ഇസ്രായേൽ ഭീകരതക്കെതിരെ ലോകമനഃസാക്ഷി ഉണരണം -വിസ്ഡം സമ്മേളനം
text_fieldsഅങ്കമാലി: ഫലസ്തീനികളുടെ ജന്മാവകാശത്തിൽ ക്രൂരമായ കൈയേറ്റം തുടരുന്ന ഇസ്രായേൽ ഭീകരതക്കെതിരെ ലോകമനഃസാക്ഷി ഉണരണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച പ്രഫഷനൽസ് ഫാമിലി കോൺഫറൻസിന്റെ (പ്രൊഫെയ്സ്) സമാപന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. നിരപരാധികളായ കുഞ്ഞുങ്ങളെയും ആശുപത്രിയിൽ കഴിയുന്ന രോഗികളെയും കൂട്ടക്കൊല ചെയ്യുന്ന ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണം.
സാമൂഹിക ഭദ്രത നിലനിർത്തി, ലിബറൽ ചിന്താഗതികൾക്കെതിരെ പോരാടണമെന്നും പ്രഫഷനലുകളുടെ ഗവേഷണവും തൊഴിൽപരവുമായ മികവുകൾ നിലനിർത്താൻ സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും മികച്ച പ്രഫഷനലുകളുടെ സേവനം രാജ്യത്ത് ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ‘യുവത്വം നിർവചിക്കപ്പെടുന്നു’ പ്രമേയത്തിൽ ഫെബ്രുവരിയിൽ മലപ്പുറത്ത് നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
രണ്ടു ദിവസമായി അങ്കമാലി അഡ്ലക്സിൽ നടന്ന സമ്മേളനം സൗദി എംബസി കൾചറൽ അറ്റാച്ചെ ഡോ. ഖാലിദ് യൂസുഫ് എ. ബർഖാവി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. അബ്ദുൽ മാലിക് അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിൽ ഹാരിസ് കായക്കൊടി, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, പി. യൂനുസ്, ഷംജാദ് കെ. അമ്പാസ്, ഡോ. സമാൻ, സി. മുഹമ്മദ് അജ്മൽ, ഡോ. ജവഹർ മുനവ്വര്, ജാസിർ സബ്രി, മിറാജ് മുഹമ്മദ്, ടി.കെ. അഷ്റഫ്, കെ. സജ്ജാദ്, ജംഷീർ സ്വലാഹി, അഡ്വ. മായൻകുട്ടി മേത്തർ, യു. മുഹമ്മദ് മദനി, ടി.കെ. നിഷാദ് സലഫി, ത്വാഹ റഷാദ്, മുഹമ്മദ് ഖാൻ, കെ. താജുദ്ദീൻ സ്വലാഹി, വി.പി. ബഷീർ, ഹാരിസ് ബിൻ സലിം, ഡോ. അബ്ദുല്ല ബാസിൽ, സക്കരിയ്യ പാണ്ടിക്കാട്, ഹാസിൽ അഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.