കുടുക്കിയവര്‍ ശിക്ഷ അനുഭവിക്കണം –നമ്പി നാരായണന്
text_fieldsതിരുവനന്തപുരം: ചാരക്കേസില്‍ തന്നെ ഉള്‍പ്പെടുത്തിയവര്‍ ശിക്ഷ അനുഭവിക്കണമെന്ന് ഐ. എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പിനാരായണന് പ്രതികരിച്ചു. സി.ബി.ഐ അന്വേഷണമാണ് ആഗ്രഹിച്ചത്. ജുഡീഷ്യല്‍ അന്വേഷണം വഴുതിപ്പോകുമോയെന്ന് സംശയമുണ്ട്. ഇപ്പോഴത്തെ കേസ് തീരുന്നതിന് 24 വര്‍ഷമെടുത്തു. ഇനിയൊരു 24 വര്‍ഷം കൂടി കാത്തിരിക്കാന്‍ വയ്യ.
അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം നൽകണമെന്നതുൾപ്പെടെയുള്ള സുപ്രീംകോടതി വിധി അറിഞ്ഞശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘വിധിയില്‍ സന്തോഷമുണ്ട്. എെൻറ ഔദ്യോഗിക ഭാവി അവര്‍ തകര്‍ത്തു. എന്നെ കള്ളക്കേസില്‍ കുടുക്കിയതിലൂടെ രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായി.
കേസില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍ രാജ്യം 1999ല്‍ തന്നെ ക്രയോജനിക് സാങ്കേതികവിദ്യ നേടുമായിരുന്നു. ചിലരുടെ താൽപര്യങ്ങളായിരുന്നു ഇൗ കേസിന് പിന്നിൽ. അതിെൻറ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. ഇൗ സുപ്രീംകോടതി വിധി വളരെ നിർണായകമാണ്. എന്തു ചെയ്താലും രക്ഷപ്പെടാമെന്ന പൊലീസിെൻറ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കും. ചരിത്രവിധിയാണിത്. നഷ്ടപരിഹാര തുകയിലല്ല കാര്യം. ഇൗകേസ് മൂലം തനിക്ക് ഒരുപാട് സാമ്പത്തികനഷ്ടമാണ് ഉണ്ടായത്. കേസ് നടത്താന്‍ പണവും സമയവും ധാരാളമായി ചെലവായി. പണത്തെക്കാള്‍ വലുത് തനിക്കുണ്ടായ മാനനഷ്ടമാണ്.
സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന് തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരാണ് തന്നെ കേസില്‍ കുടുക്കിയത്. ഇവരല്ലാതെ മറ്റാരൊക്കെ തന്നെ കുടുക്കിയതിന് പിന്നിലുണ്ടെന്ന് തനിക്കറിയില്ല. മറ്റാരെങ്കിലുമുണ്ടെങ്കില്‍ ജുഡീഷ്യല്‍ കമീഷന് കണ്ടെത്തെട്ട. അത്തരത്തിൽ അന്വേഷണം പുരോഗമിക്കുമെന്നാണ് പ്രതീക്ഷ. ശരിയായ ദിശയിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൂഢാലോചന പുറത്തുവരട്ടെ –രമണ്‍ ശ്രീവാസ്തവ
തിരുവനന്തപുരം: ഐ.എസ്.ആര്. ഒ ചാരക്കേസ് സൃഷ്ടിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്ന് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവും മുന്‍ ഡി.ജി.പിയുമായ രമണ്‍ ശ്രീവാസ്തവ. കേസില്‍ സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ഇൗ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ശ്രീവാസ്തവ. കേസിൽ ശ്രീവാസ്തവയെ സസ്പെൻഡ് ചെയ്തിരുന്നു.
ഞാന്‍ വെറും കേസ് ഡയറി എഴുത്തുകാരൻ –കെ.കെ. ജോഷ്വ
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട ചെറിയ ഉദ്യോഗസ്ഥന് മാത്രമായിരുന്നു താനെന്ന് അന്നത്തെ ഫോര്‍ട്ട് അസി. കമീഷണറായിരുന്ന കെ.കെ. ജോഷ്വ. കേസ് ഡയറി എഴുതാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കേസ് അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കാനുമാണ് തന്നെ നിയോഗിച്ചിരുന്നത്. വിധി യുക്തിരഹിതമാണ്. സി.ബി.ഐ അന്വേഷണത്തിനിടയില്‍ ഒരു ഉദ്യോഗസ്ഥന് തോന്നിയ നീരസമാണ് കേസില്‍ തെൻറ പേര് വലിച്ചിഴയ്ക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസില്‍ സുപ്രീംകോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കെ.കെ. ജോഷ്വ.
പ്രതികരിക്കാനില്ല –സിബി മാത്യൂസ്, വിജയൻ
തിരുവനന്തപുരം: നമ്പി നാരായണനെ പ്രതിയാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത ചാരക്കേസിലെ സുപ്രീംകോടതി വിധിയില്‍ പ്രതികരണത്തിനില്ലെന്ന് മുന്‍ ഡി.ജി.പി സിബി മാത്യൂസും ആദ്യം അന്വേഷണം നടത്തിയ ഡി. വിജയനും. ഇരുവർക്കുമെതിരെയാണ് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.