എം.എം. അക്ബറിനെ വേട്ടയാടാനുള്ള നീക്കം അപലപനീയം -ടി.പി. അബ്ദുല്ലക്കോയ മദനി
text_fieldsകോഴിക്കോട്: ഇസ്ലാമിക പ്രബോധകനും ഗ്രന്ഥകാരനുമായ എം.എം. അക്ബറിനെതിരെയുള്ള നീക്കം ആശങ്ക ഉളവാക്കുന്നതാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. മുതലക്കുളത്ത് ഐ.എസ്.എം ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ആശങ്ക ലഘൂകരിക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ആവശ്യമാണ്.
ജനാധിപത്യ സർക്കാറുകളിലും നീതിന്യായ വ്യവസ്ഥയിലുമാണ് മതന്യൂനപക്ഷങ്ങൾ പ്രതീക്ഷ അർപ്പിക്കുന്നത്. ഇതിനനുസരിച്ച് സത്യസന്ധവും നീതിയുക്തവുമായ നിലപാടെടുക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കണം. വർഗീയ ഫാഷിസം ചിന്താസ്വാതന്ത്ര്യത്തിനും പ്രബോധന സ്വാതന്ത്ര്യത്തിനും തടയിടാനുള്ള ആസൂത്രിത നീക്കം നടത്തുകയാണ്. എം.എം. അക്ബറിനെ വേട്ടയാടാനുള്ള ശ്രമങ്ങൾ അപലപനീയമാണ്. ഇതിനെ ജനാധിപത്യ, മതനിരപേക്ഷ കക്ഷികളുമായി ചേർന്ന് നീതിപീഠത്തിൽ വിശ്വാസമർപ്പിച്ച് നേരിടണം. മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ളവർ നീതി നിഷേധത്തിനും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്ലാമിക പ്രബോധന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ആസൂത്രിത നീക്കം വിവേകത്തോടെ ചെറുക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം അഭ്യർഥിച്ചു.
ഓൾ ഇന്ത്യ അഹ്ലേ ഹദീസ് ഖാസിൻ മൗലാന അബ്ദുൽ വകീൽ പർവേസ് (മഹാരാഷ്ട്ര) ഉദ്ഘാടനം ചെയ്തു. ഒരുവർഷം നീളുന്ന ഗോൾഡൻ ജൂബിലി പദ്ധതികളുടെ പ്രഖ്യാപനം ടി.പി. അബ്ദുല്ലക്കോയ മദനിയും അന്താരാഷ്ട്ര ഇസ്ലാമിക് എക്സിബിഷൻ പ്രഖ്യാപനം ഡോ. ഹുസൈൻ മടവൂരും നിർവഹിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. കെ.എൻ.എം ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി മുഖ്യ പ്രഭാഷണം നടത്തി. വെളിച്ചം ഖുർആൻ പഠന പദ്ധതി പ്രഖ്യാപനം എം. സ്വലാഹുദ്ദീൻ മദനി നിർവഹിച്ചു. എം. മുഹമ്മദ് മദനി, നൂർ മുഹമ്മദ് നൂർഷ, എ. അസ്ഗറലി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, പി.കെ. സക്കരിയ്യ സ്വലാഹി, നിസാർ ഒളവണ്ണ, അഹ്മദ് അനസ് മൗലവി, ഷരീഫ് മേലേതിൽ, ജലീൽ മാമാങ്കര, മമ്മൂട്ടി മുസ്ലിയാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.