'കോടിയേരിയുടെ മകൻ ജയിലിൽ കിടക്കുന്നത് പാലമാകുന്നതിന്റെ ഭാഗമാണോ?'; ചോദ്യവുമായി പി.സി തോമസ്
text_fieldsകൊച്ചി: കേരള കോൺഗ്രസ് തോമസ്-ജോസഫ് വിഭാഗങ്ങൾ ലയിച്ചത് ആർ.എസ്.എസ് പദ്ധതിയാണെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് പി.സി തോമസ്. കോടിയേരിയുടെ മകൻ ഇപ്പോഴും ജയിലിലല്ലേ എന്നും ഇത് പാലമാകുന്നതിന്‍റെ ഭാഗമാണോ എന്നും പി.സി തോമസ് ചോദിച്ചു. ജോസ് കെ. മാണി ആരുടെ പാലമാണെന്ന് വ്യക്തമാക്കണമെന്നും കോടിയേരിയോട് പി.സി തോമസ് ആവശ്യപ്പെട്ടു.
കോടിയേരിയെ പോലുള്ള ഒരു നേതാവ് ഇത്തരം ആരോപണം ഉന്നയിക്കുന്നത് അദ്ദേഹത്തിന് തന്നെ ക്ഷീണമാണ്. ഒരു വലിയ നേതാവ് അഭിപ്രായം പറയുന്നത് തങ്ങൾക്ക് നേട്ടമാണെന്നും പി.സി. തോമസ് പറഞ്ഞു.
മുന്നണിയുമായുള്ള ബന്ധം ഇല്ലാതാകുമ്പോൾ വിരോധം ഉണ്ടാകുമെന്ന് കോടിയേരിക്ക് അറിയാവുന്നതാണ്. കോടിയേരിയുടെ പാർട്ടിയിലേക്ക് പലരും വരുകയും പോവുകയും ചെയ്തിട്ടുണ്ട്. സി.പി.എം തന്നെ പല സഖ്യത്തിന്‍റെ ഭാഗമാവുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും തോമസ് ചൂണ്ടിക്കാട്ടി.
കോടിയേരിക്ക് ആരോപണങ്ങൾ ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്‍റെ മനസ് ഇങ്ങനെയാണോ വഴിമാറി പോകേണ്ടത്. സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് കോടിയേരി മാറിയതാണോ അതോ മാറ്റിയതാണോ എന്ന ചോദ്യവും പി.സി തോമസ് ഉന്നയിച്ചു. അത്തരത്തിലുള്ള വിഷമമാകാം അദ്ദേഹം ഇത്തരം ആരോപണം ഉന്നയിക്കാൻ കാരണമെന്നും പി.സി തോമസ് ചൂണ്ടിക്കാട്ടി.
കേരള കോൺഗ്രസ് പി.സി തോമസ്-പി.ജെ ജോസഫ് വിഭാഗങ്ങൾ ലയിച്ചത് ആർ.എസ്.എസ് പദ്ധതിയാണന്നാണ് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചത്. പി.ജെ. ജോസഫിനെ കൂടി താമസിയാതെ എൻ.ഡി.എയിൽ എത്തിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തൽ ആർ.എസ്.എസിന്‍റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.