പ്രവർത്തിക്കുന്നത്. അത്യധ്വാനമുള്ള തൊഴിലാണെങ്കിലും അതിനനുസരിച്ച കൂലി വാങ്ങാൻ കഴിയുന്നില്ല. സമീപിക്കുന്നവരെല്ലാം മിത വരുമാനക്കാരായ കർഷകത്തൊഴിലാളികൾ. കാർഷിക ഉപകരണങ്ങളായ കൈക്കോട്ട്, മൺവെട്ടി, വാക്കത്തി, അരിവാൾ, കത്തി, മഴു, കോടാലി, തേങ്ങാപ്പാര എന്നിവയും നിർമാണത്തൊഴിലിനുള്ള പിക്കാസ്, കല്ല്ചെത്ത് മഴു, പാര തുടങ്ങിയവയുമാണ് നിർമിക്കുകയും റിപ്പയർ നടത്തുകയും ചെയ്യുന്നത്.
സ്കിൽ വർക്കാണെങ്കിലും സർക്കാർ ഇതിന് വേണ്ട പരിഗണന നൽകുന്നില്ല. പണ്ട് ഉലയുടെ ചക്രം കറക്കാനായി സഹായികൾ വരുമായിരുന്നു. ഇന്ന് ആരെയും കിട്ടാനില്ല. പകരം മോട്ടോർ സ്ഥാപിക്കാമെങ്കിലും കനത്ത വൈദ്യുതി ചാർജ് താങ്ങാനാവാത്തതാണ്. പരമ്പരാഗത തൊഴിലുകൾ ചെയ്യുന്നവർക്ക് സൗജന്യ വൈദ്യുതിനിരക്ക് അനുവദിക്കണമെന്ന ആവശ്യം ഏറെ നാളായുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.