ഐ.എൻ.എൽ പ്രവർത്തക സമിതിയിൽ ബഹളം
text_fieldsകോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗ് (ഐ.എൻ.എൽ) സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ വാക്പോരും ബഹളവും. കൈയാങ്കളിയുടെ വക്കോളമെത്തിയ തർക്കം മുതിർന്ന നേതാക്കൾ ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു.
ചില നേതാക്കളുടെ ശൈലികൾക്കും പ്രവർത്തനങ്ങൾക്കുമെതിരെയാണ് വിമർശനമുയർന്നത്. സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പരസ്പര വിശ്വാസമില്ലാതെ പെരുമാറുന്നതായി അംഗങ്ങൾ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ സംബന്ധിച്ചും വിമർശനമുയർന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ട്രഷറർ ബി. ഹംസ ഹാജി എന്നിവരുൾപ്പെട്ട സമിതിയെ നിയോഗിച്ചു. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ മൂന്നു ഭാരവാഹികളെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യും. നാഷനൽ സെക്കുലർ കോൺഫറൻസ് നേതാക്കൾക്ക് ഐ.എൻ.എല്ലിൽ അർഹമായ പ്രാതിനിധ്യം നൽകാത്തതിലും വിമർശനമുയർന്നു.
ജൂലൈയിൽ അംഗത്വ കാമ്പയിൻ പൂർത്തിയാക്കാൻ തീരുമാനിച്ചു. ഇബ്രാഹിം സുലൈമാൻ സേട്ടിെൻറ ജന്മശതാബ്ദി നവംബർ മൂന്നുമുതൽ ഒരു വർഷം ആഘോഷിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സ്ഥാന പ്രസിഡൻറ് എ.പി അബ്ദുൽ വഹാബ് അധ്യക്ഷനായിരുന്നു.
കാസിം ഇരിക്കൂർ സ്വാഗതവും എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു. ഡോ. എ. അമീൻ, എ.എം ഫക്രുദീൻ ഹാജി, നിഷ ബിനു, അഡ്വ. ഷമീർ പയ്യനങ്ങാടി, ഒ.പി. കോയ, എൻ.കെ. അബ്ദുൽ അസീസ്, എം.എം മാഹിൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.