അധ്യാപകർ ഉത്തരമെഴുതി നൽകി; എൽ.എസ്.എസ് പരീക്ഷയിൽ ക്രമക്കേട്
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ എൽ.എസ്.എസ് സ്കോളർഷിപ് പരീക്ഷയിൽ വൻ ക്രമക്കേട്. അധ്യാപകർ ഉത്തരമെഴുതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നാർ ഉപജില്ലയിലെ മുഴുവൻ വിദ്യാർഥികളുടെയും പരീക്ഷഫലം പൊതുവിദ്യാഭ്യാസ ഡയറക്ടർ തടഞ്ഞു. ഉത്തരവാദികളെന്നു കണ്ട് മൂന്നാർ എ.ഇ.ഒക്കും ബന്ധപ്പെട്ട അധ്യാപകർക്കുമെതിരെ നടപടി തുടങ്ങി.
കഴിഞ്ഞ 21നാണ് എൽ.എസ്.എസ്, യു.എസ്.എസ് ഫലം പ്രസിദ്ധീകരിച്ചത്. എൽ.എസ്.എസിന് 10.37 ശതമാനവും യു.എസ്.എസിന് 12.9 ശതമാനവുമായിരുന്നു വിജയം. ഫലം അംഗീകരിക്കാൻ 21ന് പരീക്ഷ ബോർഡ് യോഗം ചേർന്നപ്പോഴാണ് മൂന്നാർ വിദ്യാഭ്യാസ ഉപജില്ലയിൽ മാത്രം വിജയശതമാനം ഉയർന്നുനിൽക്കുന്നതു ശ്രദ്ധയിൽപെട്ടത്. 75 ശതമാനത്തോളമായിരുന്നു ജയം.
ഉത്തരപേപ്പറിൽ അധ്യാപകർ ഉത്തരം എഴുതിച്ചേർത്തതായി പരിശോധനയിൽ കണ്ടെത്തി. ഇതോടെ മൂന്നാറിൽനിന്ന് പരീക്ഷ ജയിച്ച 119 പേരുടെയും ഫലം തടയാൻ ഡയറക്ടർ പരീക്ഷ സെക്രട്ടറിക്ക് നിർദേശം നൽകി. വിദ്യാഭ്യാസ വകുപ്പ് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്. ഉത്തരവാദികൾക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകിയതായി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.