ഇർഷാദിെൻറ കൊലപാതകം: അവസാനം വരെ പിടിച്ചുനിന്നു; ആദ്യം കുറ്റം സമ്മതിച്ചത് എബിൻ
text_fieldsഎടപ്പാൾ: പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഇർഷാദിെന കൊലപ്പെടുത്തിയതിെൻറ ചുരുളഴിഞ്ഞത് രണ്ടാംപ്രതി എബിനെ മാപ്പുസാക്ഷിയാക്കുമെന്ന് പൊലീസ് പറഞ്ഞതോടെ.
ആറ് മാസമായി അന്വേഷണം നടത്തുന്ന പൊലീസ്, പലതവണ പ്രതികളായ സുഭാഷിനെയും എബിനെയും ചോദ്യം ചെയ്തെങ്കിലും ഇവർ കുറ്റം സമ്മതിക്കാൻ തയാറായിരുന്നില്ല. ഇതിനിടെ കൊല്ലപ്പെട്ട ഇർഷാദ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതികൾ വന്നതോടെ സാമ്പത്തിക പ്രയാസം മൂലം അദ്ദേഹം നാടുവിട്ടെന്ന നിഗമനത്തിലാണ് ആദ്യം പൊലീസെത്തിയത്. പിന്നീട് ബന്ധുക്കൾ ഉന്നത പൊലീസ് അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. കൊലപാതകം നടന്നതിെൻറ പിറ്റേന്ന് ഇർഷാദിെൻറ ഫോൺ കോഴിക്കോട് ടവർ പരിധിയിലായിരുന്നു. പിന്നീട് താൻ വയനാട്ടിലേക്ക് പോകുകയാണെന്ന തരത്തിൽ ഇർഷാദിെൻറ ഫോണിൽനിന്ന് ബന്ധുക്കൾക്ക് സന്ദേശം വന്നു. തുടർന്ന് ഫോൺ സ്വിച്ച്ഓഫായി. ഇതെല്ലാം ചെയ്തത് പ്രതികളായിരുന്നു.
മൊഴിയിലെ വൈരുധ്യവും കൊലപാതകം നടന്ന ദിവസം മൂവരുടെയും ഫോൺ വട്ടംകുളത്ത് ഒരേ ടവർ പരിധിയിൽ വന്നതും ലോഡ്ജിൽ താമസിച്ചതിെൻറ തെളിവുകളും നിരത്തിയതോടെ കേസിൽ വഴിത്തിരിവായി.
ഇർഷാദിനെ കൊണ്ടുപോകാൻ വാടക കാറാണ് ഉപയോഗിച്ചത്. ഉടമക്ക് കാറിൽനിന്ന് ഇർഷാദിെൻറ തിരിച്ചറിയൽ രേഖ ലഭിച്ചതും ഇക്കാര്യം ചോദിച്ചപ്പോൾ പ്രതികൾ ഭീഷണിപ്പെടുത്തിയ കാര്യം പുറത്തുവന്നതും പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി.
സുഭാഷ് അടുത്ത സുഹൃത്തുക്കളോട് വിവരം പറഞ്ഞതും തെളിവായി. തെളിവ് ലഭിച്ച ശേഷം എബിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച പൊലീസ് യഥാർഥ സംഭവം പറഞ്ഞാൽ കടുത്ത വകുപ്പുകൾ ചുമത്തില്ലെന്നറിയിച്ചു. ഇതോടെ എബിൻ സത്യം പറയുകയായിരുന്നു.
തുടർന്ന് സുഭാഷിനെയും എബിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഇർഷാദിെൻറ ഫോൺ കോഴിക്കോട്ട് പുഴയിൽ വലിച്ചെറിഞ്ഞെന്നാണ് പ്രതികൾ പറഞ്ഞത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും പ്രതികൾ പറഞ്ഞ പഞ്ചലോഹ വിഗ്രഹകഥ പൂർണമായി വിശ്വസിക്കുന്നില്ലെന്നും തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബു പറഞ്ഞു.
പൊട്ടക്കിണറിനെക്കുറിച്ച് പറഞ്ഞുതന്നത് ഇർഷാദെന്ന് പ്രതികൾ
എടപ്പാൾ/ചങ്ങരംകുളം: കൊലപാതകത്തിന് ശേഷം മൃതദേഹം തള്ളിയെന്ന് പറയുന്ന പൂക്കരത്തറയിലെ പൊട്ടക്കിണറിനെക്കുറിച്ച് ഇർഷാദാണ് പറഞ്ഞു തന്നതെന്ന് പ്രതികൾ. പഞ്ചലോഹ വിഗ്രഹത്തിനൊപ്പമുള്ള അവശിഷ്ടം കളയാൻ ആളൊഴിഞ്ഞ സ്ഥലം വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടേപ്പാൾ പൂക്കരത്തറയിൽ മാലിന്യം തള്ളുന്ന കിണറുണ്ടെന്ന് ഇർഷാദ് പറയുകയായിരുന്നത്രെ. ഈ കിണറ്റിലാണ് ഇർഷാദിെൻറ മൃതദേഹം തള്ളിയതായി പ്രതികൾ പറഞ്ഞത്. കുറെക്കാലം തലമുണ്ടയിലായിരുന്നു ഇർഷാദും കുടുംബവും താമസിച്ചിരുന്നത്. അതിനാൽ പൊട്ടക്കിണറിനെക്കുറിച്ച് ഇർഷാദിന് അറിവുള്ളതായാണ് പൊലീസ് വിലയിരുത്തൽ. വർഷങ്ങളായി ഈ കിണർ ഉപയോഗശൂന്യമാണ്. ലോഡ് കണക്കിന് മാലിന്യമാണ് ഇതിൽനിന്ന് പുറത്തെടുത്തത്. കൊലപാതകശേഷം പ്രതി സുഭാഷ് പലപ്പോഴും ഇവിടെ വന്നതായും കിണർ നിരീക്ഷിച്ചതായും പ്രദേശവാസികൾ പറഞ്ഞു.
ആദ്യഘട്ടത്തിൽ അന്വേഷണം കാര്യക്ഷമമായില്ലെന്ന് ബന്ധുക്കൾ
എടപ്പാൾ: ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങിയതായി ബന്ധുക്കൾ ആരോപിച്ചു. സുഹൃത്തായ സുഭാഷിന് പങ്കുള്ളതായി ആദ്യംതന്നെ ചങ്ങരംകുളം പൊലീസിനെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ, പൊലീസ് നിലപാട് അനുകൂലമായില്ല. ജൂൺ 11ന് രാത്രി ഇർഷാദ് സുഭാഷിനൊപ്പം പന്താവൂരിലെ വീട്ടിൽനിന്ന് പോയതിന് പിറ്റേന്ന് തന്നെ ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് ഇർഷാദിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അറിയില്ലെന്നായിരുന്നു സുഭാഷ് വീട്ടുകാരോട് മറുപടി പറഞ്ഞത്. മാത്രമല്ല, ഇർഷാദിന് പണം നൽകിയവരോട് അദ്ദേഹം നാടുവിട്ടെന്നും പൊലീസിൽ പരാതി നൽകണമെന്നും സുഭാഷ് പറഞ്ഞതായും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് പലരും ഇർഷാദിനെതിരെ ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംശയം തോന്നിയ ബന്ധുക്കൾ ഇക്കാര്യം പൊലീസിനോട് പറഞ്ഞെങ്കിലും മുഖവിലയ്ക്കെടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മുഖ്യമന്ത്രി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ഊർജിതമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.