സാമിന്റെ ഹൃദയം ഇപ്പോഴും തുടിക്കുന്നുണ്ടാകുമോ? ആ ജോർദാനിയൻ പെൺകുട്ടിക്കായി ഡേവിസും കുടുംബവും കാത്തിരിക്കുകയാണ്
text_fieldsഅങ്കമാലി (എറണാകുളം): ''സാം ഡേവിസിെൻറ കടല്‍ കടന്ന ഹൃദയത്തിെൻറ തുടിപ്പുമായി സിഹാം അഹമ്മദ്, നീ എവിടെയാണ്? കാണാനും സംസാരിക്കാനും കഴിഞ്ഞില്ലെങ്കിലും ലോകത്തിെൻറ ഏതെങ്കിലും കോണില്‍ ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും അറിഞ്ഞാൽ മതി''. അകാലത്തിൽ പൊലിഞ്ഞ മകെൻറ കണ്ണീർ ഓർമകളിലേക്ക് ആ നല്ല വാർത്തയുടെ വെളിച്ചമെത്തുന്നതും കാത്തിരിക്കുകയാണ് ഡേവിസും കുടുംബവും.
കാലടി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ തൃശൂര്‍ കൊരട്ടി തെേക്ക അങ്ങാടി തണ്ടപ്പിള്ളി വീട്ടില്‍ പി.എ. ഡേവിസിെൻറയും അങ്കമാലി പാറക്കടവ് മൂഴിക്കുളം സെൻറ് മേരീസ് യു.പി സ്കൂള്‍ അധ്യാപിക ജീനയുടെയും മകനായിരുന്നു 22കാരൻ സാം ഡേവിസ്. 2016 ജനുവരി 20നാണ് കുടുംബത്തെ തീരാവേദനയിലാഴ്ത്തിയ ആ ദുരന്തം. ബൈക്കില്‍ സഹപാഠിക്കൊപ്പം പോകുേമ്പാൾ ആലുവ യു.സി കോളജിന് സമീപം ടിപ്പര്‍ ഇടിച്ചായിരുന്നു ബി.എസ്സി ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയായ സാമിെൻറ മരണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൊടുപുഴ സ്വദേശി പ്രമോദ് മാത്യുവിെൻറ മരണം രണ്ടുമാസം കഴിഞ്ഞും.
ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാമിെൻറ അവയവങ്ങൾ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചു. ചെന്നൈ അഡയാര്‍ ഫോര്‍ട്ടിസ് മലാര്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജോർദനിൽനിന്നുള്ള 22കാരി സിഹാം അഹമ്മദിനാണ് ഹൃദയം മാറ്റിവെച്ചത്. ഇതിന് ചെന്നൈയിൽനിന്ന് ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. കരൾ പെരിങ്ങാട്ടൂര് സ്വദേശിനി 54കാരി ഫൗസിയ മുഹമ്മദിനും വൃക്കകള്‍ പാലക്കാട് അരിയൂര്‍ കുറ്റിക്കാട്ടില്‍ മുഹമ്മദ് അഷറഫ് (28), തൃശൂര്‍ പറപ്പൂര് ചിറ്റിലപ്പിള്ളി റീത്ത ജോസഫ് (59) എന്നിവർക്കും കണ്ണുകള്‍ അങ്കമാലി എല്‍.എഫ് ആശുപത്രി നേത്രബാങ്കിനും നല്കി. അവയവം സ്വീകരിച്ച മറ്റുള്ളവര്‍ സന്തോഷത്തോടെ ജീവിക്കുന്നതായി അറിയാന്‍ കഴിഞ്ഞെങ്കിലും സിഹാമിനെക്കുറിച്ച് മാസങ്ങൾ കഴിഞ്ഞതോടെ വിവരമില്ലാതായി.
രാജഗിരി ആശുപത്രിയില്‍നിന്ന് കിട്ടിയ സിഹാം അഹമ്മദ്, നമ്പര്‍-10, 20 സ്ട്രീറ്റ്, അല്‍ മഫാര്ഗ്, ജോർഡന് വിലാസം വെച്ച് ഡേവിസ് ഏറെ അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. അവയവങ്ങള്‍ സ്വീകരിച്ച മറ്റുള്ളവര്‍ ഇടക്ക് വീട്ടില്‍ വരുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാറുണ്ട്. ഒക്ടോബറിൽ ഡേവിസ് സർവിസില്‍നിന്ന് വിരമിക്കും. ഡേവിസിനും ഭാര്യ ജീനക്കും ഒരുആഗ്രഹമേയുള്ളൂ, സിഹാമിനെക്കുറിച്ച് എങ്ങനെയും അറിയണം. അതിനുള്ള കാത്തിരിപ്പാണ് ഇനിയുള്ള ഇവരുടെ ജീവിതം. ബി.ഫാം വിദ്യാര്‍ഥിനി സാന്‍ഡ്രയും 10ാം ക്ലാസ് വിദ്യാര്‍ഥിനി സമേരയുമാണ് സാമിെൻറ സഹോദരിമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.