ജീവിതത്തിൽ ഒറ്റപ്പെട്ട 12 വനിതകൾക്ക് വീടു നൽകി ഐ.ടി കമ്പനി
text_fieldsകഴക്കൂട്ടം: ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ 10 വനിതകൾക്ക് വീട് നിർമിച്ചു നൽകി ടെക്നോപാർക്കിലെ എച്ച് ആൻഡ് ആർ ബ്ലോക്ക് ജീവനക്കാർ. ഐ.ടി ജോലിക്കിടെ നന്മ വറ്റാത്ത എച്ച് ആൻഡ് ആർ ബ്ലോക്കിലെ ജീവനക്കാർ ഇതുവരെ നിർമിച്ചു നൽകിയത് 10 വീടുകൾ.
രണ്ടു വീടുകളുടെ കൂടി നിർമാണം നടന്നുവരികയാണ്. ഇതോടെ ജീവിതത്തിൽ മറ്റൊരു ആശ്രയവുമില്ലാതെ ഒറ്റക്ക് പടവെട്ടി ജീവിതം നയിക്കുന്ന 12 വനിതകൾക്കാണ് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. വീടുകൾ നൽകുന്നത് സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വനിതകൾക്കാണെന്ന പ്രത്യേകതയും ഉണ്ട്.
ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ആസ്ഥാനമായുള്ള ഐ.ടി കമ്പനിയായ എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ ലിമിറ്റഡ് കേരളത്തിലെ നിർധനരായ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്ക് വേണ്ടി നടപ്പാ ക്കുന്ന ‘ബ്ലോക്ക് ഷെൽറ്റർ’ എന്ന ഭവന പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നിർമിച്ചു നൽകുന്നത്.
ലഭിക്കുന്ന അപേക്ഷകൾ 23 അംഗ പ്രത്യേക ടീം പരിശോധിച്ചാണ് അർഹരായവരെ കണ്ടെത്തുന്നത്. ഇതുവരെ തിരഞ്ഞെടുത്തവരെല്ലാം നിരാലംബരായ വനിതകളായിരുന്നു. 500 മുതൽ 700 വരെ സ്ക്വയർഫീറ്റ് വീടുകളാണ് നിർമിച്ചു നൽകിയത്.
വീട് നിർമിച്ച് താക്കോൽ കൈമാറുമ്പോൾ അവരുടെ കണ്ണുകളിൽ നിറയുന്ന ആനന്ദമാണ് ഞങ്ങളുടെ പ്രചോദനമെന്നും ഈ സമൂഹത്തിൽ അവർ ഒറ്റയ്ക്കല്ല എന്ന ആത്മവിശ്വാസവും പകർന്നു നൽകുന്നതായും കമ്പനിയുടെ അസോസിയേറ്റ് ഡയറക്ടർ ദിലീപ് നായർ പറഞ്ഞു.
ഓരോ വർഷവും ഓരോ വീട് നിർമിച്ചു നൽകാനാണ് പദ്ധതി ഇട്ടിരുന്നതെങ്കിലും നാലുവർഷം കൊണ്ട് പത്തു വീടുകൾ പൂർത്തീകരിച്ച് നൽകാൻ കഴിഞ്ഞു. കമ്പനിയുടെ സി.എസ്.ആർ ഫണ്ടിനു പുറമേ ജീവനക്കാർ നൽകുന്ന തുകകൾ ചേർത്തുവെച്ചാണ് വീടു നിർമാണം.
മെഡിക്കൽ ക്യാമ്പുകൾ, അത്ലറ്റുകൾൾക്കുള്ള സഹായം, വിദ്യാഭ്യാസ സഹായം, പാലിയേറ്റിവ് കേന്ദ്രങ്ങൾക്ക് മരുന്നുകൾ എന്നിവയും കമ്പനിയുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.