എം.ഇ.എസിലെ ഭിന്നത മറനീക്കി; ആരോപണ-പ്രത്യാരോപണങ്ങളുമായി സംസ്ഥാന നേതാക്കൾ
text_fieldsമലപ്പുറം: ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂറിനും ജനറൽ സെക്രട്ടറി പ്രഫ. ടി.ഒ.ജെ. ലബ്ബക്കുമെതിരെ ഹൈകോടതി നിർദേശപ്രകാരം കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തതിന് പിന്നാലെ സംഘടനയിലെ ഭിന്നത മറനീക്കി പുറത്ത്.
പ്രസിഡൻറും സെക്രട്ടറിയും സ്ഥാനങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് സംസ്ഥാന സെക്രട്ടറി ഡോ. എൻ.എം. മുജീബ് റഹ്മാൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഫണ്ട് വകമാറ്റിച്ചെലവഴിച്ചിട്ടില്ലെന്നും തുടർന്ന് വാർത്തസമ്മേളനം നടത്തിയ ഫസൽ ഗഫൂർ വ്യക്തമാക്കി.
എന്നാൽ, ഫസൽ ഗഫൂറും ടി.ഒ.ജെ. ലബ്ബയും സ്ഥാനങ്ങൾ രാജിവെച്ച് മാറിനിന്നാലേ കൃത്യമായ അന്വേഷണം നടക്കൂവെന്നും സംഘടനയിൽ ജനാധിപത്യം കുറവാണെന്നും മുജീബ് റഹ്മാൻ പറഞ്ഞു. ആദ്യമായാണ് നേതാക്കൾ ഇത്തരം നടപടി നേരിടുന്നത്. കേസ് നടത്തിപ്പ് ചെലവ് എം.ഇ.എസ് ഫണ്ടിൽ നിന്നെടുക്കരുത്. തനിക്കെതിരെ ആരോപണവുമുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകണം.
ഏത് അന്വേഷണവും സ്വാഗതം ചെയ്യും. കൺസ്ട്രക്ഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബ്ദുൽ ജബ്ബാറും ഒപ്പമുണ്ടായിരുന്നു.അതേസമയം, പത്തുവർഷം മുമ്പ് എം.ഇ.എസിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസിലേക്ക് നയിച്ച കാര്യങ്ങളുണ്ടായതെന്ന് ഫസൽ ഗഫൂർ പറഞ്ഞു. ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകിയ പണം ഇടപാട് നടക്കാതെ സംഘടനക്ക് തിരിച്ചുകിട്ടിയതാണ്.
ചെക്ക് വഴിയാണ് പണം കൊടുത്തതും വാങ്ങിയതും. നിർവാഹക സമിതിയിൽ ചർച്ച ചെയ്താണ് എല്ലാം ചെയ്തത്. പരാതിക്കാരനായ എം.കെ. നവാസിനെ എം.ഇ.എസിൽനിന്ന് പുറത്താക്കിയതാണ്. ആദ്യം കോടതിയിൽ പോയപ്പോൾ കേസെടുക്കാനാവില്ലെന്ന് പറഞ്ഞ് തള്ളിയിരുന്നു. പിന്നീടാണ് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ കേസന്വേഷണം നടക്കുന്നതിനിടെ ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പരാതി കൊടുത്തത്. കോടതി എം.ഇ.എസിെൻറ ഭാഗം കേട്ടില്ല.
ആരോപണമുന്നയിക്കുന്ന സംസ്ഥാന സെക്രട്ടറി ഡോ. എൻ.എം. മുജീബ് റഹ്മാൻ ഇക്കാലയളവിലെല്ലാം കമ്മിറ്റിയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.