വാർത്താസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് വി.ഡി സതീശൻ; അസംബന്ധ ചോദ്യങ്ങൾ പിണറായി വിജയനോട് ചോദിച്ചാൽ മതി
text_fieldsകൽപറ്റ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് തകർത്തതു സംബന്ധിച്ച വാർത്തസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഓഫിസ് ആക്രമണത്തിനുശേഷം വന്ന എം.പി ഓഫിസിന്റെ ദൃശ്യങ്ങളിൽ മഹാത്മ ഗാന്ധിയുടെ ഫോട്ടോ ചുമരിൽ ഉണ്ടായിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചത്.
ഈ ചോദ്യം പിണറായി വിജയനോട് പോയി ചോദിച്ചാൽ മതിയെന്നു പറഞ്ഞ് വി.ഡി. സതീശൻ മാധ്യമപ്രവർത്തകനോട് കയർത്തു. അസംബന്ധം പറയണ്ട. എന്റെ വാർത്തസമ്മേളനം തടസ്സപ്പെടുത്താൻ കൈരളിയുടെയോ ദേശാഭിമാനിയുടെയോ ലേഖകൻ ഇരുന്നാൽ, ഞാൻ മാന്യനായതിനാലാണ് നിങ്ങളെ ഇറക്കിവിടാത്തത്.
അത് എന്നെക്കൊണ്ട് ചെയ്യിക്കരുത്. അത്ര വൈകാരികമായ വിഷയമാണ്. അസംബന്ധം പറഞ്ഞ് പത്രസമ്മേളനം തകർക്കാനുള്ള ശ്രമം കൈയിൽ വെച്ചാൽ മതിയെന്നും വി.ഡി. സതീശൻ പറഞ്ഞു. തുടർന്ന് വാർത്തസമ്മേളനം അവസാനിപ്പിച്ച് അദ്ദേഹം പുറത്തിറങ്ങി.
അതിനിടെ, കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനുമായി വാക്തർക്കമുണ്ടായി. പിന്നാലെ മറ്റു മാധ്യമപ്രവർത്തകരും വിഷയത്തിൽ ഇടപെട്ടതോടെ ബഹളമായി. ഈ സമയം ഓഫിസിലേക്ക് കയറിയ പൊലീസുകാർക്കുനേരെ പ്രവർത്തകർ തിരിഞ്ഞു.
എം.പി ഓഫിസിനു നേരെ അക്രമം നടന്നപ്പോൾ ഒരു മണിക്കൂർ നേരം നോക്കിനിന്ന പൊലീസ് ഡി.സി.സി ഓഫിസ് സംരക്ഷിക്കാൻ വരേണ്ടതില്ല. ഡി.സി.സി ഓഫിസ് സംരക്ഷിക്കാൻ തങ്ങൾക്കറിയാം. ഗേറ്റിനു പുറത്ത് നിന്നാൽ മതിയെന്നു പറഞ്ഞ് എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പിന്നാലെ പൊലീസിനെ പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.