എൻഡോസൾഫാൻ പ്രശ്നം അമർചിത്രകഥയോ?
text_fieldsകാസർകോട്: മുൻ ജില്ല കലക്ടർ ഡോ. സജിത്ബാബു പറഞ്ഞത്, കാര്യങ്ങൾ തീരുമാനിക്കുന്നത് ശാസ്ത്രമാണ്, നോവലെഴുത്തുകാരല്ല എന്നാണ്. എൻഡോസൾഫാൻ വിഷമല്ല എന്നും കാസർകോട്ടെ ആരോഗ്യപ്രശ്നങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങളാണ് വേണ്ടതെന്നുമാണ്. കാസർകോടൻ അതിർത്തികളിലെ മനുഷ്യകോലങ്ങളെ കൂട്ടത്തോടെയും അല്ലാതെയും കാണുേമ്പാൾ അത് അവിശ്വസനീയമായി തോന്നിയതിൽ കലക്ടറെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ബാലസാഹിത്യത്തിലെ മനുഷ്യരോട് സാമ്യമുള്ള മൃഗങ്ങളായി തോന്നിയതുകൊണ്ട് അമർചിത്രകഥയിലെ കഥാപാത്രങ്ങളായി കലക്ടർ ധരിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണ് കലക്ടർ പറഞ്ഞത് അത് എൻഡോസൾഫാൻമൂലമുള്ള പ്രശ്നമാണോയെന്ന് തീരുമാനിക്കേണ്ടത് കഥയെഴുത്തുകാരല്ല എന്ന്.
കലക്ടർ പറഞ്ഞതനുസരിച്ച് 25 വർഷമായി നടത്തുന്ന സമരങ്ങളും സർക്കാർ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളും തെറ്റാണ്. എൻഡോസൾഫാൻ രോഗികളുടെ പട്ടികയിലുള്ളത് വ്യാജന്മാരും തട്ടിപ്പുകാരുമാണ്. 14ാം കേരള നിയമസഭയിൽ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമസമിതി നടത്തിയ പരിശോധനക്ക് ശേഷം 44 പേജുള്ള റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇത് വായിക്കുേമ്പാൾ മനസ്സിലാകാം കലക്ടർ ജനാധിപത്യത്തെയും ശാസ്ത്രത്തെയും എത്രത്തോളം പരിഹസിക്കുന്നുണ്ടെന്ന്. ആ ക്ഷേമസമിതിയിൽ ഇന്നത്തെ ആരോഗ്യ മന്ത്രി വീണ ജോർജ് അംഗമായിരുന്നു. അതിൽ എന്തുകൊണ്ട് എൻഡോസൾഫാനാണ് പ്രശ്നകാരണം എന്ന് പറയുന്നുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ (ഐ.സി.എം.ആർ) കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷനൽ ഹെൽത്തിെൻറ (എൻ.ഐ.ഒ.എച്ച്്) പഠനം, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്, സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച ഐ.സി.എം.ആർ, ഐ.സി.എ.ആർ (ഇന്ത്യൻ കൗൺസിൽ േഫാർ അഗ്രികൾചർ റിസർച്), മണിപ്പാൽ യൂനിവേഴ്സിറ്റി എന്നിവയും പഠനം നടത്തിയിട്ടുണ്ട്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഡോസൾഫാൻ ദുരിതബാധിതരാണ് രോഗികൾ എന്ന് വിലയിരുത്തപ്പെട്ടത്. ഇവരെ കണ്ടെത്തുന്നതിന് ഫസ്റ്റ് ലെവൽ സ്ക്രീനിങ്, സെക്കൻഡ് ലെവൽ സ്ക്രീനിങ് ആൻഡ് ക്ലാസിഫിക്കേഷൻ, സ്പെഷലിസ്റ്റ് മെഡിക്കൽ ക്യാമ്പ് ആൻഡ് ഫീൽഡ് വെരിഫിക്കേഷൻ എന്നിവ നടത്തിയാണ് രോഗികളെ കണ്ടെത്തിയത്. മുൻ കലക്ടർമാർ എല്ലാം ഈ പ്രശ്നത്തെ മനുഷ്യത്വപൂർണമായി കണ്ടപ്പോൾ രാവണെൻറ കിങ്കരനായ മാരീചെൻറ രൂപത്തിലാണ് കലക്ടർ ഡോ. സജിത്ബാബു ചുമതലയേറ്റത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നപരിഹാര സെൽ കൺവീനർ കലക്ടറാണ്. ഇരകൾക്ക് സഹായം നൽകുകയെന്നതാണ് കലക്ടറുടെ ഉത്തരവാദിത്തം. എന്നാൽ, സജിത്ബാബു എൻഡോസൾഫാൻ ദുരിതം എന്ന അധ്യായം തന്നെ അവസാനിപ്പിക്കാൻ കീടനാശിനി കമ്പനിയുടെ മാരീച വേഷമണിയുകയായിരുന്നു. എൻഡോസൾഫാൻ പ്രശ്നമെന്ന സാമ്പത്തികബാധ്യത ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എങ്കിൽ എൻഡോസൾഫാൻ വിഷമല്ല, പാൽപായസമെന്ന് എന്ന് തെളിയിക്കാനുള്ള വ്യഗ്രതയായിരുന്നു കലക്ടർക്ക്.
അതിെൻറ ഭാഗമായി ഈ പദ്ധതി തന്നെ ഇല്ലാതാക്കാൻ കലക്ടർ വിശദമായ കുറിപ്പ് സർക്കാറിന് സമർപ്പിച്ചിരുന്നു. എന്തെല്ലാം അനുവദിക്കരുത് എന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. പ്രസവംപോലും കുറ്റമാണ് എന്ന് വായിക്കപ്പെടുന്ന തരത്തിലുള്ള കുറ്റവാളിയുടെ റിപ്പോർട്ട്!. രോഗികൾക്ക് 1200 രൂപ പെൻഷനായി നൽകുന്നുണ്ട്. ഇവർ സാമൂഹികക്ഷേമ പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ 500 രൂപ കുറക്കണമെന്നാണ് കലക്ടറുടെ ഒരു നിർദേശം. ദുരിത ബാധിതരുടെ പട്ടികയിൽപെട്ട് മുഴുവൻ സഹായവും കൈപ്പറ്റിയ 125 കേസുകളിൽ മരണശേഷം സഹായം കൈപ്പറ്റിയിട്ടുണ്ട്. 4061900 രൂപ ഈ ഇനത്തിൽ സർക്കാറിന് നഷ്ടമായിട്ടുണ്ട്. വന്ധ്യത എന്ന കാരണത്താൽ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടത് 55 പേർ. ഇതിൽ 28 പേർക്ക് കുട്ടികളുണ്ടായത്രെ!. ഈ 'മഹാ അപരാധം' ചെയ്തവർ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ആനുകൂല്യം കൈപ്പറ്റുന്നുണ്ട് എന്നാണ് പരാതി. ദുരിതബാധിതരുടെ സഹായിയായിനിന്നവർ ദുരിതബാധിതർ മരിച്ചശേഷവും സഹായികൾക്കുള്ള ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുണ്ട്.
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ചികിത്സാസഹായം സർക്കാർ ആശുപത്രികൾക്ക് 'ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ആയാണ് നൽകുന്നത്്. മൂന്ന് ആശുപത്രികൾക്ക് ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം ഓഫിസറാണ്. അവിടെ നടപടി സ്വീകരിക്കുന്നത് കരാർജീവനക്കാരാണത്രെ എന്നാണ് കലക്ടറുടെ റിപ്പോർട്ട്. ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നു, ഇന്നോവ കാറും രണ്ടുനില വീടും ഉള്ളവർ റേഷനരി വാങ്ങുന്നു, വൈദ്യുതി സൗജന്യമായി നൽകുന്നു. കേരളത്തിലെ ആയുർദൈർഘ്യത്തേക്കാർ കൂടുതൽ കാലം എൻഡോസൾഫാൻ ഇരകൾ ജീവിക്കുന്നു എന്നു തുടങ്ങിയ പരാതികൾ മുൻ കലക്ടർക്കുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എൻഡോസൾഫാൻ ഒരു വിഷദ്രാവകമല്ല എന്ന് വരുത്താനുള്ള ശ്രമമാണ് കലക്ടറുടെ റിപ്പോർട്ട്. എൻഡോസൾഫാൻ ഇരകൾ അനധികൃതമായി പണം കൈപ്പറ്റുന്നുവെന്ന് പ്രത്യേക അന്വേഷണം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത് ആസൂത്രിതമാണ്. താൻ കാർഷിക ശാസ്ത്രജ്ഞനാണ് എന്നുപറയുന്ന അദ്ദേഹം കീടനാശിനി കമ്പനിയുടെ ആളാണ് എന്ന് പരോക്ഷമായി സമ്മതിക്കുക കൂടിയാകുന്നു. സർക്കാർ ആവശ്യപ്പെടാതെ നൽകിയ റിപ്പോർട്ട് അവർക്കുവേണ്ടി കൂടിയാകുന്നു. ഈ റിപ്പോർട്ട് 'മാധ്യമ'മാണ് പുറത്തുവിട്ടത്. അത് നിയമസഭയിൽ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കലക്ടർക്കുള്ള മറുപടി നൽകിയിട്ടുണ്ട്.
തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.