കോവിഡ് പ്രതിരോധ ഫണ്ടിലെ ക്രമക്കേട്; നിലപാട് കടുപ്പിച്ച് സി.പി.ഐ
text_fieldsചേർത്തല: നഗരസഭയിൽ കോവിഡ് പ്രതിരോധ ഫണ്ട് വിനിയോഗത്തിലുയർന്ന ക്രമക്കേട് ആരോപണത്തിൽ സി.പി.ഐ നിലപാട് കടുപ്പിച്ചു. കൗൺസിലിലും പുറത്തും പ്രതികരിക്കാത്ത കോൺഗ്രസ് നിലപാടിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്.
മുൻ നഗരസഭ ഭരണസമിതി സംശയ നിഴലിലായിട്ടും പ്രതികരിക്കാത്തത് ജനങ്ങൾക്കിടെ തെറ്റിദ്ധാരണക്കിടയാക്കിയിട്ടുണ്ടെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിന്‍റെ വിമർശനം. ബി.ജെ.പിയും വിഷയത്തിൽ സമരവുമായി രംഗത്തുവന്നിട്ടുണ്ട്.
സി.പി.ഐ അംഗങ്ങൾ പരോക്ഷമായി ക്രമക്കേട് അരോപണമുയർത്തിയ ഉദ്യോഗസ്ഥൻ സി.പി.എം അനുകൂല സംഘടനയുടെ നേതാവാണ്. അതിനാൽ പാർട്ടി തലത്തിലും സംഘടന തലത്തിലും ഇടപെടലുകൾ നടത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
അതിനിടെ, തങ്ങളുയർത്തിയ വിഷയങ്ങൾ പാടേ തള്ളിയതോടെ നിലപാട് ശക്തമാക്കാനുള്ള നീക്കത്തിലാണ് സി.പി.ഐ. ഇതിനായി തിങ്കളാഴ്ച പാർലമെന്‍ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്.വാർഷിക കണക്ക് അംഗീകാരത്തിനായി കഴിഞ്ഞദിവസം കൂടിയ കൗൺസിൽ യോഗത്തിലാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലെ സി.പി.ഐ അംഗമായ പി.എസ്. ശ്രീകുമാർ ഫണ്ട് വിനിയോഗത്തിൽ ആരോപണമുയർത്തിയത്.
വൈസ് ചെയർമാൻ ടി.എസ്. അജയകുമാറും ഇതിന് പിന്തുണ നൽകുന്ന നിലപാടാണ് എടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് ഉയർന്നത്. ആരോപണങ്ങൾക്ക് കാരണം കണക്കിലെ സാങ്കേതിക പ്രശ്നങ്ങളെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.