ഐ.എസ്.ആർ.ഒ ജോലി വാഗ്ദാനം: പണം തട്ടിയ കേസിൽ പ്രതി പിടിയിൽ
text_fieldsനെടുമങ്ങാട്: വലിയമല ഐ.എസ്.ആർ.ഒയിൽ ജോലി വാങ്ങി നൽകാമെന്നുപറഞ്ഞ് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതി പിടിയിൽ. തൊളിക്കോട് വേങ്ങക്കുന്ന് മുരുകവിലാസത്തിൽ ജി. മുരുകനെ(55)യാണ് വലിയമല പൊലീസ് പിടികൂടിയത്. പ്രതി നെടുമങ്ങാട്ടെ ഒരു ബാറിൽ എത്തിയ സമയം പണം കൊടുത്ത ഒരു വ്യക്തി പിടികൂടി നെടുമങ്ങാട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് ഇയാളെ വലിയമല സ്റ്റേഷന് കൈമാറി. കരാർ വ്യവസ്ഥയിൽ വലിയമല ഐ.എസ്.ആർ.ഒയിൽ ജോലി വാങ്ങി നൽകാമെന്നായിരുന്നു വിശ്വസിപ്പിച്ചിരുന്നത്. ഇയാളുടെ വലയിൽ വീണ ഇരുപത്തഞ്ചോളംപേർ വലിയമല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് പലരിൽനിന്നും പല തവണയായാണ് പണം വാങ്ങിയതത്രെ.
ജോലിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് സമാധാനിപ്പിക്കും. തുടർന്ന് ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോൾ തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ചിലർ ഇയാൾക്കെതിെരെ കേസ് കൊടുക്കുകയായിരുന്നു. പക്ഷേ, പണം നൽകിയ തെളിവില്ലെന്നുപറഞ്ഞ് വലിയമല പൊലീസ് എഫ്.ഐ.ആർ ഇടാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ കോടതിയിൽ മൂന്ന് സി.എം.പി ഫയൽ ചെയ്ത് പൊലീസിനെക്കൊണ്ട് കേസ് എടുപ്പിക്കുകയായിരുന്നു.
തട്ടിപ്പ് പുറത്തായതോടെ പല സ്ഥലങ്ങളിൽ നിന്നായി നിരവധി പേർ പരാതിയുമായി എത്തുകയാണ്. മാധ്യമവാർത്തകൾ പുറത്തുവന്നാൽ കൂടുതൽ പരാതി ലഭിക്കാൻ സാധ്യതയുണ്ടെന്നും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും വലിയമല പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.