ഐ.എസ്.ആർ.ഒ ചാരക്കേസ്: അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീംകോടതി റദ്ദാക്കി, ഹൈകോടതി വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കണം
text_fieldsന്യൂഡൽഹി: 1994ലെ ഐ.എസ്.ആർ.ഒ ചാരക്കേസിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പ്രതിയാക്കി ചിത്രീകരിച്ചതിനെതിരെ നൽകിയ പരാതിയിൽ 2021 ൽ കേരള ഹൈകോടതി പ്രതികൾക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. മുൻ കേരള ഡി.ജി.പി സിബി മാത്യൂസ്, ഐ.ബി ഉദ്യോഗസ്ഥരായ മുൻ ഗുജറാത്ത് എ.ഡി.ജി.പി ആർ.ബി ശ്രീകുമാർ, പി.എസ് ജയകുമാർ, കേരള പൊലീസ് ഉദ്യോഗസ്ഥരായ എസ്. വിജയൻ, തമ്പി എസ്. ദുർഗ എന്നിവർക്കായിരുന്നു ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
എന്നാൽ ഹൈകോടതിയുടെ വിധിയെ ചോദ്യം ചെയ്ത് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ മുൻകൂർ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും ഹൈകോടതിയുടെ പരിഗണനക്ക് വിട്ടു. കേസിൽ ഇടപെടുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി വിഷയം പുതിയതുപോലെ പരിഗണിക്കാൻ ഹൈകോടതിയോട് നിർദേശിച്ചു.
ജാമ്യാപേക്ഷയിൽ നാലാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈകോടതിയോട് നിർദേശിച്ച സുപ്രീംകോടതി അഞ്ചാഴ്ചവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സി.ബി.ഐക്കും നിർദേശം നൽകി. ജസ്റ്റിസ് എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.