പിടിവള്ളിയില്ലാതെ ബി.ജെ.പി; പരാജയം തിരികൊളുത്തുക പൊട്ടിത്തെറിക്ക്
text_fieldsതിരുവനന്തപുരം: പാലക്കാട്ടെ അപ്രതീക്ഷിത പ്രഹരത്തിന്‍റെ ആഘാതം ബി.ജെ.പി രാഷ്ട്രീയത്തിൽ തിരികൊളുത്തുന്നത് വലിയ പൊട്ടിത്തെറിക്ക്. മൂന്നിടത്ത് ഉപതെരഞ്ഞെടുപ്പ് നടന്നതിൽ മറ്റ് ഇരുകൂട്ടരും കൃത്യമായി അവകാശപ്പെടാവുന്ന നേട്ടങ്ങൾ അകൗണ്ടിലുറപ്പിച്ചപ്പോൾ പറഞ്ഞുനിൽക്കാൻ പിടിവള്ളി പോലുമില്ലാത്തനിലയിലാണ് ബി.ജെ.പിയുടെ അടിതെറ്റൽ. നിയമസഭ തെരഞ്ഞെടുപ്പ് കഴിയും വരെ കെ. സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറേണ്ടതില്ലെന്നായിരുന്നു പാർട്ടിക്കുള്ളിലെ ധാരണയെങ്കിലും ഉപതെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തോടെ നേതൃമാറ്റ ആവശ്യം ബി.ജെ.പിയിൽ സജീവമാകും. അസ്വാരസ്യത്തിന്‍റെ സൂചനകൾ ഇതിനോടകം പുറത്തുവരുകയും ചെയ്തുകഴിഞ്ഞു. പാലക്കാട്ടെ പരാജയപ്പെട്ടതിന് കാരണം കെ. സുരേന്ദ്രനോട് ചോദിക്കണമെന്ന ഒന്നിലധികം നേതാക്കളുടെ പരാമർശവും ‘പാർട്ടി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവ ചിന്തക്ക് വിധേയമാക്കു’മെന്ന സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റുമെല്ലാം പുകയുന്ന അതൃപ്തിയുടെ പ്രതിഫലനങ്ങളാണ്.
തെരഞ്ഞെടുപ്പിന്‍റെ നിർണായക ഘട്ടത്തിൽ സന്ദീപ് വാര്യർ പാർട്ടി വിട്ടതും ബി.ജെ.പിക്ക് വലിയ ക്ഷീണമായി എന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. വാര്യർ പോയാൽ പാർട്ടിക്കൊന്നും സംഭവിക്കില്ലെന്നായിരുന്നു ആത്മവിശ്വാസമെങ്കിൽ അത് അസ്ഥാനത്തായി എന്നാണ് ജനവിധി അടിവരയിടുന്നത്. സന്ദീപിനെ പാർട്ടിയിൽ പിടിച്ചുനിർത്താനുള്ള ഇടപെടലൊന്നും നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന വിമർശനവും കനക്കുകയാണ്. ആറു മാസം മുമ്പ് നടന്ന തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സ്വഭാവിക അനുരണനങ്ങൾ പാലക്കാടും ആവർത്തിക്കുമെന്നതായിരുന്നു മറ്റൊരു കണക്കുകൂട്ടൽ. ഇതുണ്ടായില്ലെന്ന് മാത്രമല്ല, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യം പോലും പാലക്കാട് മണ്ഡലത്തിൽ പ്രതീക്ഷിച്ച രീതിയിൽ ഉണ്ടായില്ലെന്ന വിമർശനവും നേതാക്കൾക്കിടയിലുണ്ട്.
മാത്രമല്ല, ആറു മാസം മുമ്പ് പാലക്കാട് ലോക്സഭ മണ്ഡലത്തിൽ താൻ നേടിയ വോട്ടുപോലും നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സി. കൃഷ്ണകുമാറിന് സ്വന്തമാക്കാനായില്ല. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ടും ഭിന്നതയുണ്ടായിരുന്നു. എന്നാൽ 2016ൽ ശോഭ നേടിയ വോട്ടിനൊപ്പം കൃഷ്ണകുമാറിന് എത്താനായിട്ടില്ല. മുനമ്പം വിഷയം ബി.ജെ.പി സജീവ ചർച്ചയാക്കിയിട്ടും വയനാട് മണ്ഡലത്തിൽ ഇതിന്‍റെ ഗുണഫലങ്ങൾ ലഭിച്ചില്ലെന്നതാണ് മറ്റൊന്ന്. കഴിഞ്ഞ തവണത്തേക്കാൾ വോട്ടും വയനാട്ടിൽ കുറഞ്ഞു. അതേ സമയം സംസ്ഥാന നേതൃത്വം കാര്യമായി ശ്രദ്ധിക്കാതിരുന്ന ചേലക്കരയിൽ വോട്ടിൽ നേരിയ വർധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.