രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ചാർജ് കേരളത്തിലാണോ ?; പ്രചാരണം പൊളിച്ച് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ചാർജ് കേരളത്തിലാണെന്ന പ്രചാരണത്തിൽ മറുപടിയുമായി കെ.എസ്.ഇ.ബി. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബിൽ പങ്കുവെച്ചാണ് കെ.എസ്.ഇ.ബിയുടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള മറുപടി.
കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയർന്നതാണെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെ ചിലർ നടത്തുന്നതായി കാണുന്നുണ്ട്. സ്വകാര്യവത്കരണമാണ് ഇതിനുള്ള പരിഹാരമെന്നും അവർ പറഞ്ഞുവെക്കുന്നുണ്ട്. തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരണമാണിതെന്ന് കെ.എസ്.ഇ.ബി ഫേസ്ബുക്കിൽ കുറിച്ചു.
ഇതിന് തെളിവായി കെ.എസ്.ഇ.ബി പങ്കുവെക്കുന്നത് അഹമദാബാദിൽ വൈദ്യുതി വിതരണം ചെയ്യുന്ന ടൊറന്റ് പവർ എന്ന സ്വകാര്യ കമ്പനിയുടെ ബില്ലാണ്. സിംഗിൾ ഫേസ് ഗാർഹിക ഉപഭോക്താവിന് 492 യൂണിറ്റിന് അഹമദാബാദിൽ നൽകേണ്ടത് 4380 രൂപയാണ്. കെ.സ്.ഇ.ബി വെബ്സൈറ്റിലെ ബിൽകാൽക്കുലേറ്റർ പ്രകാരം ഇതേ ഉപയോഗിത്തിന് കേരളത്തിൽ 3,336 രൂപ നൽകിയാൽ മതിയാകും. കേരളവും ഗുജറാത്തും തമ്മിലുള്ള വൈദ്യുതി ബിൽ തുകയിലെ വ്യത്യാസം 1054 രൂപ.
മുംബൈ നഗരത്തിൽ വൈദ്യുതി വിതരണം നടത്തുന്ന അദാനി പവറിന്റെ ബില്ലും കെ.എസ്.ഇ.ബി പങ്കുവെച്ചിട്ടുണ്ട്. ഇവിടെ 537 യൂണിറ്റ് ഉപയോഗത്തിന് 5880 രൂപയാണ് ബിൽ തുകയായി നൽകേണ്ടത്. അതേ ഉപയോഗത്തിന് കേരളത്തിൽ നൽകേണ്ട തുക 5567 രൂപ മാത്രമാണെന്നും കെ.എസ്.ഇ.ബി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഗുജറാത്തിൽ ടൊറന്റ് പവർ നൽകിയ ബില്ലിൽ സൂക്ഷിച്ചു നോക്കിയാൽ FPPPA charges എന്ന പേരിൽ 1800 രൂപ ഈടാക്കിയതായി കാണാം. ഇന്ധനച്ചെലവിലും ഉത്പാദനച്ചെലവിലും വരുന്ന വർധനക്ക് അനുസൃതമായ അതതു സമയത്ത് വൈദ്യുതി വാങ്ങൽച്ചെലവിൽ ഉണ്ടാവുന്ന വ്യത്യാസം ഉപഭോക്താക്കൾക്ക് കൈമാറുന്നതിന്റെ കണക്കാണ് ഇതെന്നും കെ.എസ്.ഇ.ബി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.