ആർ.സി-ഡ്രൈവിങ് ലൈസൻസ് വിതരണം; സർക്കാർ ഉറപ്പുനൽകി, പ്രതിസന്ധി അയയുന്നു
text_fieldsതിരുവനന്തപുരം: തപാൽ വകുപ്പിനുള്ള കുടിശ്ശികയുടെ പേരിൽ മുടങ്ങിയ ആർ.സി- ഡ്രൈവിങ് ലൈസൻസുകളുടെ വിതരണം പുനഃസ്ഥാപിക്കുന്നു. ധനവകുപ്പ് ഇടപെടലിനെ തുടർന്നാണ് പ്രതിസന്ധി നീങ്ങുന്നത്. തപാൽവകുപ്പുമായി നടന്ന ചർച്ചയിൽ, കുടിശ്ശികയായ 2.84 കോടി രൂപ മൂന്ന് ദിവസത്തിനുള്ളിൽ അനുവദിക്കാമെന്ന സർക്കാർ ഉറപ്പിലാണ് വിതരണത്തിന് വഴിയൊരുങ്ങിയത്. ഇതോടെ നവംബർ ഒന്ന്, രണ്ട് തീയതികളിൽ അയക്കേണ്ട ആർ.സികളും ഡ്രൈവിങ് ലൈസൻസും തപാൽവകുപ്പ് ശനിയാഴ്ച ഏറ്റെടുത്തതായി ഗതാഗതമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അതേസമയം, മൂന്നാം തീയതി മുതലുള്ളവ എറണാകുളത്ത് കെട്ടിക്കിടക്കുകയാണ്.
കുടിശ്ശിക ധനവകുപ്പ് അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണമുള്ളതിനാൽ പ്രത്യേക അനുമതിയോടെയേ പാസാക്കാനാകൂ. ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാൽ തിങ്കളാഴ്ചയേ നടപടിയുണ്ടാകൂ.
പ്രതിദിനം 10,000-15,000 ആർ.സി-ഡ്രൈവിങ് ലൈസൻസ് കാർഡുകളാണ് തപാൽവകുപ്പ് വഴി അയക്കുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള തപാൽ ഫീസിനത്തിലെ കുടിശ്ശികയാണ് 2.84 കോടി. ഒക്ടോബർ മാസത്തിലേത് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുകൂടി ചേരുമ്പോൾ തുക വീണ്ടും ഉയരും. എന്നാൽ ഇതടക്കം ഉൾപ്പെടുത്തിയാണ് ധനവകുപ്പ് തുക അനുവദിച്ചതെന്നാണ് വിവരം.
നേരേത്ത അപേക്ഷക്കും അനുബന്ധരേഖകൾക്കുമൊപ്പം 41 രൂപയുടെ തപാൽ സ്റ്റാമ്പ് ഒട്ടിച്ച കവർ ഉൾപ്പെടെയാണ് മോട്ടോർ വാഹനവകുപ്പ് വാങ്ങിയിരുന്നത്. എന്നാൽ അപേക്ഷകൾ ഓൺലൈനിലേക്ക് മാറിയതോടെ തപാൽ ഫീസ് ഇനത്തിൽ 41ന് പകരം 45 രൂപയാണ് ഈടാക്കുന്നത്. അപേക്ഷകരിൽനിന്ന് ഫീസും നാലുരൂപ അധികവും വാങ്ങിയ ശേഷം വിതരണം വൈകിയത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടപടികൾ പൂർത്തിയായെന്നും തപാലിൽ അയച്ചെന്നും മൊബൈൽ ഫോണിൽ സന്ദേശമെത്തുന്നുണ്ടെങ്കിലും ൈകയിൽ കിട്ടാഞ്ഞതോടെ ആളുകൾ ആശയക്കുഴപ്പത്തിലായിരുന്നു.
ഏപ്രിലിലാണ് ലൈസൻസ് അച്ചടി എറണാകുളത്തേക്ക് മാറ്റിയത്. കഴിഞ്ഞമാസം നാലുമുതൽ മുഴുവൻ ആർ.ടി, സബ് ആർ.ടി ഓഫിസുകളിലെയും ആർ.സി തയാറാക്കുന്നത് ഇവിടെയാണ്. ഇവ ഓരോ ദിവസവും തപാൽവകുപ്പ് ശേഖരിച്ച് പിറ്റേന്നുതന്നെ ബന്ധപ്പെട്ട വിലാസത്തിൽ സ്പീഡ് പോസ്റ്റിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.