ഐ.എസ് കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
text_fieldsകൊച്ചി: ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഏഴുപേരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. 12 ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് കേരളത്തില്‍നിന്ന് അറസ്റ്റിലായ ആറുപേരെയും തിരുനെല്‍വേലി സ്വദേശി സുബ്ഹാനിയെയും എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കുന്നത്. സുബ്ഹാനി ഇറാഖില്‍ ഐ.എസിനുവേണ്ടി യുദ്ധം ചെയ്തുവെന്നതടക്കം നിരവധി ആരോപണങ്ങള്‍ എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നെങ്കിലും അറസ്റ്റിലായ മറ്റ് ആറുപേര്‍ക്കെതിരായ കുറ്റങ്ങള്‍ എന്‍.ഐ.എ ഇനിയും വ്യക്തമാക്കിയിട്ടില്ല.
കേസില്‍ നാല് പേര്‍കൂടി ഉള്‍പ്പെട്ടതായി പറയുന്നുണ്ടെങ്കിലും ഇവരെ പ്രതിചേര്‍ത്തുള്ള എഫ്.ഐ.ആര്‍ എന്‍.ഐ.എ പുറത്തുവിട്ടിട്ടില്ല. കോടതിയില്‍ വെള്ളിയാഴ്ച പ്രതികളെ ഹാജരാക്കുമ്പോള്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.
കൂടാതെ, പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു.
സുബ്ഹാനിക്ക് പുറമെ കണ്ണൂര്‍ മേക്കുന്ന് കനകമലയില്‍ രഹസ്യയോഗം നടത്തിയെന്നാരോപിച്ച് കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഒമര്‍ അല്‍ ഹിന്ദി എന്നീ പേരുകളിലറിയപ്പെടുന്ന മന്‍സീദ് (30), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്ന എന്ന സ്വാലിഹ് മുഹമ്മദ് (26), കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബൂബഷീര്‍ (29), കോഴിക്കോട് കുറ്റ്യാടി നങ്ങീലന്‍ കുടിയില്‍ ആമു എന്ന റംഷാദ് (24), ഒമ്പതും പത്തും പ്രതികളായ മലപ്പുറം തിരൂര്‍ പൊനമുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി. സഫ്വാന്‍ (30), കുറ്റ്യാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിം (25) എന്നിവരെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്.
ഇതോടൊപ്പം കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തി എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.