‘ജലനിധി’യിൽ വൻ ക്രമക്കേട്; പൈപ്പുകൾക്കും മോട്ടോറുകൾക്കും ഗുണമില്ല, പലയിടത്തും നിർജീവമെന്നും വിജിലൻസ്
text_fieldsതിരുവനന്തപുരം: കേരള റൂറൽ വാട്ടർ സപ്ലൈ ആൻറ് സാനിറ്റേഷൻ ഏജൻസി (കെ.ആർ.ഡബ്ല്യൂ.എസ്.എ) നടപ്പാക്കുന്ന ‘ജലനിധി’ പദ്ധതിയിൽ വ്യാപക ക്രമക്കേട്. സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ ‘ഓപറേഷൻ ഡെൽറ്റ’ മിന്നൽ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. ഗുണനിലവാരമില്ലാത്ത പൈപ്പുകളും മോട്ടോറുകളുമാണ് ഉപയോഗിക്കുന്നതെന്നും സർക്കാറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നെന്നും കണ്ടെത്തി. പലയിടത്തും പദ്ധതി നിർജീവവുമാണ്.
ബുധനാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വ്യാഴാഴ്ചയും തുടരും. പദ്ധതി നടപ്പാക്കുന്ന 46 ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് മിന്നൽ പരിശോധന. പലയിടത്തും പദ്ധതി പകുതിയിൽ ഉപേക്ഷിച്ച് പോയതായും പലതരം ക്രമക്കേട് നടക്കുന്നതായും വ്യക്തമായി. ജലനിധിയിൽ നടപ്പിലാക്കുന്ന ശുദ്ധജല പദ്ധതികളുടെ നിർവഹണ മേൽനോട്ടം ഗുണഭോക്താക്കളിൽനിന്നു തെരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്ത് തല ആക്ടിവിറ്റി കമ്മിറ്റിക്ക് (ജി.പി.എൽ.എ.സി) ആണ്. പ്രവൃത്തികൾക്ക് ആവശ്യമായ തുകയുടെ 75 ശതമാനം സർക്കാറും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളുമാണ് വഹിക്കുന്നത്. സ്വകാര്യ വ്യക്തികൾ മാത്രമുള്ള കമ്മിറ്റി ഏറ്റെടുക്കുന്ന പണികൾക്ക് കരാറുകാരെ തെരഞ്ഞെടുക്കുന്നത് സുതാര്യമായല്ലെന്നും അംഗങ്ങളുടെ ബിനാമികളാണ് പല കരാറുകാരെന്നും കണ്ടെത്തി.
സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരും കരാറടിസ്ഥാനത്തിൽ പ്രവർത്തിച്ചുവരുന്നതുമായ കെ.ആർ.ഡബ്ല്യൂ.എസ്.എ എഞ്ചിനീയർമാർ നടപടി ക്രമം പാലിക്കാതെ ടെക്നിക്കൽ സാങ്ഷനും മറ്റും നൽകിയും ഭാഗികമായി പൂർത്തികരിച്ച പ്രവൃത്തി പൂർണമായെന്ന് സാക്ഷ്യപ്പെടുത്തിയും മാനദണ്ഡമില്ലാതെയാണ് പണം അനുവദിക്കുന്നത്. ഉപരിതലങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം ആഴത്തിൽ സ്ഥാപിച്ചതായും പൊതുകിണറുകളുടെ ആഴം കൂട്ടാതെ ആഴം കൂട്ടിയെന്നു സാക്ഷ്യപ്പെടുത്തിയും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പൈപ്പുകൾ, മോട്ടോർ പമ്പുകൾ എന്നിവക്ക് നിഷ്കർഷിക്കുന്ന ഗുണമേന്മയില്ലെന്നും കണ്ടെത്തി. ഗുണഭോക്തൃ വിഹിതമായി പത്ത് ശതമാനത്തിനു പകരം ജി.പി.എൽ.എ.സി ഒത്താശയോടെ കൂടുതൽ തുക പിരിച്ചെടുത്ത് വീതിച്ചെടുക്കുന്നതായും കണ്ടെത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ ഉത്തരവ് പ്രകാരം ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ എസ്.പി. ഇ.എസ്.ബിജുമോനാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.