സി.പി.ഒ റാങ്ക് ലിസ്റ്റിലെ ക്രമക്കേട്; പ്രതിസ്ഥാനത്ത് ‘സ്വന്തക്കാർ’, വിജിലൻസ് അന്വേഷണത്തിന് തയാറാകാതെ പി.എസ്.സി
text_fieldsതിരുവനന്തപുരം: ശാരീരിക പരിശോധനയിൽ പരാജയപ്പെട്ട ഉദ്യോഗാർഥികൾ സി.പി.ഒ റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി കേരള പബ്ലിക് സർവിസ് കമീഷൻ ഒതുക്കുന്നു. പി.എസ്.സിക്ക് സ്വന്തമായി വിജിലൻസ് വിഭാഗം ഉണ്ടായിരിക്കെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര ക്രമക്കേട് വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനു പകരം അഡീഷനൽ സെക്രട്ടറിയോട് (റിക്രൂട്ട്മെന്റ്) വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കമീഷന് നിർദേശം. ഇതോടെ കുറ്റക്കാരായ ഇടതുപക്ഷ അനുകൂല സംഘടന നേതാക്കൾക്കും പ്രവർത്തകർക്കുമെതിരായ നടപടി പേരിലൊതുങ്ങും.
ശാരീരിക അളവെടുപ്പിൽ പരാജയപ്പെട്ട 12 ഉദ്യോഗാർഥികൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് റാങ്ക് ലിസ്റ്റ് പുറത്തിറങ്ങി മൂന്നുമാസത്തിനു ശേഷമാണ് തിരുത്തൽ വിജ്ഞാപനത്തിലൂടെ ഇവരെ പുറത്താക്കിയത്. സ്വയം നടത്തിയ പരിശോധനയിലാണ് ഈ തിരിമറി കണ്ടെത്തിയതെന്നാണ് പി.എസ്.സിയുടെ വാദം. എന്നാൽ, അനർഹർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതോടെ ഒരു ഉദ്യോഗാർഥി പരാതിയുമായി പി.എസ്.സിയെ സമീപിച്ചിരുന്നതായ വിവരം സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇതുസംബന്ധിച്ച വിവരങ്ങളും വകുപ്പുതല അന്വേഷണം സംബന്ധിച്ച മറ്റു വിവരങ്ങളും നാളിതുവരെ പുറത്തേക്ക് വിടാൻ പി.എസ്.സി തയാറായിട്ടില്ല.
സി.പി.ഒ റാങ്ക് ലിസ്റ്റ് തയാറാക്കുന്ന ആദ്യഘട്ടത്തിൽ ആദ്യം ശാരീരിക അളവെടുപ്പും പിന്നീട് കായികക്ഷമത പരീക്ഷയുമാണ് നടത്തിയത്. കായികക്ഷമത പരീക്ഷയിൽ വിജയിക്കുകയും എന്നാൽ, ശാരീരിക അളവെടുപ്പിൽ പരാജയപ്പെടുകയും ചെയ്ത 72 ഉദ്യോഗാർഥികളാണ് തങ്ങൾക്ക് വീണ്ടും അളവെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പി.എസ്.സിക്ക് അപ്പീൽ നൽകിയത്. ഇതിനെതുടർന്ന് പി.എസ്.സി ആസ്ഥാനത്ത് പി.എസ്.സി അംഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു പുനരളവെടുപ്പ് നടന്നത്. വിവിധ ദിവസങ്ങളിൽ നടന്ന ശാരീരിക അളവെടുപ്പിൽ 37 പേർ വിജയിച്ചപ്പോൾ 35 പേർ തോറ്റു. തോറ്റവരുടെ വിവരങ്ങൾ പ്രത്യേകമായി സീൽ ചെയ്താണ് കമീഷൻ അംഗം റാങ്ക് ലിസ്റ്റ് തയാറാക്കുന്ന വിഭാഗത്തിലേക്ക് നൽകിയത്. ഓരോ ദിവസത്തെയും ശാരീരിക അളവെടുപ്പിൽ തോറ്റവരുടെയും വിജയിച്ചവരുടെയും വിവരങ്ങൾ സ്റ്റേറ്റ്മെന്റാക്കി പി.എസ്.സി സൈറ്റിൽ അടക്കം അപ്ലോഡ് ചെയ്യണമെന്ന് നിർദേശമുള്ളപ്പോൾ തോറ്റ 35 പേരിൽ 12 പേർമാത്രം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് ‘ക്ലറിക്കൽ മിസ്റ്റേക്ക്’ അല്ല, മറിച്ച് ‘ബോധപൂർവമായ തിരിമറി’ നടന്നിട്ടുണ്ടെന്നാണ് ആരോപണം.
റാങ്ക് ലിസ്റ്റിലും പരീക്ഷയിലുമുണ്ടാകുന്ന ക്രമക്കേടുകൾ മുൻകാലങ്ങളിൽ ആഭ്യന്തര വിജിലൻസിനെക്കൊണ്ടാണ് പി.എസ്.സി ആദ്യം അന്വേഷിപ്പിക്കുക. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾക്കായി സംസ്ഥാന പൊലീസിന് കൈമാറുന്നത്. 2019ൽ യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് പ്രതികൾ സി.പി.ഒ റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയത് പരീക്ഷ തിരിമറി നടത്തിയായിരുന്നെന്ന് ആദ്യം കണ്ടെത്തിയത് പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് സംഘമായിരുന്നു. ഇപ്പോഴത്തെ ഉദ്യോഗസ്ഥ വീഴ്ചക്ക് പിന്നിലും മറ്റു ഗൂഢാലോചനകൾ ഉണ്ടോയെന്ന് കണ്ടെത്താൻ വിജിലൻസ് അന്വേഷണത്തിലൂടെ കഴിയുമെന്നിരിക്കെ അത്തരമൊരു വഴിയാണ് കമീഷൻ കൊട്ടിയടച്ചത്.
പി.എസ്.സി രഹസ്യരേഖകൾ ‘മാധ്യമ’ത്തിന്; വിജിലൻസ് ആന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ്വേഡും സൈബർ ഹാക്കർമാർ പി.എസ്.സിയുടെ സർവറിൽ നിന്ന് ചോർത്തി ഡാർക്ക് നെറ്റിൽ വിൽപനക്ക് വെച്ച സംഭവത്തിൽ പി.എസ്.സിയുടെ അതിരഹസ്യസ്വഭാവമുള്ള വിവരങ്ങൾ ‘മാധ്യമ’ത്തിന് ലഭിച്ചതിൽ പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചു. പി.എസ്.സി ചെയർമാന് ഡോ.എം.ആർ. ബൈജുവിന്റെ നിർദേശപ്രകാരമാണ് അന്വേഷണം.
ജൂലൈ 22നാണ് പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത 65 ലക്ഷം ഉദ്യോഗാർഥികളുടെ ലോഗിൻ വിവരം ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ചിരിക്കുന്നെന്ന വാർത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചത്. കേരള പൊലീസ് സൈബർ ഡിവിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലൈ ഒന്നുമുതൽ പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഉദ്യോഗാർഥികൾക്ക് ഒ.ടി.പി സംവിധാനവും പി.എസ്.സി ഏർപ്പെടുത്തി. എന്നാൽ, വാർത്ത വസ്തുതാവിരുദ്ധമെന്ന നിലപാടാണ് പി.എസ്.സി സ്വീകരിച്ചത്. ഉദ്യോഗാർഥികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും വ്യക്തിഗത വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ നൽകാനുള്ള സാധ്യത കണക്കിലെടുത്താണ് പി.എസ്.സി ഒ.ടി.പി സംവിധാനം ഏർപ്പെടുത്തിയതെന്നുമായിരുന്നു പി.എസ്.സിയുടെ വാർത്തക്കുറിപ്പ്.
എന്നാൽ, ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് ചർച്ച ചെയ്യാനായി മേയ് 27ന് ചേർന്ന കമീഷന്റെ കുറിപ്പ് ‘മാധ്യമം’ പുറത്തുവിട്ടതോടെ പി.എസ്.സിയുടെ വാദങ്ങൾ തകർന്നടിയുകയായിരുന്നു. ഇതോടെയാണ്കമീഷന്റെ അതിരഹസ്യാത്മക രേഖ എങ്ങനെ ‘മാധ്യമ’ത്തിന് ചോർന്നുകിട്ടിയെന്ന് അന്വേഷിക്കാൻ ആഭ്യന്തര വിജിലൻസ് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.