കേസെല്ലാം ആവിയായി; ഇസ്മാഈലിന്‍റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ട് തുറന്നു
text_fieldsആറാട്ടുപുഴ: അരിപ്പത്തിരി വിറ്റപ്പോൾ യു.പി.ഐ. ഇടപാടിലൂടെ കൈപറ്റിയ 300 രൂപയുടെ പേരിൽ മരവിപ്പിച്ച ഇസ്മാഈലിന്‍റെ ബാങ്ക് അക്കൗണ്ട് തുറന്നു. ഒരു കോടതിയുടെ ഇടപെടലും ആരോപിക്കപ്പെട്ട കേസിന്‍റെ നടപടിക്രമങ്ങൾ തീരാതെയും അക്കൗണ്ട് തുറന്നപ്പോൾ വ്യാപകമായി നടന്ന അക്കൗണ്ട് മരവിപ്പിക്കലിന്‍റെ പിന്നിലെ ദുരൂഹത വർധിക്കുകയാണ്. ഇസ്മഈലിന്‍റെ അക്കൗണ്ട് മരവിപ്പിച്ച വാർത്ത മാധ്യമവും മീഡിയാവണുമാണ് ആദ്യമായി പുറത്ത് കൊണ്ടുവന്നത്. തുടർന്ന് യു.പി.ഐ. ഇടപാടിന്‍റെ പേരിൽ ഒരു നിയമ പിൻബലവുമില്ലാതെ അക്കൗണ്ട് മരവിപ്പിക്കുന്ന നൂറുകണക്കിന് പരാതികൾ ഉയർന്നതോടെ ബാങ്കും ഭരണകൂടവും പ്രതിരോധത്തിലായി. പ്രശ്നം ദേശീയതലത്തിൽ വരെ വലിയ ചർച്ചാ വിഷയമായതോടെ ഇതിൽ നിന്നും എങ്ങനെയും തലയൂരാനുള്ള പരിശ്രമത്തിലായിരുന്നു ബാങ്കുകൾ. ഇതിനിടയിലാണ് ആരോപിക്കപ്പെട്ട കേസ് പൊടുന്നനെ ആവിയായി പോയ പോലെ റദ്ദാക്കിയ അക്കൗണ്ട് ഒരു നടപടിക്രമവും കൂടാതെ തുറന്നു കൊടുത്തത്.
ബാങ്കുകളെ സംശയിച്ചതിനെ സാധൂകരിക്കുന്ന നടപടിയാണിതെന്നും ജനങ്ങൾക്ക് മുന്നിൽ ബാങ്കുകൾ കാര്യങ്ങൾ വ്യക്തമാക്കേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അക്കൗണ്ട് മരവിപ്പിച്ചതിനെ തുടർന്ന് അറുമാസമായി അനുഭവിച്ച പ്രയാസങ്ങൾക്ക് വിരാമമായതിന്‍റെ സന്തോഷത്തിലാണ് അരിപ്പത്തിരി കച്ചവടക്കാരനായ തൃക്കുന്നപ്പുഴ പാനൂർ വേണാട്ട് വീട്ടിൽ ഇസ്മാഈൽ. നാല് ലക്ഷം രൂപയാണ് 300 രൂപയുടെ പേരിൽ തടഞ്ഞുവെച്ചത്. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഫെഡറൽ ബാങ്ക് അമ്പലപ്പുഴ ശാഖാ മാനേജർ ഇസ്മാഈലിനെ ഫോണിൽ വിളിച്ച് അക്കൗണ്ട് ഫ്രീസാക്കിയ കാര്യം സംസരിക്കുന്നതിന് ആലപ്പുഴയിലെ റീജിയണൽ മാനേജരെ കാണാൻ പോകണമെന്നും അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തിയ ഇസ്മാഈലിനെയും കൊണ്ട് മാനേജർ തന്‍റെ കാറിൽ ആലപ്പുഴയിൽ കൊണ്ടു പോകുകയും റീജിയണൽ മാനേജറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇസ്മാഈലിന്‍റെ വ്യക്തിപരവും കുടുംബപരവുമായ എല്ലാ വിവരങ്ങളും ആരാഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോൾ മുകളിൽ നിന്നും അന്വേഷിച്ചാൽ ആളെക്കുറിച്ച് പറഞ്ഞ് കൊടുക്കാനെന്നായിരുന്നു മാനേജറുടെ മറുപടി. അക്കൗണ്ടിന്‍റെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ചു. വീട്ടിലെത്തി ഉച്ചക്ക് രണ്ടേമുക്കാലോടെ ശാഖാ മാനേജർ ഇസ്മഈലിനെ ഫോൺ വിളിച്ച് അക്കൗണ്ട് മരവിപ്പിച്ചത് റദ്ദാക്കിയെന്ന് അറിയിച്ചു. തുടർന്ന് ഇസ്മാഈലിന് അത് ബോധ്യപ്പെടുകയും ചെയ്തു.
വീട് നിർമാണത്തിന്‍റെ ആവശ്യത്തിനായി കഴിഞ്ഞ ഒക്ടോബർ ആറിന് പണമെടുക്കാൻ ഫെഡറൽ ബാങ്കിന്‍റെ അമ്പലപ്പുഴ ശാഖയിൽ എത്തിയപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം അറിയുന്നത്. വിവരങ്ങൾ രേഖാമൂലം തരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് അമ്പലപ്പുഴ ഫെഡറൽ ബാങ്ക് ശാഖ മാനേജർ ഒക്ടോബർ 10ന് നൽകിയ മറുപടിയിൽ 2022 സെപ്തംബർ 19ന് താങ്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുള്ള 300 രൂപയുമായി ബന്ധപ്പെട്ട് ഒരു പൊലീസ് കേസ് ഉണ്ടെന്നും ഈ തുകയെക്കുറിച്ചുള്ള ഉറവിടം വ്യക്തമാക്കണമെന്നായിരുന്നു അതിൽ ഉണ്ടായിരുന്നത്. തുടർന്ന് കേസിന്‍റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഒക്ടോബർ 19ന് ഇസ്മഈൽ കത്ത് നൽകുകയും 300 രൂപ തന്‍റെ പ്രദേശവാസിയായ യുവതി 150 അരിപ്പത്തിരി വാങ്ങിയ ഇനത്തിൽ അക്കൗണ്ടിലേക്ക് ഗൂഗിൾ പേയായി നിക്ഷേപിച്ചതാണെന്നും മറുപടി നൽകി.
അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങളും തന്‍റെ നിരപരാധിത്വവും ബാങ്കിനെ ബോധ്യപ്പെടുത്തിയെങ്കിലും തങ്ങൾ നിസഹായരാണെന്ന മറുപടിയാണ് ബാങ്കുകാർ നൽകിയത്. തുടർന്ന് ഒക്ടോബർ 21ന് ബാങ്കുകാർ നൽകിയ മറുപടിയിൽ താങ്കളുടെ അക്കൗണ്ടിൽ 300 രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഹൽവാദ്പൊലീസ് സ്‌റ്റേഷനിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ലോ എൻഫോഴ്സ്മെന്‍റ് ഏജൻസിയുടെ നിർദേശ പ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നുമാണ് വ്യക്തമാക്കിയിരുന്നത്. കേസ് സംബന്ധിച്ച വിവരങ്ങളും ഗുജറാത്ത് പൊലീസുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പരും കത്തിടപാട് നടത്തേണ്ട വിലാസവും ഇ മെയിൽ വിലാസവുമെല്ലാം അടങ്ങിയ മറുപടി ബാങ്ക് അധികൃതർ ഇസ്മാഈലിന് കൈമാറി. തുടർന്ന് ഡിസംബർ 20ന് ഗുജറാത്തിലെ ഹൽവാദ് പൊലീസ് സ്റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫിസർക്ക് തന്‍റെ നിരപരാധിത്വവും അക്കൗണ്ട് മരവിപ്പിച്ചതു മൂലം താൻ ജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങളും ബോധ്യപ്പെടുത്തി ഇസ്മഈൽ വിശദമായ കത്തയച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.
തന്‍റെ പ്രയാസങ്ങൾ പറയാൻ ഇസ്മഈൽ ഫെഡറൽ ബാങ്കിന്‍റെ ആലുവയിലുള്ള ആസ്ഥാനത്തെത്തിയെങ്കിലും തന്‍റെ പരാതിക്ക് ചെവി കൊടുക്കാൻ പോലും ആരും തയാറായില്ല. പ്രതീക്ഷ നഷ്ടപ്പെട്ട ഇസ്മഈൽ അഡ്വ. എം. താഹ വഴി ഹൈകോടതിയെ സമീപിക്കുകയും അവിടെ കേസ് നടന്നു വരികെയുമാണ്. ഇതിനിടയിലാണ് ചൊവ്വാഴ്ച നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇടപാടുകാരുടെ മുന്നിൽ നിസഹായത പ്രകടിപ്പിച്ച ബാങ്കുകൾ പ്രശ്നം അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങേണ്ട ഗതികേടിലാണ്. എന്നാൽ, തന്‍റേതല്ലാത്ത കാരണത്താൽ അനുഭവിക്കേണ്ടി വന്ന പ്രശ്നത്തിന് ഹൈകോടതിയിൽ കേസ് കൊടുത്തതിനടക്കം ഇസ്മാഈലിനുണ്ടായ സാമ്പത്തികവും മാനസികവുമായുണ്ടായ നഷ്ടം ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.