കിഫ്ബി എന്താണെന്നറിയാത്ത കോമാളികളാണ് ഇ.ഡിയിലുള്ളത്; ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് ഐസക്
text_fieldsതിരുവനന്തപുരം: ഉദ്യോഗസ്ഥരെയും അന്വേഷണ ഏജൻസികളെയും രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്രം ഉപയോഗിക്കുകയാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.
കിഫ്ബി എന്താണെന്നറിയാത്ത കോമാളികളാണ് ഇ.ഡിയിലുള്ളതെന്ന് തോമസ് ഐസക് പറഞ്ഞു. നിയമവും ചട്ടവും അറിയാത്ത അന്വേഷണ ഉദ്യോഗസ്ഥർ വിഡ്ഡിത്തങ്ങൾ എഴുന്നള്ളിക്കുകയാണ്. കീഴിലുള്ള ഉദ്യേഗസ്ഥരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് കേന്ദ്ര ധനമന്ത്രി. അവരുടെ നിർദേശമനുസരിച്ച് കേരളത്തിനെതിരെ നടപടിയെടുക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരെന്നും ഐസക് പറഞ്ഞു.
കേരളത്തിലെ വികസനത്തെ തകർക്കുകയാണ് കിഫ്ബിക്കെതിരായ നീക്കത്തിന് പിറകിൽ. കേരളത്തെ തകർക്കാനാണ് നീക്കമെങ്കിൽ നേരിടും. വടക്കേ ഇന്ത്യയിലെ കോൺഗ്രസ് നേതാക്കളല്ല കേരളത്തിലുള്ളതെന്നും കേന്ദ്രം ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ഉദ്യേഗസ്ഥരെ അന്വേഷണ ഏജൻസികൾ ഭീഷണിപ്പെടുത്തുകയാണ്. സംസ്ഥാനത്തിന്റെ ഉദ്യേഗസ്ഥർ മന്ത്രിസഭയുടെ നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അവരുടെ പ്രവർത്തിക്ക് ഉത്തരവാദിത്വം ഏൽക്കാൻ ഇവിടെ ആളുണ്ടെന്നും തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഐ.ആർ.എസ് ഉദ്യോഗസ്ഥനായ മനീഷിന്‍റെ നേതൃത്വത്തിലാണ് കിഫ്ബിക്കെതിരെ നീക്കം നടത്തുന്നത്. രാജസ്ഥാനിലെ ബി.ജെ.പി നേതാവിന്‍റെ മകനായ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് അടക്കമുള്ള ബി.ജെ.പി ഇതര സർക്കാറുകളെയും നേതാക്കളെയും കേന്ദ്രം വേട്ടയാടുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.
അന്വേഷണ ഏജൻസികളെ തുടലഴിച്ചുവിടുന്നവരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കേരളത്തിൽ ഭരണത്തിലുള്ളത് ഇടതുപക്ഷമാണെന്ന് കേന്ദ്രം ഒാർക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.