കോവിഡ് പോസിറ്റീവ് ആയാല്‍ 10 ദിവസം ഐസൊലേഷന്‍ നിര്‍ബന്ധം -ആരോഗ്യവകുപ്പ്
text_fieldsകോഴിക്കോട്: കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ നിര്‍ബന്ധമായി 10 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പരിശോധിച്ച് രോഗമുണ്ടെന്നു റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ ദിവസങ്ങളില്‍ തുടര്‍ച്ചയായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നതു വരെ ലാബുകള്‍ കയറിയിറങ്ങുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇതു ഫീല്‍ഡ് പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. രോഗം പടര്‍ന്നുപിടിക്കാന്‍ ഇത്തരം പ്രവണതകള്‍ വഴിയൊരുക്കും. ഒരുതവണ കോവിഡ് പോസിറ്റീവ് ആണെന്നു ഫലം ലഭിച്ചാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വീണ്ടും പരിശോധിക്കണമെന്നു സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ല. രോഗലക്ഷണങ്ങളില്ലാതെയും കോവിഡ് രോഗബാധയുണ്ടാകാമെന്നു സ്ഥിരീകരിച്ചിട്ടുള്ളതാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നു കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആകുമെന്ന പ്രചാരണത്തില്‍ കഴമ്പില്ല. ഇന്‍ട്രാമാസ്‌കുലറായി തോള്‍ പേശികള്‍ക്കുള്ളില്‍ കുത്തിവയ്ക്കുന്നത് നിര്‍വീര്യമാക്കിയ വൈറസോ ഭാഗിക പ്രോട്ടീനുകളോ ആണ്. ജീവനുള്ള വൈറസ് ഒരിക്കലും കുത്തിവയ്ക്കാറില്ല. വാക്‌സിനേഷനെ തുടര്‍ന്നുണ്ടാകുന്ന പനി, ശരീരവേദന എന്നിവ വാക്‌സിനോടുള്ള ശരീരത്തിന്റെ പ്രതിരോധമാണ് കാണിക്കുന്നത്.
വാക്‌സിന്‍ അംശം യാതൊരു വിധത്തിലും സ്വാബ് എടുക്കുന്ന തൊണ്ടയ്ക്കും മൂക്കിനും ഇടയിലുള്ള ഭാഗത്ത് എത്തുകയുമില്ല. വാക്‌സിന്‍ സ്വീകരിച്ചാലും വളരെ കുറഞ്ഞ ശതമാനം ആളുകളില്‍ കോവിഡ് രോഗബാധയേല്‍ക്കാമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൈകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സോപ്പും സാനിറ്റൈസറും ഉപയോഗിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.