യൂത്ത് ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; പ്രതികൾ അയൽവാസികളെന്ന് പൊലീസ്
text_fieldsതാനൂർ: താനൂർ അഞ്ചുടിയിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. കൊലപാ തകത്തിന് പിന്നിൽ നാലംഗ സംഘമെന്ന് മലപ്പുറം എസ്.പി യു. അബ്ദുൽകരീം പറഞ്ഞു.
ഒളിവിൽ പോയ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. പൊതുജനങ്ങളുടെ സമാധാന ജീവിതമാണ് പ്രധാനമെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. കൊലപ്പെട്ട ഇസ്ഹാഖിന്‍റെ അയൽവാസികളാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ അഞ്ചുടി കുപ്പന്‍റെപുരക്കൽ ഇസ്ഹാഖ് എന്ന റഫീഖി (35) നെ വെട്ടിക്കൊന്നത്. നമസ്കാരത്തിന് പള്ളിയിൽ പോകവെ അഞ്ചുടി മദറ്സക്ക് സമീപംവെച്ചാണ് ആക്രമണത്തിന് ഇരയായത്. മത്സ്യത്തൊഴിലാളിയായ ഇസ്ഹാഖ് അഞ്ചുടി ശാഖ മുസ്‌ലിം യൂത്ത് ലീഗ് മുൻ വൈസ് പ്രസിഡൻറായിരുന്നു.
ഓട്ടോറിക്ഷയിൽ വന്ന സംഘം ഗുരുതരമായി വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇവർ ഓടി രക്ഷപ്പെട്ടു. കൈയും കാലും അറ്റ നിലയിലായിരുന്നു. മുഖത്തും വെട്ടേറ്റിട്ടുണ്ട്. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി തിരൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. ലീഗ് ജില്ല പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. സമാധാനഭംഗമുണ്ടാക്കാന്‍ നടത്തിയ ബോധപൂര്‍വ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.