കണ്ടല സഹകരണ ബാങ്കിലും മുൻ പ്രസിഡന്‍റ്, മുൻ ജീവനക്കാർ എന്നിവരുടെ വീടുകളിലും ഇ.ഡി പരിശോധന
text_fieldsതിരുവനന്തപുരം: കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സര്‍വിസ് സഹകരണ ബാങ്കിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഇ.ഡി പരിശോധന. രാവിലെ ആറു മണി മുതലാണ് ഇ.ഡി സംഘം പരിശോധന ആരംഭിച്ചത്.
ബാങ്കിന്‍റെ കീഴിലുള്ള ആശുപത്രിയിലും ബാങ്ക് മുൻ പ്രസിഡന്‍റും സി.പി.ഐ നേതാവും മിൽമ അഡ്മിനിസ്ട്രേറ്റീവ് സമിതി കൺവീനറുമായ എൻ. ഭാസുരാംഗന്‍റെ പൂജപ്പുരയിലെ വാടകവീട്ടിലും മകന്‍റെ പൂജപ്പുരയിലെ റസ്റ്റോറന്‍റിലും പരിശോധന നടക്കുന്നതായാണ് വിവരം.
ബാങ്ക് മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീടുകളുമാണ് ഇ.ഡി സംഘത്തിന്‍റെ പരിശോധന നടക്കുന്ന മറ്റ് സ്ഥലങ്ങൾ. കൂടാതെ, കളക്ഷൻ ഏജന്‍റ് അനിയുടെ വീട്ടിലും പരിശോധന നടക്കുന്നതായും വിവരമുണ്ട്.
കണ്ടല സർവിസ് സഹകരണ സംഘത്തിൽ സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ 100 കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഈ ക്രമക്കേടിൽ ബാങ്ക് മുൻ പ്രസിഡന്‍റ്, പ്രസിഡന്‍റിന്‍റെ ബന്ധുക്കൾ, ബാങ്ക് ജീവനക്കാർ, ജീവനക്കാരുടെ ബന്ധുക്കൾ ഇവർക്ക് അനധികൃതമായി വായ്പ അനുവദിച്ചെന്നാണ് കണ്ടെത്തൽ. നിക്ഷേപകരുടെ തുക നിയമങ്ങൾ കാറ്റിൽപ്പറത്തി അനാവശ്യമായി വിനിയോഗിച്ചെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.