ഐ.എസ്.എം സംസ്ഥാന സമ്മേളനം നാളെമുതൽ എറണാകുളത്ത്
text_fieldsകൊച്ചി: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ആറുമാസമായി നടത്തുന്ന പ്രവർത്തനങ്ങളുടെ സമാപനമാണ് സമ്മേളനമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആത്മീയ ചൂഷണം, ലിബറലിസം, നാസ്തികത, അധാർമികത, വർഗീയത എന്നിവ സമൂഹത്തിലുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യും.
ശനിയാഴ്ച വൈകീട്ട് 4.30ന് ഫലസ്തീൻ അംബാസഡർ എച്ച്.ഇ. അദ്നാൻ അബുൽ ഹൈജ ഉദ്ഘാടനം ചെയ്യും. ചെയർമാൻ റഷീദ് ഉസ്മാൻ സേട്ട് അധ്യക്ഷത വഹിക്കും. സുവനീർ പ്രകാശനം എം.എ. മുഹമ്മദ് അഷ്റഫ് ഒമാൻ നിർവഹിക്കും. 6.30ന് ഫാമിലി സമ്മിറ്റ്. ഞായറാഴ്ച രാവിലെ ഒമ്പതിന് പഠന സെഷൻ അഖിലേന്ത്യ അഹ്ലെ ഹദീസ് സെക്രട്ടറി മൗലാന ഷമീം അഖ്തർ നദ്വി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും.
ഉച്ചക്ക് രണ്ടിന് യൂത്ത് സമ്മിറ്റ് നിയമമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ, എസ്.കെ. സജീഷ്, അഡ്വ. ഫൈസൽ ബാബു, കെ.എസ്. മുഹമ്മദ് ദാനിഷ്, പി.വി. അഹമ്മദ് സാജു, ഡോ. ജംഷീർ ഫാറൂഖി എന്നിവർ സംസാരിക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം സൗദി എംബസി അറ്റാഷേ ഷേക്ക് ബദർ നാസിർ അൽ അനസി ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും. കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും. ഐ.എസ്.എം വിഷൻ 2030 പ്രഖ്യാപനം വി.കെ. സക്കരിയ ദുബൈ നിർവഹിക്കും. കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ തുടങ്ങിയവർ സംസാരിക്കും. 6.30ന് നേരാണ് നിലപാട് തീം സെമിനാറിൽ ഹനീഫ് കായക്കൊടി, എം.എം. അക്ബർ, അബ്ദുസ്സലാം മോങ്ങം തുടങ്ങിയവർ സംസാരിക്കും.
വാർത്തസമ്മേളനത്തിൽ കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി, സമ്മേളന സ്വാഗതസംഘം ചെയർമാൻ റഷീദ് ഉസ്മാൻ സേട്ട്, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ശരീഫ് മേലേതിൽ, ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, വൈസ് പ്രസിഡൻറ് സുബൈർ പീടിയേക്കൽ, സെക്രട്ടറി പി. യാസർ അറഫാത്ത്, സലീം ഫാറൂഖി, അസ്ലം പള്ളുരുത്തി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.