''നമുക്കെന്നാണ് നേരം വെളുക്കുക? അവർ അമ്മയും ഭാര്യയും സുഹൃത്തും കൂടിയാണ്''
text_fieldsപൊതുപരിപാടിക്കിടെ കൈക്കുഞ്ഞുമായി വേദിയിലെത്തിയതിനെ തുടർന്ന് പത്തനംതിട്ട കലക്ടർ ഡോ. ദിവ്യഎസ്. അയ്യർ സൈബർ ആക്രമണത്തിന് വിധേയയായ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ബെന്യാമിൻ. ജില്ല കലക്ടറായിരിക്കെ തന്നെ അവര്‍ ഭാര്യ, അമ്മ, സുഹൃത്ത് എന്നിങ്ങനെ പലവിധ റോളുകള്‍ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണെന്നും സ്വകാര്യ നിമിഷങ്ങള്‍ പലതും നഷ്ടപ്പെടുത്തിയാണ് അവര്‍ പല പരിപാടികളിലും പങ്കെടുക്കുന്നതും ബെന്യാമിന്‍ ഫേസ്ബുക്കിൽ കുറിച്ചു.
തന്റെ കുഞ്ഞിനൊപ്പം ഇത്തിരി സമയം ചെലവഴിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്നും ആ സമയം നഷ്ടപ്പെടുത്തി ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതില്‍ എന്താണിത്ര ആക്ഷേപിക്കാന്‍ ഉള്ളതെന്നും ബെന്യാമിന്‍ ചോദിച്ചു.
ആറാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനവേദിയിലാണ് കലക്ടർ കുഞ്ഞുമായി എത്തിയത്. കലക്ടർ പരിപാടിയെ ഗൗരവത്തോടെ കണ്ടില്ലെന്നായിരുന്നു പ്രധാന വിമർശനം.
ഗാനരചയിതാവ് രാജീവ് ആലുങ്കൽ, ചിറ്റയം ഗോപകുമാർ എം.എൽ.എ എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയത്. കലക്ടറുടെ വീട്ടുപരിപാടിയല്ല ഇതെന്നും ഓവറാക്കി, ചളമാക്കിയെന്നും രാജീവ് ആലുങ്കൽ ഫേസ്ബുക്കിൽ കുറിച്ചു.
ആകെയുള്ള ഞായറാഴ്ച അവധിദിനമായതിനാലാണ് ഔദ്യോഗിക സ്വഭാവമില്ലാത്ത പരിപാടിയിൽ കുഞ്ഞിനെ കൊണ്ടുവന്നതെന്നായിരുന്നു ശബരീനാഥിന്റെ പ്രതികരണം.
ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഒരിക്കൽ കൊല്ലത്ത് ഒരു ചടങ്ങിന് പോയപ്പോൾ അവിടെ മുഖ്യാതിഥിയായി ഉണ്ടായിരുന്നത് അനുഗൃഹീത നടൻ നെടുമുടി വേണുവായിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിനിടയിൽ പറഞ്ഞ ഒരു പ്രധാന കാര്യം, ദീർഘദൂരം യാത്ര ചെയ്ത് ഇത്തരം ചടങ്ങുകൾക്ക് എത്തുമ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെടുന്നത് കുടുംബത്തോടൊപ്പം ചിലവഴിക്കാമായിരുന്ന നിമിഷങ്ങളാണ്. എങ്കിലും നിങ്ങളുടെ സ്നേഹവും നിർബന്ധവും കണക്കിലെടുത്ത് ഞാനിവിടെ എത്തി എന്നായിരുന്നു. പൊതു ഇടത്തിൽ നിൽക്കുന്ന ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്നം തന്നെ ആണിത്. അവരുടെ സ്വകാര്യ നിമിഷങ്ങൾ പലതും നഷ്ടപ്പെടുത്തിയാണ് അവർ പല പരിപാടികളിലും പങ്കെടുക്കുന്നത്.
ഇവിടെ ഇപ്പോൾ ഇത് പറയാൻ കാരണം പത്തനംതിട്ട ജില്ലാ കളക്ടർ പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ മകനെ പങ്കെടുപ്പിച്ചതിനെ വിമർശിച്ചു കൊണ്ട് ചിലർ എഴുതിയത് കണ്ടതുകൊണ്ടാണ്. അവർ ജില്ലാ കലക്ടർ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത്, എന്നിങ്ങനെ പലവിധ റോളുകൾ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ്. അവർക്കും അവർക്കും സ്വകാര്യ നിമിഷങ്ങൾ ആവശ്യമുണ്ട്. തന്റെ കുഞ്ഞിനൊപ്പം ഇത്തിരി സമയം ചിലവഴിക്കാൻ അവർക്കും അവകാശമുണ്ട്.
ആ സമയം നഷ്ടപ്പെടുത്തി ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുമ്പോൾ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതിൽ എന്താണിത്ര ആക്ഷേപിക്കാൻ ഉള്ളത്? അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങളെക്കുറിച്ച് നമുക്ക് എന്തുകൊണ്ട് ചിന്തിക്കാൻ ആവുന്നില്ല. പൊതുവേദികളിലും പാർലമെന്റിലും നിയമ നിർമ്മാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാർക്ക് നൽകുന്ന ബഹുമാനം ഇവിടെയും നൽകാനുള്ള ബോധം എന്നാണ് നമ്മൾ ആർജിക്കുക? എല്ലാത്തിലും കുറ്റം മാത്രം കാണുന്ന നമുക്ക് എന്നാണ് നേരം വെളുക്കുക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.