പുരോഗമന കേരളം ആദിവാസികളെ വേട്ടയാടുന്നോ?
text_fieldsപുരോഗമന കേരളം ആദിവാസികളെ വേട്ടയാടുന്നുവെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെയും അട്ടപ്പാടിയിലെ മധുവിൻെറയും സംഭവങ്ങൾ നൽകുന്ന സൂചന. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന, പരിഷ്കൃത സമൂഹത്തിന്റെ ആടയാഭരണങ്ങളില്ലാത്ത ജനതയെന്ന നിലയിലാണ് ആദിവാസികളെ നിരന്തരം മൃഗങ്ങളെപോലെ വേട്ടയാടുന്നത്. മൃഗങ്ങളെ വേട്ടയാടിയിൽ വനംവകുപ്പ് കേസെടുക്കും. വനംവകുപ്പിനെ വേട്ടക്കാർക്ക് ഭയമാണ്.
എന്നാൽ, ആദിവാസിയെ വേട്ടയാടിയാൽ ഭരണകൂടത്തിന്റെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹായം ലഭിക്കും. ആദിവാസികൾക്ക് വേണ്ടി ശബ്ദിക്കാൻ ആരുമുണ്ടാവില്ല. മനുഷ്യവകാശ കമീഷനോ, പട്ടികജാതി ഗോത്ര കമീഷനോ എടുക്കുന്ന കേസുകൾ കടലാസിൽ ഒതുങ്ങും. സർക്കാർ സംവിധാനം പൂർണായി ആദിവാസികൾക്കെതിരെ നിലകൊള്ളും. കേസിന് പിന്നാലെ പോകാനും തെളിവുകൾ ഹാജരാക്കാനും കൊല്ലപ്പെട്ട ആദിവാസിയുടെ കുടുംബത്തിന് കഴിവുണ്ടാവില്ല. മർദനമേറ്റുവാങ്ങുന്ന ആദിവാസികളെല്ലാം കറുത്തവരും, മുഷിഞ്ഞ വസ്ത്രം ധരിച്ചവരുമാണ്.
കളവു ആദിവാസി സംസ്കാരത്തിലില്ല. അതിനാൽ അവരുടെ മേൽ ചാർത്തുന്ന മോഷണകുറ്റം അവരുടേതല്ല. മുഖ്യധാര സമൂഹം ആദിവാസികളെ മോശപ്പെട്ടവരായി ചിത്രീകരിക്കാനും മനുഷ്യ ജീവികളാണെന്ന പരിഗണന പോലും നൽകാതെ, തെളിവുകൾ ഒന്നുമില്ലാതെ അവർക്കെതിരെ ആക്രമണം അഴിച്ചുവിടാനും കഴിയുന്നത് സമൂഹത്തിന്റെ ജീർണത തന്നെയാണ്.
നവോന്ഥാന കേരളം, പുരോഗമനം എന്നെല്ലാം പറയുമ്പോഴും ആദിവാസി വേട്ടയുടെ കാര്യത്തിൽ ഇതൊന്നും കാണാനില്ല. വയനാട് ആദിവാസികളുടെ കേന്ദ്രമായതിനലാണ് അവിടെ മികച്ച സർക്കാർ ആശുപത്രിയും ആധുനിക ചികിൽസാ സംവിധാനവും ലഭിക്കാത്തത്. കോഴിക്കോട് നഗരം ജീവതത്തിൽ കണ്ടിട്ടില്ലാത്ത ആദിവാസികളാണ് പലപ്പോഴും മെഡിക്കൽ കോളജിലെത്തുന്നത്. അവർക്ക് നഗരത്തിലെ നിയമക്രമങ്ങളൊന്നും അറിയില്ല. അതിനാൽ അവരെ മോഷ്ടാവെന്ന് മുദ്രകുത്തി ആട്ടിയോടിക്കാൻ എളുപ്പമാണ്.
കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ ആദിവാസിയായ വിശ്വനാഥന് സംഭവിച്ചത് എന്താണെന്ന് ആർക്കുമറിയില്ല. വിശ്വനാഥൻ ആരുടെയെങ്കിലും പണമോ. മൊബൈൽ ഫോണോ, സ്വർണാഭരണമോ മോഷ്ടിച്ചതായി പരാതിയില്ല. പിന്നെ എന്താനാണ് സെക്യൂരിറ്റിയും മറ്റുള്ളവരും വിശ്വനാഥനെ ചോദ്യം ചെയ്തത്. സംഭവം നടപ്പോൾ മെഡിക്കൽ കോളജിലെ കാമറകളെല്ലാം കണ്ണടച്ചുവെന്നാണ് പറയുന്നത്.
അട്ടപ്പാടയിലെ മധുവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിശ്വനാഥന്റെ കാര്യത്തിൽ അതെല്ലാം മൂടിക്കളഞ്ഞു. മധുവിനെയും വിശ്വനാഥനെയും വംശീയ വിചാരണ ചെയ്യാൻ എന്ത് തെളിവാണ് സെക്യുരിറ്റിക്കാരുടെ കൈവശം ഉണ്ടായിരുന്നത്. അതവർ പുറത്ത് വിടണം. ദുർബലനുമേൽ ശക്തന്മാർ നടത്തുന്ന കടന്നാക്രമണവും അധിക്ഷേപവുമാണ് മെഡിക്കൽ കോളജിൽ അരങ്ങേറയതെന്ന കാര്യത്തിൽ സംശയമില്ല. ബന്ധുക്കൾ ഉന്നയിച്ച് സംശയങ്ങൾക്ക് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമായി മറുപടി നൽകാൻ ബാധ്യതയുണ്ട്. ഉത്തരവാദികളെ കണ്ടെത്തിയില്ലെങ്കിൽ ഇനിയും നഗരത്തിലെത്തുന്ന ആദിവാസികൾക്കും ഇതേ ദുരന്തങ്ങൾ ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.