ചാരക്കേസിൽ സിബി മാത്യൂസിൻെറ മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് മറിയം റഷീദയും ഫൗസിയ ഹസനും
text_fieldsതിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരവൃത്തി ഗൂഢാലോചന കേസില്‍ പ്രതിയായ മുൻ ഡി.ജി.പി സിബി മാത്യൂസിെൻറ മുന്‍കൂർ ജാമ്യാപേക്ഷയെ എതിർത്ത് ഇരകളും മാലി സ്വദേശികളുമായ മറിയം റഷീദയും ഫൗസിയ ഹസനും. കേസിൽ കക്ഷിചേരാനുള്ള ഇവരുടെ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. സിബി മാത്യൂസ്, മുൻ എസ്.പി കെ.കെ. ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
സിബി മാത്യൂസിന് ജാമ്യം നല്‍കരുതെന്ന പരാതിക്കാരനായ നമ്പി നാരായണെൻറ ഹരജിയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചു. ചാരക്കേസ് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് എന്നനിലയില്‍ ഐ.ബിയുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നുമാണ് സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നത്. ഫൗസിയ ഹസെൻറയും മറിയം റഷീദയുടെയും മൊഴികളില്‍നിന്നാണ് ചാരവൃത്തി നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ചത്. ഇവരുടെ നെറ്റ്വര്‍ക്കുകളും കണ്ടെത്തിയിരുന്നു. ഇവരുമായുള്ള നമ്പി നാരായണെൻറ ബന്ധവും ബോധ്യപ്പെട്ടിരുന്നെന്നും ഹരജിയില്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നാണ് സിബി മാത്യൂസിെൻറ വാദം. എന്നാല്‍, മനഃപൂര്‍വം സിബി മാത്യൂസ് തന്നെ കേസില്‍ കുടുക്കുകയായിരുന്നെന്നും അതിനാൽ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് നമ്പി നാരായണെൻറ വാദം. ഇതേ ആരോപണങ്ങൾ ഉന്നയിച്ചാണ് മാലി വനിതകളും കേസിൽ കക്ഷിചേരാൻ അപേക്ഷ സമർപ്പിച്ചത്.
സിബി മാത്യൂസിെൻറ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിയെങ്കിലും അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് തുടരും. ഒന്നും രണ്ടും പ്രതികളായ പേട്ട മുൻ സി.ഐ എസ്. വിജയൻ, വഞ്ചിയൂർ എസ്.ഐ തമ്പി എസ്. ദുർഗാദത്ത് എന്നിവരുടെ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കുകയാണെന്നും ഇതിൽ വിധി വന്നശേഷമേ ജില്ല കോടതി ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുള്ളൂ എന്നുമുള്ള വാദംകൂടി പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ മാറ്റിയത്. മുൻ പൊലീസ്, ഐ.ബി ഉദ്യോഗസ്ഥരടക്കം 18 പേരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.