ഡിസബിലിറ്റീസ് സ്റ്റഡീസിൽ പ്ലാൻഫണ്ട് ചെലവഴിച്ചതിൽ ക്രമക്കേടെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ഡിസബിലിറ്റീസ് സ്റ്റഡീസിൽ 2018-19ലെ പ്ലാൻഫണ്ട് ചെലവഴിച്ചതിൽ ക്രമക്കേടെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റീസ് സ്റ്റഡീസ് ( വൈകല്യ പഠന ഗവേഷണ കേന്ദ്രം).
ധനകാര്യ വിഭാഗത്തിന്റെ പരിശോധനയിൽ പ്ലാൻ ഫണ്ടിൽ നിന്നും മതിയായ ധനവിനിയോഗ അധികാരമില്ലാതെയും ഭരണാനുമതിയോ, രേഖകളോ, ബില്ലകളോ ഇല്ലാതെയും വൻ തോതിൽ പണം ചെലവഴിച്ചതായി കണ്ടെത്തി. ക്യാഷ് ബുക്ക്, ചെക്ക് രജിസ്റ്റർ, അഡ്വാൻസ് രജിസ്റ്ററുകൾ, വൗച്ചറുകൾ എന്നിവ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും വ്യക്തമായി. അഡ്വാൻസ് ഇനത്തിൽ നല്കിയിരുന്ന തുകകൾ സമയപരിധിക്കുള്ളിൽ ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതായും പരിശോധനയിൽ കണ്ടെത്തി.
ആഭ്യന്തര ഓഡിറ്റിൽ ചെലവ് ക്രമപ്രകാരമല്ലെന്നു കണ്ടെത്തിയ ഇനങ്ങളിലെ ചില കണക്കുകൾ പരിശോധനാ വേളയിൽ ജീവനക്കാർ ഹാജരാക്കി. ഇവയും ചെക്ക് ഇഷ്യു രജിസ്റ്ററുകൾ, ബാങ്ക് ട്രാൻസാക്ഷനുകൾ, ലഭ്യമാക്കിയ ബില്ലുകൾ, വൗച്ചറുകൾ മുതലായവയും പരിശോധിച്ചതിൽ ആഭ്യന്തര ആഡിറ്റിൽ കണ്ടെത്തിയിരുന്ന ക്രമപ്രകാരമല്ലാത്ത 27,29,305 രൂപയുടെ പ്ലാൻ ഫണ്ട് വിനിയോഗത്തിൽ 17,03,109 രൂപയുടെ ചെലവുകൾ പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നതാണെന്ന് വിശദീകരണം നൽകി.
എന്നാൽ, ഈ ചെലവുകൾ സമർഥിക്കുന്നതിനാവശ്യമായ മുഴുവൻ നടപടിക്രമവും അതാതു സമയം പൂർത്തിയാക്കിയിരുന്നില്ല. ചെലവുകൾക്ക് മുന്നോടിയായി ചട്ടപ്രകാരം പുറപ്പെടുവിക്കേണ്ട ഭരണാനുമതികൾ പുറപ്പെടുവിക്കുന്നതിലോ, പുറപ്പെടുവിച്ചിരുന്ന ഭരണാനുമതികൾ, വൗച്ചറുകൾ, സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ മുതലായവ സൂക്ഷിക്കുന്നതിലോ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ല. നടപടിക്രമങ്ങൾ പാലിക്കാതെയും എന്താവശ്യത്തിനാണ് ചെലവഴിച്ചിട്ടുള്ളത് എന്ന തിരിച്ചറിയാൻ കഴിയാതെയും രേഖകൾ അവശേഷിപ്പിക്കാതെയും ചെലവഴിച്ച 10,26,197 രൂപയുടെ ഇടപാടുകളും പരിശോധനയിൽ കണ്ടെത്തി.
നേരത്തെ അക്കൗണ്ടന്റ് ജനറൽ നടത്തിയ ഓഡിറ്റിലും ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചിരുന്നു. മതിയായ ധനവിനിയോഗ അധികാരമില്ലാതെ പത്തുക ചെലവഴിച്ചിരിക്കുന്നുവെന്നും കാഷ് ബുക്ക് ശരിയായ രീതിയിൽ പരിപാലിച്ചിരുന്നില്ലെന്നും കണ്ടെത്തിയരുന്നു. ഫയലുകൾ ശരിയായ വിധം സൂക്ഷിച്ചിരുന്നില്ലെന്നും ഫണ്ട് അനുവദിക്കുന്നതിനും വിനിയോഗിക്കുന്നതിനുമുള്ള രജിസ്റ്ററുകൾ സൂക്ഷിച്ചിരുന്നില്ലെന്നും അഡ്വാൻസ് രജിസ്റ്റർ ശരിയായി സൂക്ഷിച്ചിരുന്നില്ലെന്നും എ.ജിയും ചൂണ്ടിക്കാട്ടി.
ബാങ്ക് അക്കൗണ്ടിൽ അനധികൃതമായി പ്ളാൻ ഫണ്ട് തുക സൂക്ഷിക്കുകയും അനധികൃതമായി വാഹനങ്ങൾ വാടകക്കെടുക്കുകയും അനുവാദമില്ലാതെ യാത്രകൾ നടത്തുകയും ചെയ്തുവെന്ന് എ.ജിയും കണ്ടെത്തിയിരുന്നു. ധനകാര്യ പരിശോധനാ വിഭാഗവും ക്രമക്കേട് നടന്നുവെന്നാണ് റിപ്പോർട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.