വരുന്ന വേനലിലും കാത്തിരിക്കുന്നത് വൈദ്യുതി പ്രതിസന്ധി?
text_fieldsതിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കൂടിയാൽ വരുന്ന വേനലിലും വൈദ്യുതി പ്രതിസന്ധി ആവർത്തിക്കുമെന്ന് ആശങ്ക. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാലും വിതരണ ശൃംഖല ‘ലോഡ്’ വഹിക്കാൻ പര്യാപ്തമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. സർക്കാർ തന്നെ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് നിയമസഭയിൽ വന്ന ചോദ്യത്തിന് സർക്കാർ നൽകിയ മറുപടിയിലും ഇക്കാര്യം അടിവരയിടുന്നു.
‘കഴിഞ്ഞ വേനൽക്കാലത്ത് 6000 മെഗാവാട്ട് ആയി ഉയർന്ന വൈദ്യുതി ആവശ്യകത പലതരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 5860 മെഗാവാട്ട് വരെയായി കുറച്ചതുകൊണ്ടാണ് വിതരണ ശൃംഖല തകരാറിലാകാതെ കൊണ്ടുപോകാനായത്’ എന്നാണ് സർക്കാർ വിശദീകരണം. കഴിഞ്ഞ വേനലിൽ ‘15 ശതമാനം ഉപഭോഗ വർധനയാണ് ഉണ്ടായതെന്നും അടുത്ത വേനലിൽ അത് അഞ്ചു ശതമാനം ആയാൽപോലും വൈദ്യുതി ആവശ്യകത നിറവേറ്റാൻ സാധിക്കില്ല. അതിനാൽ കടുത്ത നിയന്ത്രണം വേണ്ടിവരും’- സർക്കാർ വ്യക്തമാക്കി.
നിലവിലെ വൈദ്യുതി ആവശ്യകതയെക്കാൽ അഞ്ചു ശതമാനത്തിലധികം വർധന വേനലിൽ വേണ്ടിവരും. അങ്ങനെയെങ്കിൽ ‘കടുത്തനിയന്ത്രണം’ ഉറപ്പാണെന്ന വ്യക്തമായ സൂചനയാണ് സർക്കാർ നൽകുന്നത്. ഉടുപ്പി-കാസർകോട്-വയനാട് 400 കെ.വി ലൈനടക്കം പ്രസരണ മേഖലയിലെ പദ്ധതികളുടെ പൂർത്തീകരണം വൈകുന്നതും ആവശ്യാനുസൃതം വൈദ്യുതി ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്നതിന് പ്രതിബന്ധമാകുകയാണത്രെ. 2024 ജൂണിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ഉടുപ്പി-കാസർകോട്-വയനാട് പദ്ധതിയുടെ നിർമാണ പുരോഗതി 12 ശതമാനം മാത്രമാണെന്ന് സർക്കാർ സമ്മതിക്കുന്നു.
വേനൽക്കാലത്ത് ലോഡ് ഷെഡിങ് പ്രഖ്യാപിച്ചില്ലെങ്കിലും പ്രാദേശിക നിയന്ത്രണങ്ങൾ വേണ്ടിവന്നിരുന്നു. ഉപയോഗം വർധിച്ചതോടെ ട്രാൻസ്ഫോർമറുകൾ കേടാകുന്നതടക്കം വിതരണ രംഗത്തും വലിയ പ്രതിസന്ധിയാണുണ്ടായത്.
വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ആണവ നിലയം: തീരുമാനമായില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നതിനായി ആണവനിലയം സ്ഥാപിക്കുന്നതിൽ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ആണവനിലയത്തിനായി കെ.എസ്.ഇ.ബി സ്ഥലം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ആണവനിലയ സാധ്യതകൾ തേടി കെ.എസ്.ഇ.ബി സി.എം.ഡി ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിലാണ് സർക്കാർ നിലപാട് മന്ത്രി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.