Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇതോ ഇവിടത്തെ സ്ത്രീ സുരക്ഷ?
cancel
camera_alt

ആ​ശ മാ​ള​വ്യ രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​നൊ​പ്പം

തിരുവനന്തപുരം: ഇന്ത്യ സ്ത്രീ സുരക്ഷിതമാണെന്ന സന്ദേശം ലോകത്തെ അറിയിക്കാൻ സൈക്കിളിൽ ഒറ്റക്ക് ഭാരതപര്യടനം നടത്തുന്ന മധ്യപ്രദേശുകാരിക്ക് കൊച്ചിയിൽ ജില്ല ഭരണകൂടത്തിന്‍റെ അവഗണന. രാത്രി താമസിക്കാന്‍ ഇടം തേടി കലക്ടർ രേണുരാജിനെ സമീപിച്ച 24കാരിയെ കാണാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, താമസിക്കാൻ ഇടവും നൽകിയില്ല. ഒടുവിൽ അർധരാത്രി വിശന്ന വയറുമായി ആലപ്പുഴയിലേക്ക് സൈക്കിൾ ചവിട്ടിയ താരത്തിന് അവിടത്തെ കലക്ടർ വി.ആർ. കൃഷ്ണതേജയാണ് താമസവും ഭക്ഷണവും നൽകിയത്.

‘സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം’ എന്ന മുദ്രാവാക്യവുമായി 20,000 കിലോമീറ്റർ ദൂരം ഇന്ത്യയിൽ ഒറ്റക്ക് സഞ്ചരിക്കുകയെന്ന ലക്ഷ‍്യവുമായാണ് രാജ്ഗഡ് സ്വദേശിയും കായികതാരവുമായ ആശാ മാളവ്യ മധ്യപ്രദേശ് സർക്കാറിന്‍റെ പിന്തുണയോടെ യാത്രയാരംഭിച്ചത്. ദരിദ്രകുടുംബത്തിൽ ജനിച്ചുവളര്‍ന്ന ആശക്ക് യാത്രക്കുള്ള സൈക്കിൾ വാങ്ങി നൽകിയതും മധ്യപ്രദേശ് സർക്കാറായിരുന്നു. കടന്നുപോകുന്ന ജില്ലകളിൽ ആശക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ വിവിധ മുഖ്യമന്ത്രിമാരോടും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇ-മെയിൽ വഴി അഭ്യർഥിച്ചിരുന്നു.

ഇതിനെതുടർന്ന് അതത് ജില്ല കലക്ടർമാരാണ് താരത്തിനുവേണ്ട താമസവും ഭക്ഷണവും ഒരുക്കിയത്.നവംബര്‍ ഒന്നിന് ഭോപ്പാലില്‍നിന്ന് പുറപ്പെട്ട് ഈ മാസം 18നാണ് ആശ കേരളത്തിലെത്തിയത്. 19ന് കണ്ണൂരിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെയും സന്ദർശിച്ചു. കേരളത്തിൽ എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. എന്നാൽ, ഡിസംബർ 23ന് കൊച്ചിയിലെത്തിയ ആശക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ഉണ്ടായത്.

ഉച്ചക്ക് മൂന്നിന് കലക്ടറുടെ ഓഫിസിലെത്തിയ ആശയോട് ജീവനക്കാർ മോശമായാണ് പെരുമാറിയത്. രണ്ടുമണിക്കൂർ കാത്തിരുന്നിട്ടും ഓഫിസിലുണ്ടായിരുന്ന കലക്ടർ രേണുരാജ് കാണാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല ‘എന്തെങ്കിലും ഉണ്ടെങ്കിൽ തന്‍റെ പി.എയോട് സംസാരിക്കാനു’മായിരുന്നു ദൂതൻ വഴി നിർദേശിച്ചത്. പി.എയോട് രാത്രി തങ്ങാൻ ഇടം ആവശ്യപ്പെട്ടെങ്കിലും തങ്ങൾക്ക് ആരുടെയും ഇ-മെയിൽ ലഭിച്ചിട്ടില്ലെന്നും അതിനാൽ താമസവും ഭക്ഷണവും നൽകാനാകില്ലെന്നുമായിരുന്നു മറുപടി.

സ്ത്രീ സുരക്ഷക്കായി ഇറങ്ങിപ്പുറപ്പെട്ട തനിക്ക് വനിത കലക്ടറുടെ ഭാഗത്തുനിന്നുണ്ടായ അനുഭവം മറക്കാനാകില്ലെന്ന് ആശ ‘മാധ്യമ’ത്തോട് പറഞ്ഞു. തുടർന്ന് വൈകീട്ട് കൊച്ചിയിൽനിന്ന് പുറപ്പെട്ട താരം രാത്രി 10.30ഓടെയാണ് ആലപ്പുഴ കലക്ടർക്ക് മുന്നിലെത്തുന്നത്. ഉടൻതന്നെ അദ്ദേഹം കെ.ടി.ഡി.സിയിൽ താമസവും ഭക്ഷണം ഒരുക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ ആശയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു.

രാജ്ഭവനിലാണ് ഇപ്പോൾ താമസം. ഇന്ന് തമിഴ്നാട്ടിലേക്ക് തിരിക്കും. അടുത്തവര്‍ഷം ആഗസ്‌റ്റോടെ ഡൽഹിയിൽ രാഷ്ട്രപതിയെകണ്ട് യാത്ര പൂര്‍ത്തിയാക്കും.അതേസമയം, ആശയുടെ ആരോപണങ്ങളോട് കലക്ടർ രേണുരാജ് പ്രതികരിച്ചില്ല. കലക്ടർ അവധിയിലാണെന്നും ആശയുടെ യാത്രയെപ്പറ്റി തങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നും അവരുടെ ഓഫിസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women safety
News Summary - Is this the safety of women here?
Next Story