ഒരു മാസം മുമ്പ് കോവിഡ് വരുത്താൻ വല്ല വിദ്യയുമുണ്ടോ? -സർക്കാറിന്റെ പുതിയ നിയന്ത്രണം അതിഭീകരം -പി.ജെ. ബേബി
text_fields
കോഴിക്കോട്: ഇന്നുമുതൽ കടകളിലും ബാങ്കുകളിലും പൊതുസ്ഥലങ്ങളിലും പോകാന്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സ്വീകരിച്ച രേഖയോ നിർബന്ധമാണെന്ന സർക്കാർ ഉത്തരവിനെതിരെ വിമർശനം കനക്കുന്നു. കടകളിൽ പ്രവേശിക്കേണ്ട നിബന്ധന അതിഭീകരമാണെന്നും ഒരു മാസം മുമ്പ് കോവിഡ് വരുത്താൻ വല്ല വിദ്യയുമുണ്ടോ എന്നുമാണ് ആക്ടിവിസ്റ്റ് പി.ജെ. ബേബിയുടെ ചോദ്യം. വാക്സിൻ ലഭ്യതക്കുറവും ആർ.ടി.പി.സിആറിന് ഇടക്കിടെ പണം ചെലവഴിക്കേണ്ടതും പരിഗണിക്കുേമ്പാൾ ഇതുമാത്രമാണ് സാധാരണക്കാർക്ക് മുന്നിലുള്ള ഏക പോംവഴിയെന്നും അദ്ദേഹം പരിഹസിക്കുന്നു.
'പരമാവധി പിഴയീടാക്കൽ ലക്ഷ്യമാകാം. വാക്സിൻ ലഭിക്കാത്ത 60ന് താഴെ പ്രായമുള്ള നല്ല ശതമാനം പേർ വീട്ടിൽ വിശ്രമിക്കട്ടെ, 70 വയസ്സായ വൃദ്ധൻ /വൃദ്ധ കടയിൽപ്പോയി ശാരീരികാരോഗ്യം നേടട്ടെ എന്ന തീരുമാനം അതിഭയങ്കരമായിപ്പോയി. ഇത്രയും ഭ്രാന്തന്മാർ എന്നത് ലോകം ഞെട്ടലോടെയേ കാണൂ.'' -അദ്ദേഹം പറയുന്നു.
കടയിൽ പോകാൻ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സ്വീകരിച്ച രേഖയോ ഒരുമാസം മുമ്പ് കോവിഡ് പോസറ്റീവ് ആയിരുന്നുവെന്ന സർട്ടിഫിക്കറ്റോ നിർബന്ധമാണെന്ന കാര്യം ഇന്നും മന്ത്രി വീണ ജോര്‍ജ് ആവർത്തിച്ച് വ്യകതമാക്കിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. നിബന്ധനകള്‍ പാലിച്ചാല്‍ അഭികാമ്യം എന്നാണ് ഇന്നലെ മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയപ്പോള്‍ 'അഭികാമ്യം' എന്നത് 'നിര്‍ബന്ധം' എന്നായി. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
പി.ജെ. ബേബിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണ രൂപം:
കടകളിൽ പ്രവേശിക്കേണ്ട നിബന്ധന അതിഭീകരമായി.
ഒരു മാസം മുമ്പ്കോവിഡ് വന്നു പോയവരോ ഒരു വാക്സിനെടുത്തവരോ RTPCR സർട്ടിഫിക്കറ്റുള്ളവരോമാത്രമേ കടകളിൽ പോകാൻ പാടുള്ളുവത്രെ!!
ഒരു മാസം മുമ്പ് കോവിഡ് വരുത്താൻ വല്ല വിദ്യയുമുണ്ടോ?
ആളുകൾക്ക് സ്വാഭീഷ്ഠ പ്രകാരം വാക്സിനെടുക്കാൻ സൗകര്യം ചെയ്തിട്ടുണ്ടോ?
ആകെ പ്രായോഗികമായി ഒരാൾക്ക് സാധ്യമാകുക RTPCR ടെസ്റ്റ് ചെയ്യലാണ്.
ഒരു തവണ കടയിൽ പോകാൻ ഒരു ടെസ്റ്റ് !!!
ഒരു കൊല്ലം കടയിൽ പോകാൻ ഒരാൾ എത്ര ടെസ്റ്റ് ചെയ്യണം?
സ്വകാര്യ ആശുപത്രികൾ പരമാവധി പണമുണ്ടാക്കട്ടെ എന്നതാണോ ലക്ഷ്യം?
അതോ ഓൺലൈൻ വ്യാപാരം മാത്രം ബക്കി മതി എന്ന തീരുമാനം നടപ്പാക്കലോ?
കളരിക്ക് പുറത്തു നിന്ന് കുറുപ്പിന്റെ പുറത്തേക്കു തന്നെ.
ഇക്കണക്കിന് ആൾ ബാക്കിയായാൽ ഭാഗ്യം.
NB :സ്വകാര്യ ആശുപത്രികളിൽ വാക്സിനെടുപ്പിക്കുക എന്ന ലക്ഷ്യവുമുണ്ടാകാം. പക്ഷേ 18 വയസ്സിൽ തൊഴെയുള്ളവർക്ക് അത് നല്കില്ല. വാക്സിനെടുക്കാത്ത 18 ന് മുകളിലുള്ളവർക്ക് എല്ലാവർക്കും കെടുക്കാൻ അവിടെയും വാക്സിനില്ല. പരമാവധി പിഴയീടാക്കൽ ലക്ഷ്യമാകാം. 70 വയസ്സായ വൃദ്ധൻ /വൃദ്ധ കടയിൽപ്പോയി ശാരീരികാരോഗ്യം നേടട്ടെ,60 ന് താഴെയുള്ള നല്ല ശതമാനം പേർ വീട്ടിൽ വിശ്രമിക്കട്ടെ എന്ന തീരുമാനം അതിഭയങ്കരമായിപ്പോയി. ഇത്രയും ഭ്രാന്തന്മാർ എന്നത് ലോകം ഞെട്ടലോടെയേ കാണൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.