അടാട്ട് ഫാർമേഴ്സ് ബാങ്കിലെ ക്രമക്കേട്: കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്
text_fieldsതൃശൂർ: അടാട്ട് ഫാർമേഴ്‌സ് സഹകരണ ബാങ്കിൽനിന്ന് കോൺഗ്രസ് ഭരണസമിതി കാലത്ത് സർക്കാർ പുറമ്പോക്ക് ഈടുവെച്ച് 13 കോടി രൂപ വായ്‌പയെടുത്ത കേസിൽ തൃശൂർ വിജിലൻസ് യൂനിറ്റ് കുറ്റപത്രം സമർപ്പിച്ചു. ആധാരമോ പട്ടയമോ ഇല്ലാത്ത രണ്ടു സർവേ നമ്പറിലുള്ള ഭൂമി വെള്ള പേപ്പറിൽ എഴുതിവെച്ച് ഈട് നൽകി കോൺഗ്രസിന്‍റെ പ്രാദേശിക നേതാക്കൾ പല തവണയായാണ് 13 കോടി രൂപ വായ്‌പയെടുത്തത്. അന്തരിച്ച സി.എൻ. ബാലകൃഷ്‌ണൻ സഹകരണ മന്ത്രിയായിരുന്ന കാലത്തായിരുന്നു സംഭവം.
പൊതുപ്രവർത്തകൻ അടാട്ട് സ്വദേശി സന്തോഷ് ചിറ്റിലപ്പിള്ളി 2016ൽ തൃശൂർ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ തൃശൂർ വിജിലൻസ് യൂനിറ്റ് നടത്തിയ അന്വേഷണത്തിന്‍റെ കുറ്റപത്രമാണ് വെള്ളിയാഴ്‌ച സമർപ്പിച്ചത്. 2013-14ൽ നിലവിലുണ്ടായിരുന്ന ഭരണസമിതി പിരിച്ചുവിട്ട് സഹകരണ ഉദ്യോഗസ്ഥൻ ടി.വി. രാജീവ് അഡ്‌മിനിസ്‌ട്രേറ്ററായ കാലം മുതലാണ് വായ്‌പ തട്ടിപ്പ് തുടങ്ങിയതെന്നാണ് ആക്ഷേപം. നെല്ല് വാങ്ങാനെന്ന പേരിൽ എടുത്ത തുക കോൺഗ്രസ് നേതൃത്വത്തിലുള്ള അത്താണിയിലെ ‘കാർത്തിക’ ജില്ല നെല്ല് വിതരണ സംഘത്തിനാണ് കൈമാറിയത്. ഈ സംഘം നിലവിൽ പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം.
കോൺഗ്രസ് അടാട്ട് മണ്ഡലം പ്രസിഡന്‍റുമാരും അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റുമാരുമായ വി.ഒ. ചുമ്മാർ, ടി.ആർ. ജയചന്ദ്രൻ, ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയൻ ജില്ല സെക്രട്ടറിയായിരുന്ന പി. രാമചന്ദ്രൻ, അടാട്ട് ഫാർമേഴ്‌സ് സഹകരണ സംഘം മുൻ പ്രസിഡന്‍റും സി.എൻ. ബാലകൃഷ്‌ണന്‍റെ മരുമകനുമായ എം.വി. രാജേന്ദ്രൻ, അന്തരിച്ച മുൻ മന്ത്രി കെ.പി. വിശ്വനാഥന്‍റെ സഹോദരീപുത്രനും കോൺഗ്രസ് നേതാവുമായ സി.സി. ഹണീഷ്, മുൻ ബാങ്ക് ഭരണസമിതി അംഗങ്ങളും കോൺഗ്രസ് പ്രാദേശിക നേതാക്കളുമായ രുദ്രൻ നമ്പൂതിരിപ്പാട്, പി.ഡി. ജോസ്, സ്‌റ്റെല്ല റാഫേൽ, ശിവശങ്കരൻ, എ.വി. റപ്പായി, പി.കെ. നാണു, പി.എ. അശോകൻ, എ.വി. ജോൺസൺ, നെല്ല് വിതരണ സംഘം പ്രസിഡന്‍റ് ദിവാകരൻ കണ്ണത്ത്, വൈസ് പ്രസിഡന്‍റ് ടി.കെ. ശിവശങ്കരൻ തുടങ്ങിയവർക്കെതിരെയാണ് കുറ്റപത്രം.
അടാട്ട് ബാങ്കിന്‍റെ പരിധി മറികടന്ന് ഇതരസംസ്ഥാനത്തുനിന്ന് നെല്ലെടുക്കുന്നുവെന്ന് രേഖയുണ്ടാക്കിയാണ് വായ്‌പ അനുവദിച്ചതെന്നാണ് ആക്ഷേപം. രണ്ടു സംഘങ്ങൾ തമ്മിൽ വായ്‌പയെടുക്കാൻ പാടില്ലെന്ന സഹകരണ നിയമം ലംഘിച്ചുവെന്നും പരാതി ഉയർന്നിരുന്നു. പരാതിയായതിനെത്തുടർന്ന് കുറച്ച് തുക അടച്ചെങ്കിലും പലിശയുൾപ്പെടെ ഒമ്പതു കോടി ഇപ്പോഴും ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.