വനവൽക്കരണ പദ്ധതിയിലെ ക്രമക്കേട് : മുൻ ഫോറസ്റ്റ് ഓഫീസർക്കെതിരെ നടപടി
text_fieldsകോഴിക്കോട് : ദേശീയ വനവൽക്കരണ പദ്ധതിയിൽ ക്രമക്കേടും അഴിമതിയും നടത്തിയ മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്കെതിരെയുള്ള നടപടി. 2012-13 കാലയളവിൽ മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലെ മൂന്നാർ റേഞ്ചിൽ ജോലിചെയ്ത വി.സി. കാർത്തികേയനെതിരെയാണ് നടപടി സ്വീകരിച്ചത്. പ്രതിമാസ പെൻഷന്റെ 15 ശതമാനം സ്ഥിരമായി കുറവു ചെയ്താണ് ഉത്തരവ്.
ഇടമലക്കുടി, മുളകുതറ, മീൻകുത്തി എന്നീ ആദിവാസി വനസംരക്ഷണ സമിതി മേഖലയിൽ എ.എൻ.ആർ പെരനിയൽ ഹെർബ്സ് ആൻഡ് ഷെർബ്സ് ഓഫ് മെഡിസിനൽ വാല്യൂ എന്നീ ജോലികൾ ചെയ്തതിൽ വ്യപകമായ ക്രമക്കോടും അഴമിതിയും നടന്നു. 1.63 കോടി രൂപ സർക്കാരിന് നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തി. അഴിമതിയിൽ ആറ് വനം ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ റിപ്പോർട്ട് നൽകിയിരുന്നു.
ഉദ്യോഗസ്ഥസംഘത്തിലൊരാളായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.സി.കാർത്തികേയനെ സസ്പെന്റ് ചെയ്തു. തുടർന്ന് വിജിലൻസ് വിഭാഗം അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അന്വേഷണം നടത്തി. ആദിവാസി വനസംരക്ഷണ സമിതി മേഖലയിൽ നടത്തിയിട്ടുള്ള മദർബെഡ് നഴ്സറി, ബാസ്കറ്റ് ബെഡ് നഴ്സറി, എ.എൻ.ആർ പ്ലാന്റേഷനുകൾ, ഏലത്തോട്ടം എന്നിവയ്ക്കായി ആകെ 2,94,12,497 രൂപയുടെ ബില്ല് സമർപ്പിച്ചുവെങ്കിലും അതിൽ 59,44,894 രൂപയുടെ ജോലി മാത്രമേ യഥാർഥത്തിൽ ചെയ്തിരുന്നുള്ളൂ അന്വേഷണത്തിൽ വ്യക്തമായി.
പരിശോധനയിൽ അഴിമതി നടത്തിയെന്ന് കണ്ടെത്തിയ 163,78,671 രൂപയും കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കേണ്ടതാണെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
കാർത്തികേയൻ സസ്പെൻഷനിലിരിക്കെ 28,02,2015 ഫെബ്രുവരി 28ന് സർവീസിൽ നിന്നും വിരമിച്ചു. തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 2022 സെപ്റ്റംബർ 19ന് കാർത്തികേയനെ നേരിൽ കേട്ടു. വി.എസ്.എസ്. കമ്മിറ്റി അംഗമല്ലെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും നിർദ്ദേശിച്ചതനുസരിച്ച് എം.ബുക്കിൽ ഒപ്പിടുകയാണ് ചെയ്തതെന്നും കാർത്തികേയൻ വിശദീകരണം നൽകി. മനപൂർവമല്ലാതെ സംഭവിച്ച തെറ്റ് മാപ്പാക്കി കുറ്റവിമുക്തമാക്കണമെന്നും കാർത്തികേയൻ ആവശ്യപ്പെട്ടു.
കാർത്തികേയൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വ്യാജ ബില്ലുകൾ തയാറാക്കി കണക്കുകളിൽ കൃത്രിമം കാണിച്ചിട്ടുള്ളതായും ഗൂഢാലോചനയും ക്രമക്കേടും അഴിമതിയും നടത്തി ധനാപഹരണം നടത്തിയതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതരമായ കൃത്യവിലോപവും അനാസ്ഥയ കാട്ടിയതുമൂലം സർക്കാരിന് 1,63,78,671 രൂപ നഷ്ടം വരുത്തിയതിന് മറ്റ് കുറ്റാരോപിതരോടൊപ്പം കാർത്തികേയൻ ഉത്തരവാദിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. അതൊന്നും നിഷേധിക്കാൻ കാർത്തികേയനും കഴിഞ്ഞില്ല.
എം.ബുക്കിൽ രേഖപ്പെടുത്തുന്നതിനു മുമ്പ് യഥാർഥത്തിൽ ഈ അളവുകൾ പ്രകാരം ഫീൽഡ് വർക്കുകൾ നിർവഹിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ പരിചയ സമ്പന്നനായ ഉദ്യോഗസ്ഥനെന്ന നിലയിൽ കാർത്തികേയൻ ചെയ്യേണ്ടിയിരുന്നുവെന്നും, അത് ചെയ്യാത്തത് ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചയാണെന്നും വ്യക്തമായി. കുറ്റാരോപണത്തിൽ നിന്ന് ഒഴിവാക്കുവാനുള്ള കാരണമല്ലെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ റിപ്പോർട്ട് നൽകി.
കാർത്തികേയന്റെ നടപടിമൂലം ദേശീയ വനവൽക്കരണ പദ്ധതിയിൽ സർക്കാരിൽ പണം ദുരുപയോഗം നടന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നഷ്ടത്തിൽ ആനുപാതിക വിഹിതമായി 23,65,581രൂപ സിവിൽ സ്യൂട്ട് ഫയൽ ചെയ്ത് ഈടാക്കാൻ സർക്കാർ ഉത്തരവിട്ടുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചകളിൽ നിന്ന് ഒഴിവാക്കാനുള്ള വാദഗതികളൊന്നും കാർത്തികേയന് ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാലാണ്, ചട്ട പ്രകാരം പ്രതിമാസ പെൻഷന്റെ 15 ശതമാനം സ്ഥിരമായി കുറവു ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.