കെ.എസ്.ആർ.ടി.സിക്കു പിന്നാലെ കെ.എസ്.ഇ.ബിയും പ്രതിസന്ധിയിലേക്കോ?
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കു പിന്നാലെ കെ.എസ്.ഇ.ബിയും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ശമ്പളച്ചെലവ് ഏഴുമുതൽ 10 വരെ ശതമാനമെങ്കിലും കുറച്ചില്ലെങ്കിൽ നിലനിൽക്കാനാവില്ലെന്ന നിലപാടിലാണ് വൈദ്യുതി ബോർഡ്. ജീവനക്കാരുടെ തസ്തികകൾ വെട്ടിച്ചുരുക്കുന്നതുൾപ്പെടെ സ്വീകരിക്കാനാണ് ബോർഡിന്റെ തീരുമാനം. 31,128 ജീവനക്കാരാണ് കെ.എസ്.ഇ.ബി.യിൽ ആകെയുള്ളത്. ഈവർഷം 1586 പേർ വിരമിക്കുകയാണ്. തുടർന്ന്, ആവശ്യമില്ലാത്ത തസ്തികകൾ വെട്ടിക്കുറയ്ക്കാനും സ്ഥാനക്കയറ്റത്തിലൂടെ ഒഴിവുകൾ നികത്തുന്ന പ്രവണത അവസാനിപ്പിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ബോർഡിൽ ആറായിരത്തോളം ജീവനക്കാർ അധികമാണെന്ന് റെഗുലേറ്ററി കമ്മിഷൻ കണ്ടെത്തിയിരുന്നു.
കുറയ്ക്കാവുന്ന തസ്തികകളുടെ എണ്ണം സംബന്ധിച്ച് രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകാൻ ഫിനാൻസ് ഡയറക്ടർ അധ്യക്ഷനായ ഡയറക്ടർമാരുടെ ഉപസമിതിയോട് ബോർഡ് നിർദേശിച്ചിരിക്കയാണ്. പ്രാഥമിക റിപ്പോർട്ട് ജൂൺ ആറിനകം നൽകണം. ഇതുസംബന്ധിച്ച ഉത്തരവിലാണ് ചെലവ് കൂടിയതിനാൽ ഭാവിയിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ബോർഡ് പറയുന്നത്.
ഇലക്‌ട്രിസിറ്റി ഡ്യൂട്ടി സർക്കാർ ഒഴിവാക്കിനൽകിയതു വഴിയുള്ള പണം വർഷാവർഷം പെൻഷനും ആനുകൂല്യങ്ങളും നൽകാനേ തികയൂ. പദ്ധതിയേതരവിഹിതത്തിൽ വകയിരുത്തി ജല അതോറിറ്റിയുടെ വൈദ്യുതി ചാർജടയ്ക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും കുടിശ്ശിക കുമിഞ്ഞുകൂടുകയാണ്. ഇപ്പോൾ 996 കോടിയായി. വൈദ്യുതി ഡ്യൂട്ടിയിനത്തിൽ സർക്കാർ ബോർഡിനെ വീണ്ടും സഹായിച്ചില്ലെങ്കിൽ പെൻഷൻ പ്രതിസന്ധിയിലാകും എന്നാണാശങ്ക. 2024-'25 ഓടെ പെൻഷൻ മുടങ്ങാനും സാധ്യതയുണ്ട്. മുൻകൂർ പണമടച്ച് പ്രവർത്തിക്കുന്ന സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതോടെ കൂടുതൽ തസ്തികകൾ ഒഴിവാക്കാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.