ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന: പതിമൂന്നാം പ്രതി മാത്യു ജോണിനെ ചോദ്യം ചെയ്തു
text_fieldsകോഴിക്കോട്: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ പതിമൂന്നാം പ്രതിയെ സി.ബി.ഐ ചോദ്യം ചെയ്തു. ഇന്‍റലിജൻസ് ബ്യൂറോ മുൻ ജോയിന്‍റ് ഡയറക്ടർ ആയിരുന്ന മാത്യു ജോണിനെയാണ് ചോദ്യം ചെയ്തത്. സി.ബി.ഐ ഡൽഹി സംഘം കോഴിക്കോട് എത്തിയാണ് ചോദ്യം ചെയ്തത്.
ചാരക്കേസ് അന്വേഷണവേളയിൽ നമ്പി നാരായണൻ, ശശി കുമാർ അടക്കമുള്ളവരെ ഐ.ബി. മുൻ ജോയിന്‍റ് ഡയറക്ടറായിരുന്ന മാത്യു ജോൺ ചോദ്യം ചെയ്തിരുന്നു. മാത്യു ജോണിനെതിരെ നമ്പി നാരായണൻ സി.ബി.ഐക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. ഈ മൊഴിയുടെ അന്വേഷണത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.
ചാരക്കേസ് ഗൂഢാലോചനയിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ അടക്കമുള്ളവർ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ഊർജിതമാക്കിയത്. ഗൂഢാലോചന കേസിൽ സുപ്രീംകോടതി നിർദേശം ലഭിച്ചതിന് പിന്നാലെ ഐ.ബി. മുൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ.വി. തോമസിനെ ചോദ്യം ചെയ്തിരുന്നു.
ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസിനെയും ആര്‍.ബി. ശ്രീകുമാറിനെയും നാലും ഏഴും പ്രതികളാക്കിയാണ് സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സിബി മാത്യൂസിനും ആര്‍.ബി. ശ്രീകുമാറിനും പുറമെ സിറ്റി പൊലീസ് കമീഷണറായിരുന്ന വി.ആര്‍ രാജീവന്‍, കെ.കെ. ജോഷ്വ അടക്കം കേരളാ പൊലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം 18 പേർ കേസില്‍ പ്രതികളാണ്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.
ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിലെ ഒന്നും രണ്ടും പ്രതികളായ മുൻ സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടർ എസ്. വിജയൻ, എസ്.ഐ ആയിരുന്ന തമ്പി എസ്. ദുർഗാദത്ത് എന്നിവർക്ക് ഹൈകോടതി നേരത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൂടാതെ, കേന്ദ്ര ഇന്റലിജന്‍സില്‍ ഓഫിസറായിരുന്ന 11ാം പ്രതി പി. എസ്. ജയപ്രകാശിനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവിന്റെ കാലാവധി കോടതി വീണ്ടും നീട്ടുകയും ചെയ്തു.
മുൻ സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടർ എസ്. വിജയൻ നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1994ല്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.