ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ദ്വീപ് പഞ്ചായത്ത് രംഗത്ത്; കിൽത്താനിൽ അറസ്റ്റിലായവർക്ക് പിന്തുണ
text_fieldsകൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ കവരത്തി ദ്വീപ് പഞ്ചായത്ത് പരസ്യമായി രംഗത്ത്. ഭരണഘടനവിരുദ്ധവും ജനാധിപത്യത്തിന് നിരക്കാത്തതും അശാസ്ത്രീയവുമായ നിയമപരിഷ്കാരങ്ങൾക്കെതിരെ കടുത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുകയാണെന്ന് ദ്വീപ് പഞ്ചായത്ത് പ്രമേയത്തിൽ വ്യക്തമാക്കി.
കിൽത്താൻ ദ്വീപിനെ അപമാനിച്ച കലക്ടർക്കെതിരെ പ്രതിഷേധം പരസ്യമാക്കിയ അവർ അറസ്റ്റിലായ യുവാക്കൾക്ക് പിന്തുണ നൽകാനും തീരുമാനിച്ചു. ജനദ്രോഹപരമായ നീക്കങ്ങളിൽനിന്ന് ഭരണകൂടം പിന്മാറണമെന്ന് അവർ ആവശ്യപ്പെട്ടു.
സുപ്രീംകോടതി അംഗീകരിച്ച സംയോജിത ദ്വീപ് മാനേജ്മെൻറ് പ്ലാൻ പ്രകാരം ഏതു വികസനപദ്ധതിയും ദ്വീപിലെ പഞ്ചായത്തുമായും ജില്ല പഞ്ചായത്തുമായും ആലോചിച്ചു മാത്രമെ നടപ്പാക്കാവൂ എന്ന് അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ മേലാളന്മാർക്ക് ദല്ലാൾ പണിയെടുക്കുന്നതു നിർത്തി നീതിയുക്തമായ കൃത്യനിർവഹണം നടത്തണമെന്നും ഐ.എ.എസ് പദവിയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്നും കലക്ടറോട് ആവശ്യപ്പെടും.
കിൽത്താൻ ദ്വീപിലെ ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കിയാണ് ജയിലിൽ അടച്ചിരിക്കുന്നത്. തങ്ങളുടെ അധികാരത്തിൽ കടന്നുകയറരുതെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് പഞ്ചായത്ത് താക്കീത് നൽകി.
പാർലമെൻറ് അംഗീകരിച്ച നിയമത്തിെൻറ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കി സെക്രട്ടറിക്ക് കത്ത് നൽകി. സ്ഥലംമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ സെക്രട്ടറി ഏകപക്ഷീയമായി നടപ്പാക്കുകയാണ്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സെക്രട്ടറി നടപടി ആരംഭിച്ചത് അംഗീകരിക്കില്ലെന്നും പഞ്ചായത്ത് ചീഫ് കൗൺസിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.