ഐ.എസിന്റെ എല്ലാ ശ്രമങ്ങളും നിർവീര്യമാക്കാനായി; ലൗ ജിഹാദ് പ്രയോഗം തെറ്റ് –ഡി.ജി.പി ലോക്നാഥ് ബെഹ്റ
text_fieldsതിരുവനന്തപുരം: ഐ.എസ് ലക്ഷ്യം വെക്കുന്ന സ്ഥലങ്ങളിലൊന്നാണ് കേരളമെങ്കിലും സംസ്ഥാനം പൂര്‍ണമായും സുരക്ഷിതമാണെന്ന് സ്ഥാനമൊഴിയുന്ന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. 2016-17 കാലത്ത് കേരളത്തില്‍നിന്ന് ചിലരെ അവര്‍ റിക്രൂട്ട് ചെയ്തിരുന്നു. പിന്നീട് അത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും നിർവീര്യമാക്കാനായി.
മുംബൈ, ഡൽഹി എന്നിവക്കൊപ്പം ഐ.എസ് ലക്ഷ്യം വെക്കുന്ന സ്ഥലങ്ങളിലൊന്നാണ് കേരളം. വിദ്യാഭ്യാസ നിലവാരവും ഐ.ടി സാക്ഷരതയുമാണ് കാരണം. കേരളത്തിൽ ഇത്തരം ശ്രമങ്ങൾ നടത്തിയതെല്ലാം രാജ്യത്തിന് പുറത്തുനിന്നാണ്. ഇവിടെയുള്ളവർക്ക് പരോക്ഷ ബന്ധം മാത്രമേ കണ്ടെത്തിയിരുന്നുള്ളൂവെന്നും ബെഹ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലൗ ജിഹാദ് പ്രയോഗം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഒരാൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ നമ്മുടെ നിയമം അനുവദിക്കുന്നുണ്ട്. അതിൽ മതമോ മറ്റ് കാര്യങ്ങളോ പ്രശ്നമല്ല. ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ലൗ ജിഹാദ് പ്രയോഗം കൊണ്ടുവന്നത്. വ്യത്യസ്ത മതങ്ങളിലുള്ളവർ വിവാഹിതരാകുന്നത് ഇവിടെ പുതുമയല്ല. അതിനെ രാഷ്ട്രീയവത്കരിക്കരുത്. മാവോവാദികൾ വെടിവെപ്പിൽ മരിച്ച സംഭവത്തിൽ ഒരു ഖേദവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട സ്വദേശിനി ജെസ്നയെ കണ്ടെത്താനാകാത്തതിൽ വിഷമമുണ്ട്. ഈ കേസിൽ കേരള പൊലീസിന് ചെയ്യാനാവുന്നതെല്ലാം ചെയ്തു. സി.ബി.ഐ ഈ കേസ് തെളിയിക്കുമെന്നും ബെഹ്റ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.