ഈ സംസ്ഥാനത്തിനിപ്പോള്‍ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉദ്യോഗസ്ഥയുടെ തിക്ത അനുഭവങ്ങൾ വിവരിച്ച് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ വിവരാവകാശ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ നിന്ന് നീക്കിയ സംഭവത്തില്‍ റവന്യൂ വകുപ്പിനെയും സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് പതിപക്ഷ നേതാവ് വി.ഡി സതീശന്‍. അണ്ടര്‍ സെക്രട്ടറിയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് ആവശ്യപ്പെട്ടതിനെതിരെയും വി.ഡി സതീശന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
ഈ സംസ്ഥാനത്തിനിപ്പോള്‍ ഒരു റവന്യൂ മന്ത്രിയുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങള്‍ വകുപ്പ് മന്ത്രി അറിഞ്ഞ മട്ടില്ലെന്നും അതോ സൂപ്പര്‍ മന്ത്രിയായി സ്വയം അവരോധിതനായ വകുപ്പ് സെക്രട്ടറിക്ക് അധികാരം പൂര്‍ണമായി അടിയറ വെച്ചതാണോ എന്നും അദ്ദേഹം ചോദിക്കുന്നു.
വിവാദമായ മരം മുറി സംഭവത്തിന്റെ ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ സംഭവത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയ തിലകായിരുന്നു് ഒ.ജി ശാലിനിക്കെതിരെ നടപടി സ്വീകരിച്ചത്. ആഭ്യന്തര പരിശോധനയില്‍ ശാലിനിക്ക് ഗുഡ് സര്‍വ്വീസ് നല്‍കാനുള്ള ഉദ്യോഗസ്ഥയല്ലെന്ന് തെളിഞ്ഞതായി റവന്യു സെക്രട്ടറിയുടെ പ്രതികരണം. മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ശാലിനി ഫയലുകളുടെ പകര്‍പ്പ് നല്‍കിയതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ് പൂര്‍ണരൂപം-
ഈ സംസ്ഥാനത്തിനിപ്പോള്‍ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉണ്ടെങ്കില്‍, പ്രിയപ്പെട്ട ശ്രീ കെ.രാജന്‍ അങ്ങ് ആ വകുപ്പില്‍ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ? അതോ ആ വകുപ്പിന്റെ സൂപ്പര്‍ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂര്‍ണമായി അടിയറ വെച്ചോ? ഇത് ചോദിക്കേണ്ടി വരുന്നത് അങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞതിനാലാണ്. റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥ ക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങള്‍ താങ്കള്‍ അറിഞ്ഞില്ല എന്നു പറയുന്നത് കേട്ടപ്പോള്‍ ചോദിച്ചു പോയി എന്നേയുള്ളൂ.
റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ ആദ്യം അവര്‍ വഹിച്ചിരുന്ന വിവരാവകാശ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ നിന്ന് പൊടുന്നനെ മാറ്റുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ആ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി അവധിയില്‍ പോകാന്‍ വാക്കാല്‍ നിര്‍ദ്ദേശിക്കുന്നു. അവധി അപേക്ഷയില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയില്‍ പോകുന്നു എന്നും എഴുതാനായിരുന്നു ഉത്തരവ്.
അവിടം കൊണ്ടും കഴിഞ്ഞില്ല. അരിശം തീരാഞ്ഞ് ഈ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി സെക്രട്ടറി യജമാനന്‍ റദ്ദാക്കി. എന്നാല്‍ 2021 ന് ഇതേ ഉദ്യോഗസ്ഥന്‍ ഒപ്പിട്ടു നല്‍കിയതാണ് ഗുഡ് സര്‍വീസ്. ഇനി ഫയലില്‍ അദ്ദേഹം എഴുതിയത് നോക്കുക: "എന്നാല്‍ ചില ഫയലുകളുടെ പ്രാഥമിക പരിശോധനയില്‍ ഈ ഉദ്യോഗസ്ഥയുടെ സത്യസന്ധത വിശ്വാസ്യത (integrtiy) സംശയത്തിന് അതീതമല്ലെന്ന് കണ്ടെത്തി. ' അതിനാല്‍ 'എന്റെ' അഭിപ്രായത്തില്‍ അവര്‍ ഗുഡ് സര്‍വീസ് എന്‍ട്രിക്ക് അര്‍ഹയല്ല. ഈ സാഹചര്യത്തില്‍ 'ഞാന്‍'ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുന്നു.'
ഒപ്പ്: എ.ജയതിലക് .പ്രിന്‍സിപ്പല്‍ സെക്രട്ടറി .( 15'7.2021) എനിക്ക്, ഞാന്‍, എന്റെ ഇങ്ങനെ ഫയലെഴുന്നതാവാം പോസ്റ്റ് ട്രൂത്ത് കാലഘട്ടത്തിലെ ഒരു രീതി. നമോവാകം.
2021 ഏപ്രിലിനും ജൂലൈക്കുമിടയില്‍ ഈ അണ്ടര്‍ സെക്രട്ടറി ആകെ ചെയ്ത പാതകം എന്തെന്നല്ലേ? മുട്ടില്‍ മരംമുറി ഫയല്‍ വിവരാവകാശ നിയമം അനുസരിച്ച് പുറത്ത് നല്‍കി എന്നതാണ് അവര്‍ ചെയ്ത കുറ്റം. ഈ സര്‍ക്കാരിന്റെ ഒരു രീതി വെച്ച് അവര്‍ക്കെതിരെ കുറഞ്ഞത് ഒരു യു.എ.പി.എ കേസെങ്കിലും ചുമത്തേണ്ടതായിരുന്നു. ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുക മാത്രമല്ലെ ചെയ്തുള്ളൂ. (നവോത്ഥാനം, മതില്‍, ഒപ്പമുണ്ട്, കരുതല്‍ എന്നീ വാക്കുകള്‍ ഓര്‍ക്കരുതെന്ന് അപേക്ഷ ) .
' അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥ മികച്ച രീതിയില്‍ അവരില്‍ നിക്ഷിപ്തമായ ജോലി നിര്‍വഹിച്ചു. അവര്‍ അശ്രാന്തം പരിശ്രമിച്ച് കെട്ടിക്കിടന്ന ഫയലുകള്‍ തീര്‍പ്പാക്കി.അവര്‍ സഹ പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും വഴികാട്ടിയും മികച്ച മേലുദ്യോഗസ്ഥയുമായി പ്രവര്‍ത്തിച്ചു. റവന്യൂ ചട്ടങ്ങളെ കുറിച്ചുള്ള അവരുടെ അറിവ് അപാരമാണ്. കുറ്റമറ്റ രീതിയില്‍ ഫയല്‍ നോട്ടുകള്‍ തയാറാക്കുന്നു. അവര്‍ക്ക് ജോലിയോടുള്ള ആത്മാര്‍ഥതയും ആത്മാര്‍പ്പണവും കണക്കിലെടുത്ത് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നു.' ഒപ്പ്.എ.ജയതിലക്
.(1. 4.2021) ഇതായിരുന്നു ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയ ഫയലില്‍ എ.ജയതിലക് എഴുതിയത്. മൂന്നു മാസം കൊണ്ട് അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് ബാഡ് സര്‍വീസായി.
ഫയലുകള്‍ക്ക് സ്‌കിസോഫ്രേനിയവരും കാലം. വായിക്കുന്നവര്‍ കുഴയും. പ്രിയപ്പെട്ട രാജന്‍ റവന്യൂ മന്ത്രിയെന്ന നിലയില്‍ താങ്കളുടെ വകുപ്പില്‍ നടക്കുന്നതൊക്കെ ഒന്നറിയാന്‍ ശ്രമിക്കുക. എളുപ്പമല്ല… എങ്കിലും യുക്തിക്കു നിരക്കുന്ന ഭരണരീതിയും പൊതു നന്‍മയും ഒരു വനിതാ ജീവനക്കാരിയുടെ അന്തസും ഒക്കെ സംരക്ഷിക്കേണ്ടത് അങ്ങയുടെ കൂടി ചുമതലയാണ്.
മുഖ്യമന്ത്രിയോടും സി പി എമ്മിനോടും ഒരു ലളിതമായ ചോദ്യം? നിങ്ങളാരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ഇത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.