Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2021 2:46 PM IST Updated On
date_range 2 April 2021 2:47 PM ISTമുതലാളിത്ത അജണ്ടകള്‍ നടപ്പാക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമോ? -ഡോ. ആസാദ്
text_fieldsbookmark_border
കോഴിക്കോട്: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാറിന്‍റെ കോര്‍പറേറ്റ് മുതലാളിത്ത അജണ്ടകൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തി ഡോ. ആസാദ്. ഇടത് സർക്കാർ സ്വീകരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് വിരുദ്ധമായ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് ആസാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇരകളില്ലാത്ത വികസനം ജനപക്ഷ ആസൂത്രണങ്ങളിലൂടെ സാധ്യമാക്കാം എന്നിരിക്കെ, പുറം തള്ളല്‍ വികസനം നടപ്പാക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമാണോ അതോ വലതുപക്ഷ രാഷ്ട്രീയമാണോ എന്ന് ഡോ. ആസാദ് ചോദിക്കുന്നു. തീവ്രവലതു പാളയത്തോടാണ് കേരളത്തിലെ എല്‍.ഡി.എഫ് അടുത്തു നില്‍ക്കുന്നതായും ആസാദ് ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കോര്‍പറേറ്റ് മുതലാളിത്ത അജണ്ടകള്‍ നടപ്പാക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
ഇരകളില്ലാത്ത വികസനം ജനപക്ഷ ആസൂത്രണങ്ങളിലൂടെ സാധ്യമാക്കാം എന്നിരിക്കെ, പുറം തള്ളല്‍ വികസനം നടപ്പാക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
പൊതുവിഭവങ്ങള്‍ കൈയേറാന്‍ കോര്‍പറേറ്റുകള്‍ക്കും പ്രമാണിമാര്‍ക്കും അമിതാധികാരം നല്‍കുന്നതും നിയമ ലംഘനങ്ങള്‍ക്കു നേരെ നിരന്തരം കണ്ണടയ്ക്കുന്നതും ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
ദേശീയപാതാ സ്വകാര്യവത്ക്കരണത്തിന് നിര്‍ബന്ധം പിടിക്കുന്നതും ചുങ്കപ്പുരകള്‍ നിര്‍മ്മിച്ചു കൊള്ള നടത്താന്‍ കൂട്ടുനില്‍ക്കുന്നതും ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
വനഭൂമികള്‍ കൈയേറാന്‍, കടലും തീരവും വില്‍ക്കാന്‍, വയലുകള്‍ നികത്തി നഗരങ്ങള്‍ പണിയാന്‍, വീട്ടുമുറ്റംവരെ പാറമട ലോബികള്‍ക്കു കടന്നുകയറാന്‍, റെഡ് കാറ്റഗറി വ്യവസായങ്ങള്‍ ജനവാസ മേഖലകളില്‍ ആരംഭിക്കാന്‍, നദികളും നീരുറവകളും മലിനമാക്കാന്‍ അനുവദിക്കുന്ന നയം ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
ജനകീയ സമരങ്ങളും പ്രതിഷേധങ്ങളും പൊലീസിനെ വിട്ട് അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
വിദ്യാർഥികളെ അര്‍ബന്‍ നക്സലുകളെന്നും മാവോയിസ്റ്റുകളെന്നും ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലില്‍ തള്ളുന്ന നയം ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
നിരോധിത മാവോയിസ്റ്റു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കുന്നതിനു പകരം വ്യാജ ഏറ്റുമുട്ടല്‍ കഥ മെനഞ്ഞ് വെടിവെച്ചു കൊല്ലുന്നത് ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
ലോക്കപ്പുകള്‍ കക്കയം ക്യാമ്പുകളാക്കി ഒട്ടേറെ രാജന്‍മാരെ സൃഷ്ടിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ? ഒമ്പതു പതിമൂന്നും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കി കൊന്നു കെട്ടിത്തൂക്കിയവരെ രക്ഷിക്കുന്ന പൊലീസിനു പ്രമോഷന്‍ കൊടുക്കുന്ന താല്‍പര്യം ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്ഗെവാറിന്‍റെ ദിനം യോഗദിനമായി ആചരിക്കാന്‍ ഭരണതലത്തിലും പാര്‍ട്ടിതലത്തിലും ഉത്സാഹിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ? ഗുജറാത്ത് വംശഹത്യയെ വെളുപ്പിക്കാന്‍ അത്യദ്ധ്വാനം ചെയ്ത ബെഹ്റയെ പൊലീസ് മേധാവിയും കുപ്രസിദ്ധ ജനവിരുദ്ധ പൊലീസ് നായകന്‍ രമണ്‍ ശ്രീവാസ്തവയെ ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവുമായി നിയമിച്ച താല്‍പര്യം ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
മണ്ണിനുവേണ്ടി സമരം ചെയ്യുന്ന ചെങ്ങറയിലെയും അരിപ്പയിലെയും തൊവരിമലയിലെയും ആദിവാസികളെ, ദളിതരെ, തോട്ടം തൊഴിലാളികളെ, ദരിദ്ര ഭൂരഹിത കര്‍ഷകരെ മര്‍ദ്ദിച്ചൊതുക്കുന്ന നയം ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
ഭൂമിയിലും പൊതുവിഭവങ്ങളിലും അവകാശം എന്ന അടിസ്ഥാനവര്‍ഗ താല്‍പര്യം അവഗണിച്ച് കൈയേറ്റ മാഫിയകളെ തുണയ്ക്കുന്ന സമീപനം ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ? ഭൂമിയിലും പൊതുവിഭവങ്ങളിലും അവകാശം നല്‍കുന്ന നിയമ നിര്‍മ്മാണങ്ങളോ ഭേദഗതികളോ വരുത്താന്‍ മടിക്കുന്ന രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
തൊഴിലവകാശം മൗലികാവകാശമാണ് എന്ന മുദ്രാവാക്യം മറന്ന് തൊഴിലവകാശം രാഷ്ട്രീയ നേതാക്കളുടെയും ബന്ധുക്കളുടെയും അവകാശമാക്കി മാറ്റിയത് ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
ഭൂരഹിതരായ പാവങ്ങള്‍ക്കു നല്‍കേണ്ട ഭൂമി പിടിച്ചുപറിച്ച് എംനെപ്പോലെയുള്ള സംഘപരിവാര ബന്ധുക്കള്‍ക്കും ധനിക സംരംഭകര്‍ക്കും വീതം വെയ്ക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
കോര്‍പറേറ്റുകള്‍ക്കും കണ്‍സള്‍ട്ടന്‍സികള്‍ക്കും സംസ്ഥാന ഭരണകേന്ദ്രത്തില്‍ മുറികളും ഇരിപ്പിടങ്ങളും അനുവദിക്കുന്നതും ഭരണത്തില്‍ ഇടപെടാന്‍ അവസരം നല്‍കുന്നതും ഇടതുപക്ഷ രാഷ്ട്രീയമോ വലതുപക്ഷ രാഷ്ട്രീയമോ?
ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന പേരുള്ള ഒരു മുന്നണി ചെയ്താല്‍ വലതു നയങ്ങളും പ്രവൃത്തികളും ഇടതുപക്ഷ രാഷ്ട്രീയമാകുമോ സഖാക്കളേ? പ്രവൃത്തി നോക്കിയല്ലെങ്കില്‍ ഇടതു വലതു രാഷ്ട്രീയങ്ങളുടെ വേര്‍തിരിവ് എങ്ങനെ മനസിലാവും? വലതു രാഷ്ട്രീയത്തില്‍ തന്നെ തീവ്രവലതു പാളയത്തോടാണ് കേരളത്തിലെ എല്‍.ഡി.എഫ് അടുത്തു നില്‍ക്കുന്നത്. കോര്‍പറേറ്റ് മുതലാളിത്തത്തിന്‍റെ ഏറ്റവും ഹിംസാത്മകമായ മുഖത്തോടാണ് അവര്‍ ഐക്യപ്പെട്ടിരിക്കുന്നത്. മധ്യ വലതു നിലപാടെടുക്കുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളെ കൂടുതല്‍ പുരോഗമന പാര്‍ട്ടികളാക്കുംവിധം വലത്തോട്ടു നീങ്ങിയിരിക്കുന്നു കേരളത്തിലെ എല്‍.ഡി.എഫ്. ഈ യാഥാർഥ്യം മറച്ചുവെച്ചാല്‍ ഇല്ലാതാവുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story