‘ഒരു ഏജന്‍സിയും എന്നെ അന്വേഷിച്ചു വന്നിട്ടില്ല, വിശുദ്ധ നാട്ടിലെ പുണ്യസ്ഥലം സന്ദർശിക്കാൻ ഞാൻ തീരുമാനിച്ചതാണ്’ -ഇസ്രായേലിൽ മുങ്ങിയ ബിജു കുര്യൻ
text_fieldsകോഴിക്കോട്/ഇരിട്ടി: ഇസ്രായേലിൽ തന്നെ ഒരു ഏജൻസിയും അന്വേഷിച്ച് വന്നിട്ടില്ലെന്ന് കൃഷി പഠിക്കാൻ ഇസ്രയേലിൽ പോയ സംസ്ഥാന സർക്കാറിന്റെ പ്രതിനിധി സംഘത്തിൽനിന്ന് മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യൻ. താൻ സ്വമേധയാ തിരിച്ചെത്തിയതാണ്. വിശുദ്ധ നാട്ടിൽ ചെന്നാൽ പുണ്യസ്ഥലം സന്ദർശിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും കരിപ്പൂരിൽ ഇന്ന് രാവിലെ വിമാനമിറങ്ങിയ ബിജു മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി 12നാണ് കേരളത്തിൽനിന്നുള്ള സ്ത്രീകൾ ഉൾപ്പെട്ട 27 അംഗ സംഘം കൊച്ചിയിൽനിന്ന് ഇസ്രായേലിലേക്ക് യാത്രതിരിച്ചത്. ഇതിൽ ബിജു കുര്യനെ ഫെബ്രുവരി 17ന് രാത്രി മുതൽ കാണാതായി. തുടർന്ന് ബിജു ഒഴികെയുള്ള സംഘം 20ന് പുലർച്ച നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തി. സംഘത്തിൽനിന്ന് ഒരാൾ അപ്രത്യക്ഷനായത് നാണക്കേടായതോടെ ഏതുവിധേനയും ഇയാളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സംസ്ഥാന സർക്കാർ. അതിനിടെയാണ് ഇയാളുടെ സഹോദരൻ വഴി ഇന്ന് തിരിച്ചെത്തിയത്. മേയ് എട്ടു വരെ കാലാവധിയുള്ള വീസ തെന്റ കൈവശമുണ്ടായിരുന്നതിനാൽ ഇസ്രായേലിലൂടെ എവിടെ നടന്നാലും ആരും ചോദിക്കില്ലെന്ന് ബിജു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
‘കൃഷിപഠനവുമായി ബന്ധപ്പെട്ടാണ് ഇസ്രയേലിലേക്കു പോയത്. ഇവിടെനിന്ന് ഏതാണ്ട് 27 പേരാണ് പോയത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ ഫീൽഡ് സന്ദർശനവും മറ്റുമായിരുന്നു. കേരളം പോലുള്ള സംസ്ഥാനത്ത് നടപ്പിലാക്കാൻ സാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ അവിടെയുണ്ട്. ഇവിടെ അഞ്ച് ഏക്കർ ഓറഞ്ച് തോട്ടത്തിൽനിന്നു ലഭിക്കുന്ന ആദായം അവിടെ ഒരു ഏക്കറിൽ താഴെ സ്ഥലത്തുനിന്ന് അവർക്കു ലഭിക്കുന്നുണ്ട്. അത്രയ്ക്ക് ശാസ്ത്രീയമാണ് അവിടുത്തെ രീതികൾ.
19-ാം തീയതി ഞായറാഴ്ചയായിരുന്നു ഇവിടേക്കു മടങ്ങേണ്ടത്. ഇസ്രായേലിൽ എത്തിയ നിലയ്ക്ക് പുണ്യസ്ഥലങ്ങൾ കൂടി സന്ദർശിക്കാമെന്നത് ഞാൻ തീരുമാനിച്ച കാര്യമാണ്. അതുകൊണ്ട് ജറുസലം ദേവാലയം സന്ദർശിക്കാനായി പോയി. പിറ്റേ ദിവസം ബത്‍ലഹെമിലേക്കും പോയി. ശനിയാഴ്ച തിരിച്ചുവരേണ്ട സമയമായപ്പോഴേക്കും ആകെ പ്രശ്നമായതായി അറിഞ്ഞു. തീർത്തും മോശമായ രീതിയിൽ പലതും പ്രചരിച്ചതിനാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ വന്നു.
എല്ലാം കേട്ട് ആകെ വിഷമമായതുകൊണ്ട് മറ്റു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനായില്ല. അതുകൊണ്ട് അന്നും അവിടെത്തന്നെ തുടർന്നു. പിന്നീട് മറ്റൊരാളുടെ സഹായത്തോടെ ഭാര്യയെ വിളിച്ച് ഞാൻ സുരക്ഷിതനായി ഇവിടെയുണ്ടെന്നും വീട്ടിലേക്ക് തിരിച്ചെത്തിക്കോളാമെന്നും പറഞ്ഞു. സഹോദരനുമായി ബന്ധപ്പെട്ടു. ഭയപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും എന്തു സഹായവും ചെയ്തു തരാമെന്നും സഹോദരൻ പറഞ്ഞു. മറ്റാരുടെയോ സഹായത്തോടുകൂടി സഹോദരനാണ് ഇവിടേക്കു മടങ്ങാനുള്ള ടിക്കറ്റ് എടുത്തുതന്നത്. അങ്ങനെയാണ് ഞാൻ ഇപ്പോൾ തിരിച്ചെത്തിയത്.
സംഘത്തിൽനിന്നു മാറിയ ശേഷം എനിക്ക് അവർക്കൊപ്പം വീണ്ടും ചേരാനാകാതെ പോയതാണ് പ്രശ്നമായത്. അതിൽ വീട്ടുകാരോടും എനിക്കൊപ്പം ഉണ്ടായിരുന്ന 26 പേരോടും പ്രത്യേകിച്ചും പ്രിൻസിപ്പൽ സെക്രട്ടറി അശോക് സാറിനോടും കൃഷി വകുപ്പിനോടും കൃഷിവകുപ്പ് മന്ത്രിയോടും സംസ്ഥാന സർക്കാരിനോടും നിർവ്യാജം മാപ്പു ചോദിക്കുന്നു. സംഘം വിട്ടശേഷം മറ്റുള്ളവരെ ബന്ധപ്പെടാൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല. കാരണം വൈഫൈ ലഭിച്ചിരുന്നത് താമസിച്ചിരുന്ന ഹോട്ടലിലും യാത്ര ചെയ്തിരുന്ന ബസിലും മാത്രമാണ്. അല്ലാതെ ബന്ധപ്പെടാൻ ഐഎസ്ഡി സൗകര്യം വേണം. അത് എന്റെ ഫോണിലുണ്ടായിരുന്നില്ല. മേയ് എട്ടു വരെ കാലാവധിയുള്ള വീസ എന്റെ കൈവശമുണ്ടായിരുന്നു. അതുകൊണ്ട് അന്നുവരെ അതിലെ നടന്നാലും ആരും ചോദിക്കുമായിരുന്നില്ല. ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ചു വന്നിട്ടില്ല’ -ബിജു കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
ബിജു കുര്യൻ വരുന്നത് സന്തോഷകരമാണെന്നും സർക്കാറിന് അയാളോട് ഒരുവിധ ശത്രുതയും ഇല്ലെന്നും കൃഷിമന്ത്രി പി. പ്രസാദ് പ്രതികരിച്ചു. ‘ഇസ്രായേലിൽ പോയി കാണാതായ ബിജു കുര്യന്‍റെ മടക്കം സന്തോഷകരമാണ്. സാധാരണക്കാരനായ കൃഷിക്കാരനാണ് അദ്ദേഹം. സർക്കാറിന് അയാളോട് ഒരുവിധ ശത്രുതയും ഇല്ല. എന്തുകൊണ്ടാണ് മാറിനിന്നതെന്ന് അയാൾതന്നെ പറയേണ്ട കാര്യമാണ്. താൻ സുരക്ഷിതനാണെന്ന് കുടുംബാംഗങ്ങളോട് അദ്ദേഹം പറഞ്ഞെങ്കിലും സർക്കാറിന്‍റെ ഉത്തരവാദിത്തം മാറുന്നില്ല’ - മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.