ഐ.എസ്.ആർ.ഒ ദിവസവും നൂറിലേറെ സൈബർ ആക്രമണം നേരിടുന്നു -ചെയർമാൻ
text_fieldsകൊച്ചി: ദിവസവും നൂറിലധികം സൈബർ ആക്രമണങ്ങൾ ഐ.എസ്.ആർ.ഒ നേരിടുന്നുണ്ടെന്ന് ചെയർമാൻ എസ്. സോമനാഥ്. അന്താരാഷ്ട്ര സൈബർ സുരക്ഷ സമ്മേളനമായ കൊക്കൂണിന്റെ സമാപനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഫ്റ്റ്‌വെയറുകൾക്ക് അപ്പുറം റോക്കറ്റുകൾക്കുള്ളിലെ ഹാർഡ്‌വെയർ ചിപ്പുകൾക്കുള്ള സുരക്ഷക്ക് പ്രധാന്യം നൽകി പലതരം പരീക്ഷണങ്ങളും നടത്തിയാണ് ഐ.എസ്.ആർ.ഒ മുന്നോട്ട് പോകുന്നത്. നേരത്തേ ഒരു സാറ്റ്ലൈറ്റ് നിരീക്ഷിക്കുന്ന രീതിയായിരുന്നു. ഇപ്പോൾ അത് മാറി ഒരു സോഫ്റ്റ്‌വെയർ അനേകം സാറ്റ്ലൈറ്റുകളെ നിരീക്ഷിക്കുന്ന രീതിയായി. ഇത് ഈ മേഖലയുടെ വളർച്ചയാണ് കാണിക്കുന്നത്. കോവിഡ് സമയത്ത് വിദൂര കേന്ദ്രത്തിൽ ഇരുന്നുതന്നെ വിക്ഷേപണം നടത്താൻ സാധിച്ചു. ഇതും സാങ്കേതികവിദ്യയുടെ വിജയമാണ്.
പലതരം ഉപഗ്രഹങ്ങൾ നമുക്കുണ്ട്. അതിൽ നാവിഗേഷന് വേണ്ടിയുള്ളതും മെയിന്റനൻസിന് വേണ്ടിയുള്ളതും ഉൾപ്പെടുന്നു. ഇത് കൂടാതെ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിന് സഹായകരമായ രീതിയിലുള്ള സാറ്റ്ലൈറ്റുകളും വിക്ഷേപിക്കുന്നു. ഇതിനെയൊക്കെ നിയന്ത്രിക്കുന്നത് സോഫ്റ്റ്‌വെയറുകളാണ്. ഇവയുടെ എല്ലാം സംരക്ഷണത്തിന് സൈബർ സുരക്ഷ അതിപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.